Tuesday, November 18, 2014

യുദ്ധസന്ധി

സര്‍..
എന്തരടേ വേതാള്‍ ശോകമൂകനായിട്ട്?
നൂറു വര്‍ഷമായി..
തലേം കുത്തി കെടക്കുന്ന നിനക്കെന്തു വര്‍ഷം, കാലം, ദേശം? വിഷയാസക്തി എന്ത്?
യുദ്ധം സര്‍വിക്രം, മറ്റെന്ത്? ലോകമഹായുദ്ധം. ഇന്നൊരു സായിപ്പ് ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലിനേം രണ്ടായിരത്തി പതിനാലിനേം താരതമ്യം ചെയ്തേക്കുന്നു. എന്തു കൊണ്ടാണ് ഈ ലോകത്തിലു യുദ്ധോം ചോരച്ചൊരിച്ചിലുമൊക്കെയുണ്ടാവുന്നത്?
അക്രമമായിപ്പോയെടേ, അക്രമം.. തലേം കുത്തി കെടന്നിട്ടും  വെളിവില്ലേ?
ങ്ങേ? സമാധാനകാംക്ഷിയായ എന്നെ പള്ളു പറയുന്നോ, വേതാളങ്ങളോടെന്തുമാവാല്ലോ?
അല്ല വേതാള്‍. കായേനും ആബേലും മുതലു തുടങ്ങിയതാണ് കത്തീം ചോരേം. ഇതു കണ്ടേച്ചാണ് അശോകനു കുറ്റബോധം വന്നത്. അര്‍ജ്ജുനന് കൃഷ്ണന്‍ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു കൊടുത്തത്. ജീവിതവും മരണവുമെല്ലാം ഒന്നാന്നു ഡ്രൂയിഡുകളു പണ്ടേ പറഞ്ഞത്.
അപ്പം ലോകമഹായുദ്ധം.?
മഹായുദ്ധമെന്നല്ല, എല്ലാ യുദ്ധോം മനുഷ്യസ്വഭാവമാണ്. ആന്തരികോം ബാഹ്യമായതെല്ലാം. ആവര്‍ത്തനോം ചാക്രികതേമാണ്. ആകസ്മികതേം സാധ്യതയുമാണ്. മുയലു വീഴുമ്പോ ചാവുന്ന ചക്കയും പിളര്‍ത്തിയ മരത്തില്‍ പൃഷ്ടം ചാര്‍ത്തിയ കുരങ്ങനുമൊക്കെയാണ്..
അപ്പോ?
ഇനീം യുദ്ധമുണ്ടാവും, ഇനീം ആളുകളു മരിക്കും. യുദ്ധമുണ്ടായില്ലേലും മരിക്കും.
ങ്ങേ..
ഡാ സോമ്പേരി വേതാള്‍. യുദ്ധം ഒരു വിപണിയാണ്. പണ്ടെങ്ങാനും നടന്നിട്ടുള്ള വല്ല കുടിപ്പക അടിപിടിയും രാഷ്ട്രീയ നിലനില്‍പിനുള്ള അടിപിടിയും ഒഴിച്ച് എല്ലാ യുദ്ധവും സാമ്പത്തിക പ്രവര്‍ത്തനമാണ്. യുദ്ധം മനുഷ്യന്റെ മോളിലല്ല പിശാശേ സമ്പത്തിന്റെ മുകളിലാണധിനിവേശം നടത്തുക.
അപ്പം മനുഷ്യന്‍..
നീ അതീതലോകഭക്തരുടെ വാച‌കമടി കേട്ടിട്ടൊണ്ടോ?
ഏത്?
മീഡിയം. അതാണു വാക്ക്.  യുദ്ധത്തിലു മനുഷ്യരു മീഡിയം മാത്രമാണ്.
ങ്ങേ.
ഓരോ സമ്മര്‍ദ്ധമേഘലയും ഓരോ വിപണിയാണ്. ഓരോ വിപണിയും ലാഭവും. സെല്ലേഴ്സ് മാര്‍ക്കറ്റാണായുധം.
അപ്പോ?
ഉത്തരവും ദക്ഷിണവുമായ കൊറിയകളു തമ്മിലുള്ള അടി ഉണ്ടാക്കിയ ആയുധവിപണിയെത്രാന്നറിയുമോ? സോഷ്യലിസ്റ്റ് മുതലാളിത്ത ചേരികള്‍ തമ്മിലുണ്ടായ അടികളുണ്ടാക്കിയ വിപണിയെത്രാന്നറിയുമോ?
അത്...
ഡാ ആ അതു തന്നെയാണ് യുദ്ധവും സംഘര്‍ഷവും.
വിക്രം സാര്‍..
ഹെന്താടാ പിശാശേ..
എന്റെ തലയ്ക്കു ചുറ്റും ഒരു ഹാലോ കണ്ടോ?
അതെന്തിന്?
പണ്ടശോക ചക്രവര്‍ത്തിക്കു യുദ്ധം ചെയ്തപ്പം വന്ന ബോധോദയം. അതെനിക്കിപ്പഴാ കിട്ടിയത്..
ഹാലോയുള്ള വേതാളക്കഴുവേറീ. ആദ്യം പറഞ്ഞ വാചകം ഒന്ന് നിനക്കോര്‍മ്മയുണ്ടോ?
ഏത്?
യുദ്ധം ചെയ്താലും മരിക്കും ഇല്ലേലും മരിക്കും. ഇനിയിവിടെ നിന്നു ചുറ്റിത്തിരിഞ്ഞാല്‍ പിന്നെ നിനക്ക് യുദ്ധം ചെയ്യേണ്ടി വരില്ല..
ക്യോം?
മൂത്തുപഴുത്ത മദ്യവയസ്കര ഒന്നു കാത്തു നില്‍ക്കുന്നു.
എന്തിന്?
യുദ്ധം ചെയ്യാന്‌‍, വാട്ടെല്‍സ് ഫൂള്‍. സമാധാനാത്തിനു വേണ്ടിയുള്ള യുദ്ധം. ഇനി ഇവിടെ കിടന്നു കറങ്ങാതെ സ്ഥലം കാലിയാക്ക്.
(അനന്തരം അന്തരീഷത്തീന്നൊരു കുറിപ്പു വന്നു വീണു. വേതാളം മരക്കൊമ്പിലെത്തിയ വിവരം അറിയിച്ച്. ഗുഡ്. അല്ലേലുമവന്‍ ഗുരുത്വമുള്ളവനാണ്. വാടീ മ്മക്ക് യുദ്ധം തുടങ്ങാം)

1 comments:

Post a Comment