Thursday, April 9, 2015

അനുഷ്ടാനം

ഗുഡ്മോണിങ്ങ് സര്‍..
വിവരം കെട്ടവനേ. വേതാളമേ..
ങ്ങേ? ഗുഡ് മോണിങ്ങ് പറയുമ്പം തിരിച്ചും ഗുഡ്മോണിങ്ങ് പറയണം. അല്ലാതെ ചീത്തവിളി കൂടു തുറന്നു വിടുവല്ല വിക്രം സര്‍
തലേംകുത്തിക്കിടന്നിട്ടും തലയ്ക്കകത്താള്‍താമസമില്ലാത്തവനേ.. ഇന്ത്യന്‍ ടൈം സോണില്‍ ഇംഗ്ലണ്ടില്‍ കിടക്കുന്നവനോട് ഗുഡ്മോണിങ്ങ് പറയുന്നവനെ തൊട്ടാല്‍ കുളിക്കണം.
അതിപ്പം.
എന്തുവാടേ പ്രശ്നം..
ഒന്നൂല്ല.
ഒന്നൂല്ലത്താത് ഒരു പ്രശ്നമല്ലെടേ..
ങ്ങേ? അതല്ല..
പിന്നേത്?
ഹര്‍ത്താല്..
ഹര്‍ത്താലിനെന്തരെടേ? കേരളത്തിലെ അനുഷ്ടാനകല, തനതു കലാരൂപം ഇത്തവണേം പതിവു പോലെ കള്ളും കോഴിയും ചീട്ടുകളിയുമായി കൊണ്ടാടിയില്ലേ?
കൊണ്ടും കൊള്ളാതെയുമാടി..
പിന്നെന്തോന്ന് വൈക്ലബ്യം?
അതല്ല, ഈ നേതാക്കന്മാര്‍ക്ക് ഹര്‍ത്താലു വരൂല്ലേ?
ഡാ പോസ്റ്റ് ഓഫീസിനു മുന്നില്‍ നോ അഡ്മിഷനെന്നെഴുതി വെച്ചേക്കുന്നത് പോസ്റ്റ് മാസ്റ്റര്‍ക്ക് ബാധകമാണോ?
അതല്ല.എന്നാലും?
പറയുന്നതെല്ലാം ചെയ്യുന്നൊരാളെ തിരഞ്ഞു ഞാന്‍ കുഴഞ്ഞ് എന്നൊരു ഗാനശകലം നീ കേട്ടിട്ടൊണ്ടോ?
ഉണ്ടേല്‍?
കിത്താബിലെ രാഷ്ട്രീയമല്ല പ്രായോഗിക രാഷ്ട്രീയം. ബൂത്തു തലം മുതല്‍ ജനത്തെയും അവരുടെ ഹിതത്തെയും മാനിപ്പുലേറ്റ് ചെയ്യണമെങ്കില്‍ ചില്ലറ മെനക്കേടു പോര.
അപ്പം ഈ ഹര്‍ത്താല് ഹര്‍ത്താലെന്നു പറയുന്നത്?
വര്‍ഗ്ഗ ബോധം തലയ്ക്കു പിടിക്കാതെ, ബുദ്ധിയുള്ള മനുഷ്യരു ചിന്തിക്കുന്നതു പോലെ ചിന്തിക്ക്. ഒരു ഏകാധിപത്യത്തില്‍ എന്താണ് സംഭവിക്കുന്നത്?
ക്യാ?
ഡാ മോളീന്നു നൂലേക്കെട്ടി കല്ലേ പിളര്‍ക്കുന്ന കല്പനകള്‍ വരുന്ന്. അനുസരിക്കുകയല്ലാതെ ജനത്തിനു മാര്‍ഗ്ഗമൊന്നുമില്ല.
ആമാം.
ഹര്‍ത്താലിലെന്താണ് സംഭവിക്കുന്നത്?
പ്രതിഷേധം?
മൈ ഫൂട്ട്.  നേരത്തെ പറഞ്ഞ  പോലെ നൂലേക്കെട്ടി ഹര്‍ത്താല്‍ കല്പന വരുന്നു.  ഇടതും വലതും തെക്കും പടിഞ്ഞാറുമായ ഏതേലും പാര്‍ട്ടി ഹര്‍ത്താലിനാഹ്വാനം ചെയ്യുുന്നു. ജനം കള്ളും കോഴീം വാങ്ങി വീടു പിടിക്കുന്നു. ചീട്ടു കളിക്കുന്നു.  ഹര്‍ത്താല്‍ സെല്‍ഫി എടുത്ത് അര്‍മാദിക്കുന്നു. ഫേസ്ബുക്കില്‍ പൂശുന്നു. അയല്‍പക്ക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഇതിനകത്തെവിടാണു വേതാള്‍ പ്രതിഷേധം?
അപ്പം ഹര്‍ത്താല്?
കേരളത്തിലെ പുതിയ തൊഴിലാളി വര്‍ഗ്ഗത്തിനു സര്‍ക്കാരുദ്യോഗസ്ഥനു ചിലവില്ലാതെ കിട്ടുന്ന അവധി.
അപ്പോ അവകാശങ്ങള്‍?
പ്രശ്നങ്ങള്‍ രാഷ്ട്രീയത്തിലെ തുടര്‍ക്കഥയാണനിയാ. കുറച്ചവകാശങ്ങള്‍ക്കു വേണ്ടി കുറേ ആളുകളുടെ സഞ്ചാരസ്വാതന്ത്ര്യമടക്കമുള്ള അവകാശങ്ങള്‍ നഷ്ടപ്പെടുത്തുന്നത്, ഹര്‍ത്താലടിച്ചേല്‍പ്പിക്കുന്നത് മറ്റൊരു രൂപത്തിലുള്ള ഫാസിസം തന്നാണ്.
അപ്പോ?
അപ്പോന്നൂല്ലെടേ. ലോകത്ത് വേറെവിടെ ആഹ്വാനിച്ചാലും തല്ലു കിട്ടുന്ന പീസാണ് ഈ ഹര്‍ത്താല്‍.
ങ്ങേ?
തന്നെടാ തന്നെ. നാട്ടീന്നു തിരിച്ചു വരുമ്പോ ഫ്ലൈറ്റ് ലേറ്റായി. ബോംബെ എയര്‍പോര്‍ട്ടിലു നാട്ടുകാരന്‍ സ്വാകാര്യ എയര്‍ലൈന്‍സിന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. പകരം കിട്ടിയ ഫ്ലൈറ്റ് അബുദാബീലെത്തിയപ്പോഴവിടേം താമസം.
എന്നിട്ട്?
അതേ നാട്ടുകാരന്‍ ഒരു വാക്കു പോലും അബ്യൂസാവാതിരിക്കാന്‍ ശ്രദ്ധിച്ച്, മാന്യമായി കാര്യം തിരക്കുന്നു.
ങ്ങേ?
ഡാ വചനം മാത്രമല്ല, സമരവും സാംസ്കാരികവും വ്യക്തിപരവും അല്ലാത്തതുമൊക്കെയായ സംസ്കാരത്തിനു ചേര്‍ന്നതാരിക്കും. അപരനു കൊടുക്കുന്ന വിലയുടെ പ്രശ്നം കൂടെ അതിലുണ്ട്.
അപ്പോ?
കൊച്ചുപിള്ളേര്‍ക്കിന്നിതു മതി. നീ പോയേച്ചും നാളെ രാവിലെ വാ. മനുഷ്യന്റെ ഉറക്കം മിനക്കെടുത്താന്‍.. ഡാ ഒരു ഹര്‍ത്താലാവുമ്പോ വിളിച്ചു പറഞ്ഞാലേ ഫലം കിട്ടു.
അതല്ല.
ചല്‍. സ്ഥലം കാലിയാക്ക്..
1 comments:

Post a Comment