Tuesday, April 21, 2015

ശതമാനം

എന്തുവാടേ പമ്മിപത്തുങ്ങി നില്‍ക്കുന്നത്?
ഒന്നൂല്ല സര്‍, ഒന്നൂല്ല
എന്നാലും എന്തോ നിന്റെ മനസ്സിനെ മഥിക്കുന്നുണ്ട്. എനി മന്മഥ ലീല?
നോ സര്‍ നോ..
അതെന്ത് അപ്പറത്തെ കൊമ്പിലെ വേതാളിണി കണ്ണു കൊണ്ടു കടുകു വറക്കുന്നത് നിര്‍ത്തിയോ? നീലലോചനങ്ങളില്‍ സ്വപ്നമസ്തമിച്ചോ? 
വിക്രം സര്‍..അതല്ല. ഗണിതമാണ് പ്രശ്നം..
ങ്ങേ? നിന്നെ ആരാവാഹിച്ച്? ആവേശിച്ച്..
അല്ല സര്‍, ആ പരീക്ഷേടെ ശതമാനം.
അതാരുന്നോ?
ഇതിലും ഭേദം എല്ലാരേം ജയിപ്പിക്കുന്നതാരുന്നു. 
ഡായ് ഓഫ് ലേറ്റ് വിജയം ഒരക്കാഡമിക പ്രവര്‍ത്തനമല്ല. ഒരു സാമ്പത്തിക പ്രവര്‍ത്തനമാണ്.
ഹൌ കംസ് വിക്രം സര്‍, ഹൌ കംസ്?
കളയിക്കാവിള മുതല്‍ പാറശ്ശാലവരെ പരന്നു കിടക്കുന്ന പ്ലസ്സ് ടൂ സ്കൂളുകളുടെ എണ്ണം നിനക്കറിയോ?
ഇല്ല.
വേണ്ട, ഒരു മാനേജ്മെന്റ് പ്ലസ്സ് ടൂ സ്കൂളില്‍ അദ്ധ്യാപഹയന്‍ എന്ന പഹയനാവാന്‍ കൈമടക്ക് എത്രാന്നു നിനക്കറിയോ? 
ഇല്ല. 
പിള്ളേരു തികഞ്ഞില്ലെങ്കില്‍ ആ പഹയനെന്തു സംഭവിക്കുന്നു നിനക്കറിയോ?
അതറിയാം. പഹയന്‍ പുകയും. ജോലി പോവും, പിന്നെന്നെ പോലെ ഏതേലും മരക്കൊമ്പില്‍ തലേംകുത്തിതൂങ്ങിക്കിടക്കേണ്ടി വരും.
ഡാ വാഴ വെക്കുന്നത് സാമ്പത്തിക പ്രവര്‍ത്തനമാണെന്ന് കേട്ടിട്ടൊണ്ടോടേ?
ഇല്ല.
ചിത്രശലഭത്തിന്റെ ചിറകടിയില്‍ സുനാമി ഒളിഞ്ഞിരിക്കുന്നുവെന്നും?
ഹംച്ചീ..അതുക്കും പരൂക്ഷയ്ക്കുമെന്ത്?
നാടു നീളെക്കിടക്കുന്ന സ്വാശ്രയത്തില്‍ സീറ്റിലിച്ചരിക്കാന്‍ തുടങ്ങീട്ടു കാലമേറെയായി. ഈച്ചേയൊടിക്കാന്‍ പിള്ളേരെവിടുന്നു വരണം?
പ്ലസ്സ് ടൂ കഴിഞ്ഞ്. അപ്പം സര്‍ക്കാര് സ്ഥാപനം?
കുടുംബത്ത് കഞ്ഞികുടിക്കാന്‍ വകയുള്ളവന്‍ വല്ലോം സര്‍ക്കാരു ഫീസു കൊടുക്കുന്നിടത്തു പോവൂല്ലെടേ. അവന്റെ ഈഗോയും വാനിറ്റിയും അതു സമ്മതിക്കൂല്ല. ഗള്‍ഫുതമ്പുരാന്‍മാരും തിരിമറീം സഹായിച്ച് നാട്ടിലു കയ്യില്‍ കായില്ലാത്തവന്‍ കുറയും. വല്ല തുണിക്കടേലും തപ്പണം.
അപ്പം...
അപ്പവും കുപ്പവുമൊന്നുമല്ലെടേ. നാലു കാശ് സ്ത്രീധനം വാങ്ങുന്നതും വീടും വീതവും വാങ്ങുന്നതുമടക്കമുള്ള നിക്ഷേപം കൂടാ സ്വാശ്രയം. മറ്റൊരു സാമ്പത്തിക പ്രവര്‍ത്തനം..
ങ്ങേ?
നീ നേരത്തെ പറഞ്ഞ വാഴേം ശലഭത്തേം കൂട്ടി വായിച്ചാ പ്രശ്നം തീരും..
അപ്പം വിദ്യാഭ്യാസം.
പല അഭ്യാസത്തിലൊരഭ്യാസം. പക്ഷേ
എന്താണു പക്ഷേ?
പണ്ടു ഒരു ഗതീംപരഗതീമില്ലാത്ത മലയാളിക്ക് നാലക്ഷരം ഒരു രക്ഷാമാര്‍ഗ്ഗമാരുന്നു. ഇനി വന്ന കാലത്ത് ആ വഴിയില്ലാതെ പെരുവഴിയാവും.
ക്യോം വിക്രം സാര്‍ ക്യോം..
പഠിപ്പിച്ചും ജയിപ്പിച്ചും സമരിച്ചുമെല്ലാം കൂടെ ഈ പെണ്ണരശ്ശുനാട്ടീന്നു കയറ്റുമതി ചെയ്തോണ്ടിരുന്ന സാധനത്തിന്റെ ക്വാളിറ്റിയങ്ങു പോയി..സര്‍വത്രമായം.
ങ്ങേ.
ഡാ ഒരു വിപണിയാവുമ്പോ അവര്‍ക്കു മുടക്കുന്ന കാശിനു റിട്ടേണ്‍ വേണം. ക്വാളിറ്റിയെവിടുണ്ടോ അങ്ങോട്ടു ജനം പോവും. പിന്നല്ലേ എച്ചാറും റിക്രൂട്ട്മെന്റും.... പത്തു രൂപ മുടക്കി ചായകുടിക്കുന്നവന് വാട്ടവെള്ളം കലക്കിക്കൊടുത്താ ഗതിയെന്താവും?  അവരും പോവും..
അപ്പോ?
എളുപ്പവഴീക്രിയ ചെയ്യുന്നത് മാത്രം ഗണിതത്തീന്നു പഠിച്ചാലങ്ങനെ കുഴപ്പങ്ങളൊക്കെയുണ്ട്. അല്ലെങ്കിലേ കേരളത്തിനകത്തു പഠിച്ചുവളര്‍ന്നവരു, കൂടെ മാറാപ്പു പോലെ കൊണ്ടു നടക്കുന്നത് കുടഞ്ഞു കളയാതെ പൊതുവേ പ്രോഗ്രഷന്റെ ചാര്‍ട്ടു കാണാറില്ല.
ങ്ങേ?
വലിയ സ്ക്രീനുകളിലെ ഗെയിമുകളില്‍ മലയാളി സാന്നിധ്യം പൊതുവേ കുറവാടേ. സ്വാതന്ത്ര്യം മുതലിങ്ങോട്ടുള്ള രാഷ്ട്രീയമെടുത്ത് നോക്ക്. ബിസ്സിനസ്സെടുത്തു നോക്ക്.  ദല്‍ഹിയില്‍ ലൊട്ടുലൊടുക്കു പരിപാടികളല്ലാതെ നേരെ ചൊവ്വെ ക്ലച്ചു പിടിച്ചവരുടെ എണ്ണമെടുത്ത് നോക്ക്. വിരലിലെണ്ണാവുന്നവരൊഴിച്ചാല്‍ എന്താണ് കഥ?
അപ്പം
മലയാളിയെ ജനം വിലവെച്ചത് വിദ്യാഭ്യാസത്തിലാരുന്നു. അറിവിലാരുന്നു. ഈ വന്ന ഗൂഗിള്‍ കാലത്ത് മലയാളത്താന്, അതും പാതിവെന്ത കലത്തിലെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറിനു വലിയ സ്കോപ്പില്ല. 
അപ്പം പരീക്ഷ, ശതമാനം...
വരപ്പോന്ന ആ കാലത്തിന്റെ, ശലഭത്തിന്റെ ചിറകടി.  
ബൈ ദ ബൈ ഇന്നത്തെ നിന്റെ ടൈം കഴിഞ്ഞ്. 
അപ്പം ഞാനങ്ങട്..
ബൈ ദ ബൈ നാളെ വരുമ്പോ നെന്റെ പത്താം ക്ലാസ്സിലെ പാസ്സായ പൊത്തകം കൂടെടുത്തോ. 
അതെന്തരിനു സര്‍..
ഇത്രേം പറഞ്ഞതല്ലേ മോനേ വേതാളമേ. മരക്കൊമ്പില്‍ മറിമായമില്ലെന്നെന്തരു ഗ്യാരണ്ടി. വേറെ വേതാളത്തെ തപ്പണോന്നറിയാനാണ്....
സര്‍ര്‍‍...
അപ്പം സ്ഥലം കാലിയാക്ക്.
ഞാനന്തരിച്ചു. 
ഇവിടുന്നു വേണ്ട കൊമ്പേ ചെന്നിട്ടു മതി.





1 comments:

  • ajith says:
    April 21, 2015 at 6:47 AM

    100%ത്തിലേയ്ക്ക് ഒരു കല്ലേറ് ദൂരം മാത്രം

Post a Comment