Thursday, January 8, 2015

സ്ഥലകാലം

ഗുഡ് മോണിങ്ങ് സര്..
സര്..
സര്..
എന്തോന്നെടേ പിശാശേ കിടന്നു ലേലം വിളിക്കുന്നത്...
ആം സോറി വിക്രം സര്. പാരീസ് മറന്നു.
ഉം..
ഹൌ? വൈ? എന്തുകൊണ്ടാണ് വിക്രം സര്‍ ഈ ലോകം ഇങ്ങനെ?
നീയെന്തോന്ന് ബുദ്ധനു പഠിക്കുന്നോ? മരക്കൊമ്പും അപ്പറത്തെ മരക്കൊമ്പിലെ അമ്മിണി വേതാളിണിയേം പിന്നെ നിന്റെ ഫുലാജ് മദാലസ വേതാളിണിയേം വിട്ടേച്ച് നീ വനവാസത്തിനും സന്യാസത്തിനും പോവുവാന്നോ?
ങ്ങേ? ഇതെങ്ങനെ ഇവിടറിഞ്ഞു?
ഡാ, ബന്ധങ്ങളു വെറും ഫുലാജും അരമണിക്കൂറിലെ തിളപ്പും മാത്രമല്ല വൈകാരികവും സമയപരവുമായ നിക്ഷേപമാണ്. മുടക്കുമുതലേലും തിരികെ കിട്ടീല്ലേ മുതുപാഴ്..  കാലും കൊണ്ടു ചിത്രം വരയ്ക്കാതെ ഇബ്ടെ നോക്കെടാ...
അതല്ല വിക്രം സാര്‍, പാരീസ്..മതങ്ങള്‍..
മതങ്ങള്‍ നിലനില്ക്കുന്നതു തന്നെ അവനവന്‍ മാത്രം ശരിയും ബാക്കിയുളളവരെല്ലാം തെറ്റുമെന്ന പൗരാണിക ഗോത്ര സ്വഭാവമുള്ള യുക്തിയിലാണ്.
ങ്ങേ?
അന്യോനം പടവെട്ടിയും പോരാടിയും വെട്ടിപ്പിടിച്ചും മാത്രം ജീവിക്കാന്‍ പറ്റുന്ന കാലത്താണ് മതങ്ങളൊക്കെ രൂപപ്പെടുന്നത്.. സ്വാഭാവികമായും മതങ്ങള്ക്കു പുറത്തുളളതെല്ലാം അന്യവത്കരിക്കപ്പെട്ടതും ശത്രുപക്ഷത്തുമുള്ളതായി. അകറ്റിനിര്‍ത്തേണ്ടതും വെറുക്കേണ്ടതുമായി..കാലം പോയതു ഇന്നും മതങ്ങളറിഞ്ഞിട്ടില്ല.
ഹൗ കംസ്?
ആധുനിക ബഹുസ്വരസമൂഹങ്ങളിലെ സഹവര്‍ത്തിത്വം മതങ്ങള്‍ എന്ന ഗോത്രകാല  വിദ്വേഷങ്ങള്‍ക്കെതിരാണ്. അടിസ്ഥാനപരം.
അപ്പം ആത്മീയത?
ഡാ, ആത്മീയതയും മതവുമായി വല്യബന്ധമൊന്നുമില്ല. സ്ഥിതപ്രജ്ഞന്, ബോധോദയം ലഭിച്ചില്ലേലും തലയ്ക്കു വെളിവു ലഭിച്ചവന്, മതമേതായാലും എല്ലാം ഇന്ദ്രിയബദ്ധമായ മായയും ലീലയും ഒക്കെയാണ്. ആത്മീയാന്വേഷണം നൂറായിരം പേര് റോഡു നിറഞ്ഞു നടത്തുന്ന യാത്രയല്ല. ഗോത്രസ്വഭാവമായ വെല്ലുവിളിയും ആക്രമണവുമില്ല. അഗാധവും ഗാഡവുമായ  വ്യക്തിതലത്തില്‍ മാത്രം നടത്താന്‍ പറ്റുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ സംഭവിച്ചു പോയ ഒരാകസ്മികത, അല്ലെങ്കില്‍ പരിചയമുള്ള രീതികള്‍ എന്നതിനപ്പുറം മതം അപ്രസക്തമായ ഒരുപാധി മാത്രമാണ്.
അപ്പോ..
ഡാ നീഷെ പറഞ്ഞതാണ് സത്യം?
എന്തോ പറഞ്ഞ്?
ചരിത്രം ഒരു കാര്യത്തിന്റെ തന്നെ ആവര്‍ത്തനമാണെന്ന്. പക്ഷെ ആധുനിക സാമൂഹിക പശ്ചാത്തലത്തിലല്ലെന്നു മാത്രം.
പിന്നെ?
ഓരോ കാലത്തും ഓരോ സംസ്കാരങ്ങളുണ്ടായിരുന്നു. സ്വയമോ അല്ലാതെയോ നശിപ്പിക്കപ്പെട്ടു പോകുന്ന ഗോത്രഘടനയുള്ളവര്‍. പരസ്പരമുള്ള അക്രമാസക്തി. ഇന്നത്തെ കാലത്ത് നശീകരണശക്തി കൂടുതലാണെന്നു മാത്രമാണ്.  അവശേഷിക്കുന്നവരെ പ്രകൃതിദുരന്തങ്ങളും കൊണ്ടുപോയി. നിശ്ചിതമല്ലാത്ത ആവര്‍ത്തനങ്ങള്‍.. കുറച്ചു കൂടി കടന്നു ചിന്തിച്ചാല്‍...
ചിന്തിച്ചാല്‍..
കോടാനുകോടിവര്‍ഷങ്ങളായി ഈ ഗ്രഹത്തിലെ ജീവല്‍രൂപങ്ങളെല്ലാം ആകസ്മികതയാണ്. പിറവിയുമൊടുക്കവുമടക്കം, ഏതോ സ്ക്രിപ്റ്റ്.. പല ഇന്ദ്രിയങ്ങളിലെ പല തോന്നലുകള്‌‍. എല്ലാം കാലമെന്ന മഹാപ്രവാഹത്തിലെ മൈക്രോസ്കോപ്പിക് പോലുമല്ലാത്ത കണികകള്‍. അനതിവിദൂര നാളെകളിലെന്നെങ്കിലും അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ സ്ഥലരാശികളിലെവിടെയോ മറ്റേതൊക്കെയോ ഇന്ദ്രിയങ്ങളിലെ തോന്നലുകളുണ്ടാകാം.
എന്നു പറഞ്ഞാല്‍
ഡാ സ്ഥലത്തേം കാലത്തേം അവനവന്റെ പരിമിതഇന്ദ്രിയങ്ങളിലൊതുക്കാന്‍ ശ്രമിച്ചു നിരന്തരം പരാജയപ്പെടുന്നവനാണ് മനുഷ്യന്‍. അവന്റെ അതീതം ശിവകാശി വര്‍ണ്ണചിത്ര ഫാന്റസിയല്ല. അപരിമിതമായ സ്ഥലകാലങ്ങളും യാത്രകളുമാണ്..
യു ആര്‍ ഹൈ, സ്പിരിച്വലി ഹൈ..
ലെറ്റിറ്റ് ബീ. ടില്‍ മൈ ഫസ്റ്റ് വീക്കെന്‍ഡ് പെഗ്ഗ്. നിന്റം തലേം കുത്തിക്കിടക്കുന്ന വേതളത്തലേല്‍ സ്ഥലോം കാലോം കയറിയാലുമില്ലേലും ഇച്ചിരി വെളിച്ചം കയറിയാ നിനക്കു കൊള്ളാം. പോയി നെന്റെ മദ്യവയസ്കരയുടെ അളവെട്. ലെറ്റ് മീ തിങ്ക് സംമോര്‍...
അത്.
ഓടെടാ..0 comments:

Post a Comment