Wednesday, December 10, 2014

പുരോഗമനം

എന്താടേ വേതാള്‍ നെന്റെ മുഖത്ത് ലോഡ് ഷെഡ്ഡിങ്ങ്?
നതിങ്ങ് വിക്രം സര്‍, നതിങ്ങ്.
കാര്യം പറയെടേ, ഡിപ്രഷന്‍ ബാധിച്ചോ? സ്ട്രെസ്സ് കുലച്ചോ, അതോ വേതാളിണി വിധത്തിലും തരത്തിലും നടുവൊടിച്ചോ? ബോല്‍..
അതൊന്നുമല്ല സര്‌, ഈ പുരോഗമനം..
ഹഹ. അതൊരു മനോഭാവം മാത്രമാണ്.
ങ്ങേ?
ആന്നെടേ, ഓരോ കാലത്തും ഓരോന്നാരുന്നു പുരോഗമനം. പണ്ട് കാലത്ത് കടല്‍ കടന്നുള്ള കച്ചവടം നിന്ദ്യമാരുന്നു. കാരണം?
വാട്സ് ദാറ്റ്?
അതിനു മുന്‍പ് കച്ചവടം ചെയ്തു ധനികരായിരുന്നവരെ തളയ്ക്കാന്‍. പക്ഷെ കടല്‍ കടക്കാത്ത ആചാരം ഉറച്ചപ്പോള്‍, കടലു കടക്കുന്നതു പുരോഗമനമായി. കടലു കടന്നില്ലെങ്കിലും മുണ്ടിനു മുകളില്‍ കോട്ടിട്ടു ഫോട്ടോയ്ക്കു പോസു ചെയ്യുന്നതെങ്കിലും.  കോണാനുടുത്തു നടന്നവന്‍ ഫ്രഞ്ചിയിടുന്നതും, ഒറ്റ മുണ്ടുടുത്തു നടന്നവന്‍ പാന്റിടുന്നതും പുരോഗമനമായി. പക്ഷെ...
 പക്ഷെ?
ശരിക്കുമുള്ള പുരോമനം സാമൂഹിക സമത്വമാരുന്നു.
എന്നു വെച്ചാല്‍?
രാവിലെ ബസ്സില്‍ കയറി സ്കൂളിലും ഓഫീസിലും പോകുന്ന നല്ലൊരു ശതമാനം ആളുകള്‍ക്ക് ഒരു കാലത്ത് പൊതുസ്ഥലത്ത് കയറാനൊക്കില്ലായിരുന്നു. പള്ളിക്കൂടങ്ങളില്‍ പോകാനൊക്കില്ലായിരുന്നു, ഓഫീസ് ജോലികളെക്കുറിച്ച് ചിന്തിക്കാന്‍ പറ്റില്ലായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സ്ഥൂലമായ വിവേചനം.
അതു കൊണ്ടെന്ത് വിക്രം സാര്‍?
ഡാ, കേരളത്തിലെ സമൂഹം ഏതാണ്ടെഴുപതുകളില്‍ സ്ഥൂലവും സൂക്ഷ്മവുമായ വിവേചനം ഒരുപരിധി വരെ തീര്‍ത്തു. അക്ഷരമറിയാവുന്നവനും അതറിയാത്തവനെന്നുമുളള വിവേചനം സമ്പൂര്‍ണ്ണ സാക്ഷരതയിലും. അപ്പഴും ഒന്നു ബാക്കി നിന്നു. വാട്സ് ദാറ്റ്
പാവം വേതാളങ്ങള്‍ ജ്ഞാനികളല്ല. സര്‍.
ഇന്നും എന്നും ബാക്കി നില്‍ക്കുന്ന ഒന്ന്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം. അതിന്റെ വിവേചനം. ആ വര്‍ഗ്ഗവ്യതിരിക്തതകളിലാളു കൂടി. പക്ഷെ
പക്ഷെ പറഞ്ഞു ടെന്‍ഷനടിപ്പിക്കാതെ കാര്യം പറയണം സര്‍..
പക്ഷെയൊന്നുമില്ലെടേ..  പുതു സങ്കീര്‍ണ്ണകാലം പലപ്പോഴും ദശകങ്ങള്‍ക്കു പിറകിലേക്കു തിരികെ പോകുന്നു. ഒരിക്കല്‍ അപ്രസക്തിയുടെ വക്കത്തോളമെത്തി പുരോഗമനവിരുദ്ധമായിരുന്ന മതങ്ങളെല്ലാം വീണ്ടും മുഖ്യധാരകളിലെത്തുന്നു. പുരോഹിതന്മാര്‍ക്ക് ദൈവമൂല്യം കൈവരുന്നു.   ആദര്‍ശം കളളനോട്ടായി മാറുന്നതിന്റെ പ്രശ്നങ്ങള്‍ വേറെ. പുതിയ സങ്കീര്‍ണ്ണതകള്‍ നിലപാടു തറകള്‍. സങ്കീര്‍ണ്ണതകളിലെ പുരോഗമനം എന്തെന്നത് നിര്‍വചനത്തിന്റെ പരമ്പരാഗത ഈടുവെപ്പുകള്‍ക്ക് ചിലപ്പോഴെങ്കിലും പുറത്തു നില്‍ക്കുന്നു.
വൈ സോ..
ഡാ. അതു വലിയ കഥയാണ്. തലതിരിഞ്ഞവന്‍ തൂങ്ങിക്കിടന്നു നടത്തുന്ന ചോദ്യോത്തര പംക്തിയല്ല. സീരിയസ്സ് ദാന്‍ ദാറ്റ്. വിക്രമിലൊതുങ്ങൂല്ല. അപരനെഴുതേണ്ട പീസ്..
എപ്പം?
കൈയ്യൊന്നൊഴിഞ്ഞിട്ട്..
അതു വരെ,,..
പാരാജയപ്പെട്ട ബുദ്ധിജീവികളെ പോലെ പുതിയ വൈകൃതങ്ങള്‍ നിരന്തരം കണ്ടുപിടിച്ചാഘോഷിക്ക്. കിഴക്കാം തൂക്കായും അല്ലാതെയും  അര്‍മാദിക്ക്. സ്ട്രെസ്സ് റിലീഫ് നടത്ത്. അനന്തമജ്ഞാതമവര്‍ണ്ണനീയം പാട്..
ആ വാക്യം  കൂടെ പറഞ്ഞാരുന്നേ പാട്ടും പാടി മരത്തേലോട്ട് പോവാമാരുന്നു..
ഏതു വാക്യം വേതാളപ്പിശാശേ..
ഭരതവാക്യം..
വിക്രം പറയുമ്പോ വിക്രവാക്യമാടേ. എന്നാ കേള്. പുരോഗമനം മറ്റേത്താടിക്കാരന്റെ സിദ്ധാന്തം പോലാണ്. ഏതു താടീന്നു ചോദിക്കണ്ട, പരിണാമസിദ്ധാന്തത്താടി.
എന്നു വെച്ചാല്‍..
നിരന്തരം ഉരുത്തിരിയുന്നതും അടരുകളും മലരികളും സങ്കീര്‍ണ്ണതകളും ഉള്‍പ്പിരിവുകളും നിറഞ്ഞതും. കാലപ്രവാഹത്തില്‍ പുരോഗമനപക്ഷത്തു നില്‍ക്കുന്നത്, തുടരുന്നത് ഒരു സമയകലയാണ്. രാഷ്ട്രീയ സ്പന്ദനങ്ങള്‍ തിരിച്ചറിയുന്നതും
 ഇല്ലെങ്കില്‍?
അപ്രസക്തിയിലേക്ക് കാലം കാത്തിരിക്കുന്നു. വര്‍ഷങ്ങളിരുണ്ട് വെളുക്കുമ്പോള്‍ ഒരു ജനത തിരിഞ്ഞുനോക്കുമ്പോള്‍, പഴേ വാചകം.
ഏത്?
ചരിത്രം കുറ്റക്കാരെന്നു വിളിക്കും. അപ്പം ശരീ വേതാള്‌‍. ഗെറ്റിങ്ങ് ലേറ്റ്.
ഞാന്‍ ചിന്താമഗ്നനായി.
നന്നായി. ഞാനൊന്ന് മഗ്നനുപകരം മറ്റേ ഗ്നനനാവാം.  ചിന്തയില്ലാത്ത ഗ്നന്‍.
എന്നു വെച്ചാല്‍ എന്തര് വിക്രം സര്‍?
‍ഡാ  നഗ്നനാവട്ടുുംന്ന്. എന്നു വെച്ചാല്‍ കുളിക്കുന്നതിനു മുന്‍പ് ചെയ്യുന്ന പ്രക്രിയ.  നൗ ഗെറ്റ് ലോസ്റ്റ്.

1 comments:

Post a Comment