Monday, April 27, 2015

മൂന്നാം കണ്ണ്

ഗുഡ് മോണിങ്ങ് വിക്രം സര്‍...
ഗുഡ് മോണിങ്ങാണെന്നു ബോധ്യം വരാന്‍ പദരേണു തേടിയലഞ്ഞു കേട്ടോണ്ടിരിക്കുമ്പോള്‍ ശല്യപ്പെടുത്താതെടേ..
അതെന്ത് പാടല്‍ സര്‍, എന്തു രാഗം?
അവരത്തിലും അനവസരത്തിലുമുപയോഗിക്കുന്ന കൃഷ്ണന്‍നായര്‍ വചനം. കോഴിയും മുട്ടയും ഒരു പ്ലേറ്റ് കഴിക്ക്. അതിരുക്കട്ടും. ഉന്നുടെ മൂഞ്ചി മേലെ എന്തര്? ഫേസ് മാസ്ക്?
മൂന്നാം കണ്ണ് ഡവലെപ്പ് ചെയ്യുവാ സര്‍. മനക്കണ്ണിലൂടെ വായിക്കുന്ന വിദ്യ.
എന്ത് തലവര?
എന്നു വെച്ചാല്‍?
എന്തു മൊടക്കുണ്ടെടേ നെന്റെയീ കണ്ണു കെട്ടിയുള്ള അഭ്യാസത്തിനു..
അതിപ്പം.
വേണ്ട പറയണ്ട. നിനക്ക് വായിക്കാനായി ഒരു വാക്കെഴുതട്ടും. കാശു മുടക്കിയതിനു ഗുണമുണ്ടോന്നു നോക്കട്ടും.
അതെന്തു വാക്ക്.
അതപ്പുറം പേശിടലാം. ഡാ ഇക്കണ്ട കാറും ബൈക്കുമൊക്കെ ഇറങ്ങുന്നതിനു മുന്‍പ് റോഡ് കാഴ്ചകളുടെയും കൂടെയാരുന്നു.
എന്നു വെച്ചാല്‍
ലൊട്ടുലൊടുക്ക്, ആനമയിലൊട്ടകം, ചെറുകിടമാജിക്ക്
ഫോറെക്സാമ്പിള്‍.
ട്യൂബ് തലയ്ക്കടിച്ചു പൊട്ടിക്കുക, സൈക്കിള്‍ അഭ്യാസം. ഞാണിന്മേല്‍ കളി. കണ്ണു കെട്ടി ബൈക്കോടിക്കുക.
അപ്പടിയാ?
ആമാടാ..കഞ്ഞികുടിക്കാന്‍ കഷ്ടപ്പെടുന്ന പാവങ്ങള്‍. ഏറിയാ മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ മാത്രം വരുമാനം..
ആമാം.
അതില്‍ കൂടുതല്‍ മാജിക്ക് കാണിക്കുന്നവര് ആള്‍ദൈവങ്ങളായി.
ങ്ങും..
അതിലും കൂടുതലു മാജിക്ക് കാണിച്ചവര് ആടുതേക്ക്മാഞ്ചിയവും ബ്ലേഡും വളര്‍ത്തി...
എന്നു വെച്ചാല്‍?
എല്ലായിടത്തേം ഉത്തമ സാധാരണ ഘടകം എന്തര്?
എന്ത്?
വല്ലവന്റേം പോക്കറ്റില്‍ കിടക്കുന്ന കാശ് സ്വന്തം പോക്കറ്റിലാക്കുന്ന ലളിത പ്രക്രിയക്കാണ് കച്ചവടം എന്നു പറയുന്നത്. ലൊട്ടുലൊടുക്കാണെങ്കിലും ആനമയിലൊട്ടകമാണെങ്കിലും. നീ കണ്ണു കെട്ടി മോട്ടോര്‍ സൈക്കിളോടിക്കുന്നത് കണ്ടിട്ടുണ്ടോ?
ഉണ്ട് ചെറുപ്പത്തിലെങ്ങാണ്ട്... വേതാളക്കാവിലെ ഉത്സവത്തിനു..
എന്നാ കണ്ണു തുറക്കാതെ ഈ തുണ്ടു കടലാസൊന്ന് വായീര്..
അത്..
എന്നാ കണ്ണു തുറന്നു വായിച്ചേച്ച് ഇന്നത്തേക്ക് നിഷ്ക്രമിക്ക്. ഇനഫ് തൊന്തരവ് ഫോര്‍ ദ ഡേ.
ങ്ങും..
നിന്നു പരുങ്ങാതൊച്ചത്തില്‍ വായിര്..
''വിഡ്ഡിക്കുശ്മാണ്ടം''
ഇനി അപ്രത്യക്ഷനാവ്.


Read more »

Tuesday, April 21, 2015

ശതമാനം

എന്തുവാടേ പമ്മിപത്തുങ്ങി നില്‍ക്കുന്നത്?
ഒന്നൂല്ല സര്‍, ഒന്നൂല്ല
എന്നാലും എന്തോ നിന്റെ മനസ്സിനെ മഥിക്കുന്നുണ്ട്. എനി മന്മഥ ലീല?
നോ സര്‍ നോ..
അതെന്ത് അപ്പറത്തെ കൊമ്പിലെ വേതാളിണി കണ്ണു കൊണ്ടു കടുകു വറക്കുന്നത് നിര്‍ത്തിയോ? നീലലോചനങ്ങളില്‍ സ്വപ്നമസ്തമിച്ചോ? 
വിക്രം സര്‍..അതല്ല. ഗണിതമാണ് പ്രശ്നം..
ങ്ങേ? നിന്നെ ആരാവാഹിച്ച്? ആവേശിച്ച്..
അല്ല സര്‍, ആ പരീക്ഷേടെ ശതമാനം.
അതാരുന്നോ?
ഇതിലും ഭേദം എല്ലാരേം ജയിപ്പിക്കുന്നതാരുന്നു. 
ഡായ് ഓഫ് ലേറ്റ് വിജയം ഒരക്കാഡമിക പ്രവര്‍ത്തനമല്ല. ഒരു സാമ്പത്തിക പ്രവര്‍ത്തനമാണ്.
ഹൌ കംസ് വിക്രം സര്‍, ഹൌ കംസ്?
കളയിക്കാവിള മുതല്‍ പാറശ്ശാലവരെ പരന്നു കിടക്കുന്ന പ്ലസ്സ് ടൂ സ്കൂളുകളുടെ എണ്ണം നിനക്കറിയോ?
ഇല്ല.
വേണ്ട, ഒരു മാനേജ്മെന്റ് പ്ലസ്സ് ടൂ സ്കൂളില്‍ അദ്ധ്യാപഹയന്‍ എന്ന പഹയനാവാന്‍ കൈമടക്ക് എത്രാന്നു നിനക്കറിയോ? 
ഇല്ല. 
പിള്ളേരു തികഞ്ഞില്ലെങ്കില്‍ ആ പഹയനെന്തു സംഭവിക്കുന്നു നിനക്കറിയോ?
അതറിയാം. പഹയന്‍ പുകയും. ജോലി പോവും, പിന്നെന്നെ പോലെ ഏതേലും മരക്കൊമ്പില്‍ തലേംകുത്തിതൂങ്ങിക്കിടക്കേണ്ടി വരും.
ഡാ വാഴ വെക്കുന്നത് സാമ്പത്തിക പ്രവര്‍ത്തനമാണെന്ന് കേട്ടിട്ടൊണ്ടോടേ?
ഇല്ല.
ചിത്രശലഭത്തിന്റെ ചിറകടിയില്‍ സുനാമി ഒളിഞ്ഞിരിക്കുന്നുവെന്നും?
ഹംച്ചീ..അതുക്കും പരൂക്ഷയ്ക്കുമെന്ത്?
നാടു നീളെക്കിടക്കുന്ന സ്വാശ്രയത്തില്‍ സീറ്റിലിച്ചരിക്കാന്‍ തുടങ്ങീട്ടു കാലമേറെയായി. ഈച്ചേയൊടിക്കാന്‍ പിള്ളേരെവിടുന്നു വരണം?
പ്ലസ്സ് ടൂ കഴിഞ്ഞ്. അപ്പം സര്‍ക്കാര് സ്ഥാപനം?
കുടുംബത്ത് കഞ്ഞികുടിക്കാന്‍ വകയുള്ളവന്‍ വല്ലോം സര്‍ക്കാരു ഫീസു കൊടുക്കുന്നിടത്തു പോവൂല്ലെടേ. അവന്റെ ഈഗോയും വാനിറ്റിയും അതു സമ്മതിക്കൂല്ല. ഗള്‍ഫുതമ്പുരാന്‍മാരും തിരിമറീം സഹായിച്ച് നാട്ടിലു കയ്യില്‍ കായില്ലാത്തവന്‍ കുറയും. വല്ല തുണിക്കടേലും തപ്പണം.
അപ്പം...
അപ്പവും കുപ്പവുമൊന്നുമല്ലെടേ. നാലു കാശ് സ്ത്രീധനം വാങ്ങുന്നതും വീടും വീതവും വാങ്ങുന്നതുമടക്കമുള്ള നിക്ഷേപം കൂടാ സ്വാശ്രയം. മറ്റൊരു സാമ്പത്തിക പ്രവര്‍ത്തനം..
ങ്ങേ?
നീ നേരത്തെ പറഞ്ഞ വാഴേം ശലഭത്തേം കൂട്ടി വായിച്ചാ പ്രശ്നം തീരും..
അപ്പം വിദ്യാഭ്യാസം.
പല അഭ്യാസത്തിലൊരഭ്യാസം. പക്ഷേ
എന്താണു പക്ഷേ?
പണ്ടു ഒരു ഗതീംപരഗതീമില്ലാത്ത മലയാളിക്ക് നാലക്ഷരം ഒരു രക്ഷാമാര്‍ഗ്ഗമാരുന്നു. ഇനി വന്ന കാലത്ത് ആ വഴിയില്ലാതെ പെരുവഴിയാവും.
ക്യോം വിക്രം സാര്‍ ക്യോം..
പഠിപ്പിച്ചും ജയിപ്പിച്ചും സമരിച്ചുമെല്ലാം കൂടെ ഈ പെണ്ണരശ്ശുനാട്ടീന്നു കയറ്റുമതി ചെയ്തോണ്ടിരുന്ന സാധനത്തിന്റെ ക്വാളിറ്റിയങ്ങു പോയി..സര്‍വത്രമായം.
ങ്ങേ.
ഡാ ഒരു വിപണിയാവുമ്പോ അവര്‍ക്കു മുടക്കുന്ന കാശിനു റിട്ടേണ്‍ വേണം. ക്വാളിറ്റിയെവിടുണ്ടോ അങ്ങോട്ടു ജനം പോവും. പിന്നല്ലേ എച്ചാറും റിക്രൂട്ട്മെന്റും.... പത്തു രൂപ മുടക്കി ചായകുടിക്കുന്നവന് വാട്ടവെള്ളം കലക്കിക്കൊടുത്താ ഗതിയെന്താവും?  അവരും പോവും..
അപ്പോ?
എളുപ്പവഴീക്രിയ ചെയ്യുന്നത് മാത്രം ഗണിതത്തീന്നു പഠിച്ചാലങ്ങനെ കുഴപ്പങ്ങളൊക്കെയുണ്ട്. അല്ലെങ്കിലേ കേരളത്തിനകത്തു പഠിച്ചുവളര്‍ന്നവരു, കൂടെ മാറാപ്പു പോലെ കൊണ്ടു നടക്കുന്നത് കുടഞ്ഞു കളയാതെ പൊതുവേ പ്രോഗ്രഷന്റെ ചാര്‍ട്ടു കാണാറില്ല.
ങ്ങേ?
വലിയ സ്ക്രീനുകളിലെ ഗെയിമുകളില്‍ മലയാളി സാന്നിധ്യം പൊതുവേ കുറവാടേ. സ്വാതന്ത്ര്യം മുതലിങ്ങോട്ടുള്ള രാഷ്ട്രീയമെടുത്ത് നോക്ക്. ബിസ്സിനസ്സെടുത്തു നോക്ക്.  ദല്‍ഹിയില്‍ ലൊട്ടുലൊടുക്കു പരിപാടികളല്ലാതെ നേരെ ചൊവ്വെ ക്ലച്ചു പിടിച്ചവരുടെ എണ്ണമെടുത്ത് നോക്ക്. വിരലിലെണ്ണാവുന്നവരൊഴിച്ചാല്‍ എന്താണ് കഥ?
അപ്പം
മലയാളിയെ ജനം വിലവെച്ചത് വിദ്യാഭ്യാസത്തിലാരുന്നു. അറിവിലാരുന്നു. ഈ വന്ന ഗൂഗിള്‍ കാലത്ത് മലയാളത്താന്, അതും പാതിവെന്ത കലത്തിലെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറിനു വലിയ സ്കോപ്പില്ല. 
അപ്പം പരീക്ഷ, ശതമാനം...
വരപ്പോന്ന ആ കാലത്തിന്റെ, ശലഭത്തിന്റെ ചിറകടി.  
ബൈ ദ ബൈ ഇന്നത്തെ നിന്റെ ടൈം കഴിഞ്ഞ്. 
അപ്പം ഞാനങ്ങട്..
ബൈ ദ ബൈ നാളെ വരുമ്പോ നെന്റെ പത്താം ക്ലാസ്സിലെ പാസ്സായ പൊത്തകം കൂടെടുത്തോ. 
അതെന്തരിനു സര്‍..
ഇത്രേം പറഞ്ഞതല്ലേ മോനേ വേതാളമേ. മരക്കൊമ്പില്‍ മറിമായമില്ലെന്നെന്തരു ഗ്യാരണ്ടി. വേറെ വേതാളത്തെ തപ്പണോന്നറിയാനാണ്....
സര്‍ര്‍‍...
അപ്പം സ്ഥലം കാലിയാക്ക്.
ഞാനന്തരിച്ചു. 
ഇവിടുന്നു വേണ്ട കൊമ്പേ ചെന്നിട്ടു മതി.

Read more »

Thursday, April 9, 2015

അനുഷ്ടാനം

ഗുഡ്മോണിങ്ങ് സര്‍..
വിവരം കെട്ടവനേ. വേതാളമേ..
ങ്ങേ? ഗുഡ് മോണിങ്ങ് പറയുമ്പം തിരിച്ചും ഗുഡ്മോണിങ്ങ് പറയണം. അല്ലാതെ ചീത്തവിളി കൂടു തുറന്നു വിടുവല്ല വിക്രം സര്‍
തലേംകുത്തിക്കിടന്നിട്ടും തലയ്ക്കകത്താള്‍താമസമില്ലാത്തവനേ.. ഇന്ത്യന്‍ ടൈം സോണില്‍ ഇംഗ്ലണ്ടില്‍ കിടക്കുന്നവനോട് ഗുഡ്മോണിങ്ങ് പറയുന്നവനെ തൊട്ടാല്‍ കുളിക്കണം.
അതിപ്പം.
എന്തുവാടേ പ്രശ്നം..
ഒന്നൂല്ല.
ഒന്നൂല്ലത്താത് ഒരു പ്രശ്നമല്ലെടേ..
ങ്ങേ? അതല്ല..
പിന്നേത്?
ഹര്‍ത്താല്..
ഹര്‍ത്താലിനെന്തരെടേ? കേരളത്തിലെ അനുഷ്ടാനകല, തനതു കലാരൂപം ഇത്തവണേം പതിവു പോലെ കള്ളും കോഴിയും ചീട്ടുകളിയുമായി കൊണ്ടാടിയില്ലേ?
കൊണ്ടും കൊള്ളാതെയുമാടി..
പിന്നെന്തോന്ന് വൈക്ലബ്യം?
അതല്ല, ഈ നേതാക്കന്മാര്‍ക്ക് ഹര്‍ത്താലു വരൂല്ലേ?
ഡാ പോസ്റ്റ് ഓഫീസിനു മുന്നില്‍ നോ അഡ്മിഷനെന്നെഴുതി വെച്ചേക്കുന്നത് പോസ്റ്റ് മാസ്റ്റര്‍ക്ക് ബാധകമാണോ?
അതല്ല.എന്നാലും?
പറയുന്നതെല്ലാം ചെയ്യുന്നൊരാളെ തിരഞ്ഞു ഞാന്‍ കുഴഞ്ഞ് എന്നൊരു ഗാനശകലം നീ കേട്ടിട്ടൊണ്ടോ?
ഉണ്ടേല്‍?
കിത്താബിലെ രാഷ്ട്രീയമല്ല പ്രായോഗിക രാഷ്ട്രീയം. ബൂത്തു തലം മുതല്‍ ജനത്തെയും അവരുടെ ഹിതത്തെയും മാനിപ്പുലേറ്റ് ചെയ്യണമെങ്കില്‍ ചില്ലറ മെനക്കേടു പോര.
അപ്പം ഈ ഹര്‍ത്താല് ഹര്‍ത്താലെന്നു പറയുന്നത്?
വര്‍ഗ്ഗ ബോധം തലയ്ക്കു പിടിക്കാതെ, ബുദ്ധിയുള്ള മനുഷ്യരു ചിന്തിക്കുന്നതു പോലെ ചിന്തിക്ക്. ഒരു ഏകാധിപത്യത്തില്‍ എന്താണ് സംഭവിക്കുന്നത്?
ക്യാ?
ഡാ മോളീന്നു നൂലേക്കെട്ടി കല്ലേ പിളര്‍ക്കുന്ന കല്പനകള്‍ വരുന്ന്. അനുസരിക്കുകയല്ലാതെ ജനത്തിനു മാര്‍ഗ്ഗമൊന്നുമില്ല.
ആമാം.
ഹര്‍ത്താലിലെന്താണ് സംഭവിക്കുന്നത്?
പ്രതിഷേധം?
മൈ ഫൂട്ട്.  നേരത്തെ പറഞ്ഞ  പോലെ നൂലേക്കെട്ടി ഹര്‍ത്താല്‍ കല്പന വരുന്നു.  ഇടതും വലതും തെക്കും പടിഞ്ഞാറുമായ ഏതേലും പാര്‍ട്ടി ഹര്‍ത്താലിനാഹ്വാനം ചെയ്യുുന്നു. ജനം കള്ളും കോഴീം വാങ്ങി വീടു പിടിക്കുന്നു. ചീട്ടു കളിക്കുന്നു.  ഹര്‍ത്താല്‍ സെല്‍ഫി എടുത്ത് അര്‍മാദിക്കുന്നു. ഫേസ്ബുക്കില്‍ പൂശുന്നു. അയല്‍പക്ക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഇതിനകത്തെവിടാണു വേതാള്‍ പ്രതിഷേധം?
അപ്പം ഹര്‍ത്താല്?
കേരളത്തിലെ പുതിയ തൊഴിലാളി വര്‍ഗ്ഗത്തിനു സര്‍ക്കാരുദ്യോഗസ്ഥനു ചിലവില്ലാതെ കിട്ടുന്ന അവധി.
അപ്പോ അവകാശങ്ങള്‍?
പ്രശ്നങ്ങള്‍ രാഷ്ട്രീയത്തിലെ തുടര്‍ക്കഥയാണനിയാ. കുറച്ചവകാശങ്ങള്‍ക്കു വേണ്ടി കുറേ ആളുകളുടെ സഞ്ചാരസ്വാതന്ത്ര്യമടക്കമുള്ള അവകാശങ്ങള്‍ നഷ്ടപ്പെടുത്തുന്നത്, ഹര്‍ത്താലടിച്ചേല്‍പ്പിക്കുന്നത് മറ്റൊരു രൂപത്തിലുള്ള ഫാസിസം തന്നാണ്.
അപ്പോ?
അപ്പോന്നൂല്ലെടേ. ലോകത്ത് വേറെവിടെ ആഹ്വാനിച്ചാലും തല്ലു കിട്ടുന്ന പീസാണ് ഈ ഹര്‍ത്താല്‍.
ങ്ങേ?
തന്നെടാ തന്നെ. നാട്ടീന്നു തിരിച്ചു വരുമ്പോ ഫ്ലൈറ്റ് ലേറ്റായി. ബോംബെ എയര്‍പോര്‍ട്ടിലു നാട്ടുകാരന്‍ സ്വാകാര്യ എയര്‍ലൈന്‍സിന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. പകരം കിട്ടിയ ഫ്ലൈറ്റ് അബുദാബീലെത്തിയപ്പോഴവിടേം താമസം.
എന്നിട്ട്?
അതേ നാട്ടുകാരന്‍ ഒരു വാക്കു പോലും അബ്യൂസാവാതിരിക്കാന്‍ ശ്രദ്ധിച്ച്, മാന്യമായി കാര്യം തിരക്കുന്നു.
ങ്ങേ?
ഡാ വചനം മാത്രമല്ല, സമരവും സാംസ്കാരികവും വ്യക്തിപരവും അല്ലാത്തതുമൊക്കെയായ സംസ്കാരത്തിനു ചേര്‍ന്നതാരിക്കും. അപരനു കൊടുക്കുന്ന വിലയുടെ പ്രശ്നം കൂടെ അതിലുണ്ട്.
അപ്പോ?
കൊച്ചുപിള്ളേര്‍ക്കിന്നിതു മതി. നീ പോയേച്ചും നാളെ രാവിലെ വാ. മനുഷ്യന്റെ ഉറക്കം മിനക്കെടുത്താന്‍.. ഡാ ഒരു ഹര്‍ത്താലാവുമ്പോ വിളിച്ചു പറഞ്ഞാലേ ഫലം കിട്ടു.
അതല്ല.
ചല്‍. സ്ഥലം കാലിയാക്ക്..
Read more »