Sunday, November 30, 2014

പച്ചിപ്പനി

നോ സാര്‍ നോ
എന്തോന്നെടേ വേതാളം രാവിലെ പുഴുങ്ങിയ മുട്ട തിന്നാന്‍ സമ്മതിക്കൂല്ലേ?
വേണ്ട വിക്രം സാര്‍ വേണ്ട.
ക്യോം? വൈ നോ വൈറ്റമിന്‍ വാത്തുമുട്ട?
പക്ഷിപ്പനി സര്‍, പക്ഷിപ്പനി...
‍ഡാ, കൊച്ചുവേതാളമേ. ആ പനീം ഈ താറാവുമുട്ടേം തമ്മിലുളള ദൂരമെത്രാന്നറിയോ?
ങ്ങും
സോ, പേടി കൊണ്ടു പകരുന്ന ഒന്നല്ല പക്ഷിപ്പനി. പോരാത്തതിനു ഞങ്ങള്‍ ഇന്റലക്ച്വല്‍സ്, ഐ മീന്‍ ദി ബെസ്റ്റ് ഓഫ് ദെം, രാവിലെ രാവിലെ പുഴുങ്ങിയ താറാവുമുട്ട തിന്നും.
ഉദാഹരണം?
എംപി നാരായണപിള്ള സിപിരാമചന്ദ്രനെക്കുറിച്ചെഴുതിയത് വായിച്ചിട്ടില്ലേ? അതു വിട്. കണ്ടാലും കൊണ്ടാലും മനസ്സിലാവാത്തത് കേട്ടാല്‍ മനസ്സിലാവുമെന്നു പിടിവാശി നിനക്കു വേണ്ട
മാഫ് കീജിയേ വിക്രം സാര്‍, മാഫ് കീജിയേ..എന്നാലും
എന്തുവാടെ എന്നാലും?
അപ്പം വൈകുന്നേരം?
വീക്കെന്‍ഡില്‍ വൈകുന്നേരം തിന്നുന്ന വാത്തുമുട്ടയല്ലേ?
ആം.
ഡാ ബ്രാണ്ടി ഒരു ഭക്ഷണാനന്തര പാനീയമാണെന്നു നിനക്കറിയൂല്ലേ? വൈകുന്നേരത്തെ വാത്തുമുട്ട ഭക്ഷണമാണ് വേതാള്‍, ഭക്ഷണം.
അപ്പോ ടീവീലു കണ്ടത്? പാവം താറാവുകള്‍?
‍ഈ ലോകവും ജീവിതവുമൊക്കെയുണ്ടായ കാലം മുതലുള്ളതാണ് പകര്‍ച്ചവ്യാധീം ഒഴിപ്പിക്കലും പിന്നെ പരിഹാരവും ക്രിയയും.
അപ്പോ?
ഡാ അന്നത്തെ കാലത്ത് മനുഷ്യനു പോലും വലിയ അവകാശമൊന്നുമില്ലാരുന്നു. ഇപ്പോ കാലം മാറീല്ലേ. മൃഗാവകാശം അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡും ഒക്കെയായി സര്‍ക്കസ്സുകളു വരെ പൂട്ടി. സിനിമകളില്‍ പോലും മൃഗങ്ങളെ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ പറ്റാതായി
അപ്പോ അവരെ കൊന്നത്?
കൊന്നതില്‍ തെറ്റൊന്നുമില്ല വേതാള്‍, തിന്നാന്‍ വളര്‍ത്തുന്ന താറാവിനെ വലുതായാല്‍ രൂപക്കൂട്ടിലല്ല വെക്കുക,  തൊലിയുരിഞ്ഞ് ഉളുമ്പു കളഞ്ഞ് കറിയാണ് വെക്കുക. അതു കൊണ്ട് പകര്‍ച്ചവ്യാധി തടയുന്നതൊരു തെറ്റല്ല.  രാവിലെ അഭിപ്രായം ടൈപ്പു ചെയ്തേച്ച് തിന്നുന്ന പുള്ളേം പിള്ളേരും കൂടെ ബ്രേക്ഫാസ്റ്റു മേശേലെളുപ്പവഴീ ക്രിയ ചെയ്യുന്ന കോഴിമുട്ട പിന്നെന്തോന്ന്?
എന്തോന്ന്?
അതും ജീവന്റെ ഒരു രൂപമാടെ. സുക്ഷുപ്ത ലൈവ്. അതും കൊലയല്ലേ? തിന്നാന്‍ വേണ്ടിയല്ലാതെ നടത്തുന്ന കൊല ക്ഷന്തവ്യമല്ല. പകര്‍ച്ചവ്യാധികളൊഴിവാക്കാന്‍ നടത്തുന്നത് ക്ഷന്തവ്യവും.
പിന്നെന്താണ് തെറ്റ്?
ആദ്യത്തെ തെറ്റിനു കൊന്നവരെ കുറ്റം പറയാനൊക്കില്ല. കൊച്ചുകുട്ടികളും ഇന്നത്തെ കാലത്ത് ചെറിയ മാനസിക പിരിമുറക്കങ്ങളും അയയലുകളുമൊക്കെയുള്ള ബഹുഭൂരിപക്ഷ ജനത്തിന്റെ മുന്നിലേക്ക് ദൃശ്യങ്ങളെത്തിച്ച ഔചിത്യബോധത്തിനു, അങ്ങനൊരു സാധനത്തെ പെട്ടന്നു റദ്ദു ചെയ്യുന്ന സെന്‍സേഷണലിസത്തിനു വേണം പഴി.
ങ്ങേ..
അതു കാണുന്നവന്‍ പിന്നെ അടുത്ത കാലത്ത് താറാവിറച്ചി പോയിട്ട് കോഴിയിറച്ചി പോലും തിന്നില്ല.
അപ്പോ തെറ്റ് രണ്ട്?
ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ടതൊന്നും പണച്ചിലവും അറിവില്ലായ്മയും കാരണം പാലിച്ചില്ല. മറച്ച സ്ഥലത്ത് നശിപ്പിക്കുന്നതും അവശിഷ്ടങ്ങള്‍ ശരിയായി ഡിസ്പോസ്സ് ചെയ്യുന്നതു മടക്കം. ശരിയായ രീതിയില്‍ ചെയ്തിരുന്നെങ്കില്‍ തെറ്റ് ഒന്ന് എന്നൊന്നു സംഭവിക്കില്ലായിരുന്നു.
അതിപ്പോ.
ഡാ രാവിലത്തെ മുട്ടേടെ ക്വോട്ട കഴിഞ്ഞു നിന്റേം.. സ്ഥലം കാലിയാക്കുന്നതിനു മുന്‍പിതു കൂടെ കേട്ടേട്ടും പോ ശരാശരി മലയാളി ബൗദ്ധികവൈകൃതത്തിന്റെ മിനിയേച്ചര്‍ വേതാളമേ..
എന്തോ?
ഡാ ഈ നിലവിളിച്ചതിലവെനേലുമൊരുത്തന്‍, ഗ്ലൗസ്സോ മറ്റു പെര്‍സണല്‍ പ്രൊട്ടക്ഷന്‍ ആവരണങ്ങളോ ഇല്ലാതെ മനുഷ്യന്‍ ആ കര്‍മ്മം ചെയ്തതിനെക്കുറിച്ചു നിലവിളിച്ചതു കണ്ടാരുന്നോ?
ഇല്ല.
ഇതാണു തലേല്‍ നിലാവെളിച്ചമുണ്ടായാലുള്ള കുഴപ്പം, നിലവിളിക്കേണ്ടതിനു നിലവിളീക്കൂല്ല. അല്ലേലും മനുഷ്യനു... ഡാ..നീ പോയോ
(പിന്നെ വൈകിട്ട് തപാലാണ് വന്നത്. വേതാളപദത്തീന്നു രാജി വെച്ചോണ്ടുള്ള അവന്റെ കത്ത്)

Read more »

Saturday, November 22, 2014

മാലിന്യം

ഹുസ് ദാറ്റ്.. അടുക്കളേല്‍ കോന്‍?
ഞാനാണ് വിക്രം സര്‍, യുവര്‍ വേതാള്‍
ഇപ്പം നിനക്ക് ആ സൗത്താഫ്രിക്കന്‍ ഗേള്‍ഫ്രണ്ടിന്റെ ഗതി വന്നേനെ, എനിക്കു പാരാലിംപിക്സ് അത്ലറ്റിന്റെയും
യൂ മീന്‍ ഡിഷും ഡിഷും? അക്രമമരുത് വിക്രം സര്‍, അക്രമമരുത്.
എന്റെ അടുക്കളേ നിനക്കെന്ത് കാര്യം?
മാലിന്യം നിര്‍മ്മാര്‍ജ്ജനം സര്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം
എന്റെ മാലിന്യം ഞാന്‍ നിര്‍മ്മാര്‍ജ്ജിച്ചോളാം. അത് വിട്.  എന്താണ് നിനക്ക് പെട്ടന്നൊരു മാലിന്യ നിര്‍മ്മാര്‍ജ്ജനം?
പൈപ്പും കടിച്ചു പിടിച്ച് ജോസ്പ്രകാശമിട്ട് മസ്കിഷത്തിനു തീറ്റ കൊടുക്കാന്‍ പൊത്തകോം വായിച്ചോണ്ടിരുന്നാ പോര വിക്രം സര്‍. ഇടയ്ക്കൊക്കെ പത്രോം വായിക്കണം.
വിസ്താരഭയത്തോടെ ചുരുക്കിപ്പറ.
ങ്ങേ
സോമ്പേരി വേതാള്‍ വാര്‍ത്തേടെ സംഗ്രഹമെഴുതാന്‍. ഒരു വാചകത്തില്‍ കവിയാതെ.
സ്കൂള്‍ കുട്ടികള്‍ മാലിന്യം കൊണ്ടുക്കൊടുത്താല്‍ പകരം പുസ്തകം കിട്ടും.
ഹഹ. അതിനാന്നോടേ നീ കുപ്പ പെറുക്കാന്‍ വന്നത്. കേട്ടിട്ടു നിനക്ക് രോമാഞ്ചം വന്നല്ലേ?
വന്നു.
സമത്വസുന്ദരസമൂഹത്തിലെ പ്രതിബദ്ധത പെട്ടന്ന് പൊട്ടിമുളച്ച്..
തന്നെ..
തരളവേതാളമേ, ഇതിനെ കാല്‍പ്പനികത എന്നു പറയും.
എന്നു വെച്ചാ?
ജനപ്രിയ ഫോര്മുലകളുടെ സെല്ലിങ്ങ് പോയിന്റ്
ങ്ങേ?
ആവേശത്തേലും വികാരത്തേലും തൊടുമ്പോ ജനത്തിനു യുക്തി പോവും.
അപ്പം കുട്ടികളും മാലിന്യവും..
ബാലവേലയും കുട്ടികളുടെ അവകാശങ്ങളും അന്താരാഷ്ട്രമാനദണ്ഡങ്ങളും യാഥാര്‍ത്ഥ്യങ്ങളുമെല്ലാവിടെ നില്‍ക്കട്ടെ. അതിനെ മാറ്റി നിര്‍ത്തിയാലും മറ്റൊന്നുണ്ട്
വാട്സ് ദാറ്റ് വിക്രം സര്‍? വാട്സ് ദാറ്റ്?
നാട്ടിലാരിക്കുമ്പോ നീ ക്യൂ നിന്നു കണ്ട തുണ്ടു പടത്തിന്റെ പോസ്റ്ററേ വലിയ അക്ഷരത്തില്‍ എ എന്നെഴുതി വെച്ചേക്കുന്നതെന്തനാന്നറിയോ?
പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം.
മാത്രം എന്നതില്‍ അനുയോജ്യം എന്നൊരു ഹിഡന്‍ ക്ലോസ്സുണ്ട്.
കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങളില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടം വേണം എന്നെഴുതി വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ടോ?
ഒണ്ട്.
ക്യോം?
ഇല്ലേ, അപകടം പറ്റാനുള്ള ചാന്‍സുള്ളതു കൊണ്ട്.
കുട്ടികളെ കുട്ടികളാക്കുന്ന കാര്യങ്ങള് ആ പ്രായത്തില്‍ നിലവിലുള്ളത് കൊണ്ട്. മനസ്സിലായോടേ?
ആം. ബട്ട് വൈ?
മാലിന്യത്തിനെത്ര തരംതിരിവുണ്ടെന്നതു പോലുള്ള വലിയ കാര്യം വിട്. മാലിന്യവുമായി കുട്ടികള്‍ സമ്പര്‍ക്കത്തിലാകുന്നതിന്റെ ഹെല്‍ത്തി റിസ്കുകളെന്തൊക്കെയാരിക്കുമെന്നറിയോ?
അറിയൂല്ല.
ഡാ ഒരു പ്ലാസ്റ്റിക്ക് കവറില്‍ ഇറച്ചി പൊതിഞ്‍ഞോണ്ടു വരാം. വിഷം വാങ്ങിക്കൊണ്ടു വരാം. ബസ്സേ പോവുമ്പോ ഗതികേടിനു ഛര്‍ദ്ദിക്കാന്‍ മുട്ടിയാല്‍ ഛര്‍ദ്ദിക്കാം. രാസവസ്തുക്കളു കാണാം. കീടനാശിനികളു കാണാം. അങ്ങനെ ഒരു നൂറു കൂട്ടം റിസ്കുകളു കാണാം. സംഭരണസ്ഥലത്തെത്തിക്കുന്നതിലെ ഇന്‍ ട്രാന്സിറ്റ് റിസ്കുകളു വേറേം.
അപ്പോ?
ആവേശപ്പെരുക്കം വിട്ട്,  ഉത്തരവാദിത്വങ്ങളുടെ ആംഗിളില്‍ നിന്നു നോക്കിയാല്‍ അപകടകരം.
അപ്പോ കുട്ടികള്‍?
മാലിന്യം  സംസ്കരിക്കുന്നതിനു പകരം പാഠ്യപദ്ധതിയില്‍ ശുചിത്വം വരട്ടെ. തിയറി പഠിക്കട്ടെ, പഠിക്കുന്നതുറയ്ക്കാന്‍ ഗൈഡഡ് പ്രവര്‍ത്തനങ്ങളും നടക്കട്ടെ. ദൈനംദിന പ്രവര്‍ത്തനമല്ലാതെ പാഠ്യവിഷയം വരുമ്പോള്‍
അല്ലാത്തപ്പം
തലതിരിഞ്ഞവനേ വേതാളമേ. പിള്ളേര്‍ക്കു തിന്ന പാത്രം കഴുകി വെക്കാം. സ്വന്തം ഡ്രസ്സു കഴുകാം. സ്വന്തം മുറി വൃത്തിയാക്കാം. വൃത്തിശീലങ്ങളോടെ ജീവിക്കാന്‍ പഠിക്കാം. ആളുകളു പുച്ഛിക്കാത്ത രീതിയില്‍ പെരുമാറാന്‍ പഠിക്കാം. പക്ഷെ മാലിന്യങ്ങളു തരംതിരിക്കലും നിര്‍മ്മാര്‍ജ്ജനവുമൊക്കെ മുതിര്‍ന്നവര്‍ അതും ശരിയായ സുരക്ഷാ ഉപാധികളുപയോഗിച്ചു ചെയ്യേണ്ട ഒന്നാണ്. പിള്ളേരു കളിയല്ല
അപ്പം എന്നോട് അടുക്കളേന്നിറങ്ങാന്‍ പറഞ്ഞത്?
നിനക്കതിനുള്ള പക്വതയാവാത്തതു കൊണ്ട്.  അപ്പോ ഇപ്പം
ഞാന്‍ പോയി.
സൂക്ഷിച്ചൊക്കെ പോ, അന്തിക്കൂരാപ്പിനു മുന്‍പ് മരത്തേ തൂങ്ങ്. നവംബറു രണ്ടു മുതല് നിനക്ക് കണ്ടകശ്ശനിയാടേ..
ഹംച്ചീ. ഞാമ്പോയി.
Read more »

Tuesday, November 18, 2014

യുദ്ധസന്ധി

സര്‍..
എന്തരടേ വേതാള്‍ ശോകമൂകനായിട്ട്?
നൂറു വര്‍ഷമായി..
തലേം കുത്തി കെടക്കുന്ന നിനക്കെന്തു വര്‍ഷം, കാലം, ദേശം? വിഷയാസക്തി എന്ത്?
യുദ്ധം സര്‍വിക്രം, മറ്റെന്ത്? ലോകമഹായുദ്ധം. ഇന്നൊരു സായിപ്പ് ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലിനേം രണ്ടായിരത്തി പതിനാലിനേം താരതമ്യം ചെയ്തേക്കുന്നു. എന്തു കൊണ്ടാണ് ഈ ലോകത്തിലു യുദ്ധോം ചോരച്ചൊരിച്ചിലുമൊക്കെയുണ്ടാവുന്നത്?
അക്രമമായിപ്പോയെടേ, അക്രമം.. തലേം കുത്തി കെടന്നിട്ടും  വെളിവില്ലേ?
ങ്ങേ? സമാധാനകാംക്ഷിയായ എന്നെ പള്ളു പറയുന്നോ, വേതാളങ്ങളോടെന്തുമാവാല്ലോ?
അല്ല വേതാള്‍. കായേനും ആബേലും മുതലു തുടങ്ങിയതാണ് കത്തീം ചോരേം. ഇതു കണ്ടേച്ചാണ് അശോകനു കുറ്റബോധം വന്നത്. അര്‍ജ്ജുനന് കൃഷ്ണന്‍ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു കൊടുത്തത്. ജീവിതവും മരണവുമെല്ലാം ഒന്നാന്നു ഡ്രൂയിഡുകളു പണ്ടേ പറഞ്ഞത്.
അപ്പം ലോകമഹായുദ്ധം.?
മഹായുദ്ധമെന്നല്ല, എല്ലാ യുദ്ധോം മനുഷ്യസ്വഭാവമാണ്. ആന്തരികോം ബാഹ്യമായതെല്ലാം. ആവര്‍ത്തനോം ചാക്രികതേമാണ്. ആകസ്മികതേം സാധ്യതയുമാണ്. മുയലു വീഴുമ്പോ ചാവുന്ന ചക്കയും പിളര്‍ത്തിയ മരത്തില്‍ പൃഷ്ടം ചാര്‍ത്തിയ കുരങ്ങനുമൊക്കെയാണ്..
അപ്പോ?
ഇനീം യുദ്ധമുണ്ടാവും, ഇനീം ആളുകളു മരിക്കും. യുദ്ധമുണ്ടായില്ലേലും മരിക്കും.
ങ്ങേ..
ഡാ സോമ്പേരി വേതാള്‍. യുദ്ധം ഒരു വിപണിയാണ്. പണ്ടെങ്ങാനും നടന്നിട്ടുള്ള വല്ല കുടിപ്പക അടിപിടിയും രാഷ്ട്രീയ നിലനില്‍പിനുള്ള അടിപിടിയും ഒഴിച്ച് എല്ലാ യുദ്ധവും സാമ്പത്തിക പ്രവര്‍ത്തനമാണ്. യുദ്ധം മനുഷ്യന്റെ മോളിലല്ല പിശാശേ സമ്പത്തിന്റെ മുകളിലാണധിനിവേശം നടത്തുക.
അപ്പം മനുഷ്യന്‍..
നീ അതീതലോകഭക്തരുടെ വാച‌കമടി കേട്ടിട്ടൊണ്ടോ?
ഏത്?
മീഡിയം. അതാണു വാക്ക്.  യുദ്ധത്തിലു മനുഷ്യരു മീഡിയം മാത്രമാണ്.
ങ്ങേ.
ഓരോ സമ്മര്‍ദ്ധമേഘലയും ഓരോ വിപണിയാണ്. ഓരോ വിപണിയും ലാഭവും. സെല്ലേഴ്സ് മാര്‍ക്കറ്റാണായുധം.
അപ്പോ?
ഉത്തരവും ദക്ഷിണവുമായ കൊറിയകളു തമ്മിലുള്ള അടി ഉണ്ടാക്കിയ ആയുധവിപണിയെത്രാന്നറിയുമോ? സോഷ്യലിസ്റ്റ് മുതലാളിത്ത ചേരികള്‍ തമ്മിലുണ്ടായ അടികളുണ്ടാക്കിയ വിപണിയെത്രാന്നറിയുമോ?
അത്...
ഡാ ആ അതു തന്നെയാണ് യുദ്ധവും സംഘര്‍ഷവും.
വിക്രം സാര്‍..
ഹെന്താടാ പിശാശേ..
എന്റെ തലയ്ക്കു ചുറ്റും ഒരു ഹാലോ കണ്ടോ?
അതെന്തിന്?
പണ്ടശോക ചക്രവര്‍ത്തിക്കു യുദ്ധം ചെയ്തപ്പം വന്ന ബോധോദയം. അതെനിക്കിപ്പഴാ കിട്ടിയത്..
ഹാലോയുള്ള വേതാളക്കഴുവേറീ. ആദ്യം പറഞ്ഞ വാചകം ഒന്ന് നിനക്കോര്‍മ്മയുണ്ടോ?
ഏത്?
യുദ്ധം ചെയ്താലും മരിക്കും ഇല്ലേലും മരിക്കും. ഇനിയിവിടെ നിന്നു ചുറ്റിത്തിരിഞ്ഞാല്‍ പിന്നെ നിനക്ക് യുദ്ധം ചെയ്യേണ്ടി വരില്ല..
ക്യോം?
മൂത്തുപഴുത്ത മദ്യവയസ്കര ഒന്നു കാത്തു നില്‍ക്കുന്നു.
എന്തിന്?
യുദ്ധം ചെയ്യാന്‌‍, വാട്ടെല്‍സ് ഫൂള്‍. സമാധാനാത്തിനു വേണ്ടിയുള്ള യുദ്ധം. ഇനി ഇവിടെ കിടന്നു കറങ്ങാതെ സ്ഥലം കാലിയാക്ക്.
(അനന്തരം അന്തരീഷത്തീന്നൊരു കുറിപ്പു വന്നു വീണു. വേതാളം മരക്കൊമ്പിലെത്തിയ വിവരം അറിയിച്ച്. ഗുഡ്. അല്ലേലുമവന്‍ ഗുരുത്വമുള്ളവനാണ്. വാടീ മ്മക്ക് യുദ്ധം തുടങ്ങാം)

Read more »

Monday, November 10, 2014

മദ്യേ വിവാദോല്പത്തി

ഗുഡ് മോണിങ്ങ് സാര്‍
നിലവിളിക്കുന്നപോലാന്നാടേ ഗുഡ്മോണിങ്ങ്. ഒരു തഞ്ചത്തിലൊക്കെ പറ വേതാളമേ..
ഒന്നൂല്ല സര്‍. ടിവി കണ്ടിട്ടു സഹിക്കുന്നില്ല
എന്തോന്നെടേ ടിവി സമാചാര്‍
കൈക്കൂലി സര്‍ കൈക്കൂലി
ക്യാ ബാത്ത് ഹേ?
മദ്യം..
അതിനാന്നോടേ നീ കയറു പൊട്ടിച്ചത്
അല്ല വിക്രം സര്‍ കയറു പൊട്ടിക്കണ്ടേ..
ഡാ കള്ള ബ‍ടുവാ..
ഹെന്തോ..
ലോകത്തെവിടെയും രാഷ്ട്രീയം എന്നു പറയുന്ന തേരുരുളുന്നതിനു ഫീഡറുകളുണ്ട്. ഫീഡര്‍ വ്യവസായങ്ങള്‍...
മനസ്സിലായില്ല..
ആദര്‍ശവും രാഷ്ട്രീയവും തമ്മിലാദ്യം മിക്സ് ചെയ്ത സ്വാതന്ത്ര്യ സമരത്തില്‍ പോലും ഇന്ത്യന്‍ മുതലാളിമാരുടെ സംഭാവനകളുണ്ടായിരുന്നു. ബിര്‍ല മുതല്‍ പേര്‍ കയ്യയച്ചു സഹായിച്ചിട്ടുണ്ട്. കൈന്‍ഡായും കാഷായും..
ങ്ങേ..
ഉള്ളത് തന്നെടേ.  ഇന്ത്യക്കു പുറത്തു പോയാലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുഖ്യ ഫീഡറുകള്‍ പല സ്ഥലങ്ങളിലെയും പ്രമുഖ വ്യവസായങ്ങളാണ്.
അപ്പോ..
നീ മുഖം കോക്രിക്കണ്ട. കാശിറക്കുന്നവന്‍ ഉണ്ണാക്കനല്ലെങ്കിലും ഗുഡ്ബുക്കുകളും ബന്ധങ്ങളും എന്നതിനപ്പുറം കൊടുക്കുന്ന പണം കൊണ്ടു പൊതുവേ സേവനങ്ങള്‍ വാങ്ങുന്നില്ല. പ്രതിഫലം നേരത്തെ പറഞ്ഞ സമ്പര്‍ക്കങ്ങളാണ്.  പൊതുവേ മീഡിയകളൊന്നും സജീവമല്ലാത്ത അതിദരിദ്ര മൂന്നാം ലോക രാജ്യങ്ങളിലൊഴിച്ച് നേതാക്കന്മാരെ ബൈ ഔട്ട് ചെയ്യുന്ന പതിവില്ല. പകരം ബന്ധങ്ങള്‍ സ്ഥാപിച്ചും ഊട്ടിയുറപ്പിച്ചും. അങ്ങനെയങ്ങനെ...
അപ്പം ടിവി വാര്‍ത്തകള്‍..
വാര്‍ത്തയവിടെ നില്‍ക്കട്ടെ.. കേരളത്തില്‍ ഫീഡറാവാനും മാത്രം ശക്തിയില്‍ അങ്ങോളമിങ്ങോളം തഴച്ചു വളരുന്ന ഒരു വ്യവസായം പറ.. പരദൂഷണമല്ലാതെ..
അത്..
ബബ്ബബ്ബ അടിക്കണ്ട, വര്‍ഷാ വര്‍ഷം ആവശ്യങ്ങളുണ്ടാവുന്നതും കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെ തഴച്ചു വളരുന്ന വ്യവസായം ഒന്നേയുള്ളു മദ്യം.
എന്നു വെച്ചാല്‍?
ബൂത്തു തലം മുതല്‍ സംസ്ഥാന തലം വരെയുള്ള എല്ലാ പാര്‍ട്ടി സംവിധാനങ്ങള്‍ക്കും ഒരു മുട്ടാവശ്യത്തിനു ചെന്നു മുട്ടാന്‍ ബാറിന്റെ വാതിലേയുള്ളൂ.
വൈ സോ..
ഡാ കള്ളു കച്ചവടം കുഞ്ഞുകളിയല്ല. ലൈസന്‍സു മുതലിങ്ങോട്ട് സിവിലും ക്രിമിനലുമായ നിരവധി നിയമങ്ങളും അവസ്ഥകളും ഓരോ നിമിഷവും നേരിടുന്ന വിഭാഗം. അത്തരം ഒരവസ്ഥയില്‍ പാര്‍ട്ടി ഭേദമില്ലാതെ ലോക്കല്‍ ബന്ധങ്ങള്‍ വേണം.  അങ്ങനെ രാഷ്ട്രീയക്കാരെ ആശ്രയിച്ചു നില്‍ക്കുന്നതും രാഷ്ട്രീയക്കാരാശ്രയിക്കുന്നതുമായ മറ്റൊന്നില്ല.
ങ്ങേ..അപ്പോ സ്വര്‍ണ്ണക്കടയും റിയലെസ്റ്റേറ്റുമൊ്ക്കെ..
ഡാ തലേംകുത്തിക്കിടന്നിട്ടും തലക്കകത്ത് ചോരയോടാത്ത വേതാളമേ. അപ്പറഞ്ഞത് ന്യായമെന്നു നിനക്കു തോന്നും. ടേണോവറു വെച്ചു നോക്കിയാ ചിലപ്പം വിരലിലെണ്ണാവുന്ന ചില സ്വര്‍ണ്ണക്കടയിലും ചില റിയലെസ്റ്റേറ്റിലും ബാറിനെക്കാള്‍ കാണും. പക്ഷെ ഉപയോക്താക്കള്‍ അഥവാ ബെനഫിഷ്യറിയുടെ എണ്ണം വെച്ചു നോക്കിയാല്‍ ബാറിന്റെ വാലെ കെട്ടാനൊക്കുമോ നീയിപ്പറഞ്ഞ സംഭവങ്ങളു. പോരാത്തതിനു അതിന്റെയൊക്കെ ഗുണഭോക്താക്കള് കയ്യിലു പത്തു പുത്തനെടുക്കാനുള്ളവരുടെ വൈകൃതമല്ലെടേ..  സാധാരണക്കാരനെവിടെ വരുന്നു.  അതുമല്ല
ഏതുമല്ല വിക്രം സര്‍?
രാവിലെ രണ്ടു ഗ്രാം സ്വര്‍ണ്ണം വാങ്ങിയില്ലേ, ഫ്ലാറ്റ് ബുക്ക് ചെയ്തില്ലെങ്കില്‍ കൈ വിറയ്ക്കുമോ?
ഇല്ല. പക്ഷെ വൈ..
ഡാ മാസ്സ് റീച്ചെന്ന ഒരു സാധനമുണ്ട്. പിന്നെ നേരത്തെ പറഞ്ഞ കച്ചവട അവസ്ഥകളും. അടുത്ത കാലത്തൊന്നും മദ്യത്തെ മറികടക്കാന്‍ പറ്റിയ ഫീഡറു വ്യവസായങ്ങള്‍ കേരളത്തിലുണ്ടാവാന്‍ പോവുന്നില്ല.
ങ്ങേ..
വേതാളമേ മരക്കൊമ്പേന്നിറങ്ങി നീ തറേലോട്ടൊന്നു നില്‍. ജ്വല്ലറികള്‍, ആശുപത്രികള്, സ്കൂളുകള്‍ ഇതൊക്കെയാണ് കേരളത്തിലെ പ്രധാന വ്യവസായങ്ങള്‍. പിന്നൊള്ളത് വ്യാപാരി വ്യവസായികളാണ്. ദേ കനോട് അഫോ‍ര്ഡ് ബികമിങ്ങ് എ ഫീഡര്‍. ടേണോവറും ലാഭക്ഷമതേം രാഷ്ട്രീയവിപണിയിലെ ഡിമാന്റും വെച്ചു കടുകും എവറസ്റ്റും തമ്മിലുള്ള വ്യത്യാസം കാണും. വ്യാപാരിവ്യവസായികളും മദ്യമേഖലേം.
ങ്ങേ.
എന്തുവാടേ ങേ റിക്കോര്‍ഡ് ചെയ്തു വെച്ചേക്കുവാന്നോ..ബാക്കീം കൂടെ കേട്ടേച്ച് സ്ഥലം കാലിയാക്ക്.
പറയ്  വിക്രം സര്‍.. പറയ്.
ഡാ.. ഇരുട്ടു വാക്കിനു നടന്നു കേറി അറുപതു രൂപാ കൊടുത്ത് നീയൊരു ലാര്‍ജ്ജടിക്കുമ്പോ അതെവിടൊക്കെയാണ് പോന്നതെന്നു നിനക്കറിയാവോ?
ഇല്ല.
ഉത്പാദനച്ചിലവ് ചില്ലറ പൈസയാണ്. ബാക്കി ബിവറേജസിന്റെ നിരക്കു വരെയുള്ളത് സര്‍ക്കാരു നികുതീം. അതിന്റേം ശിഷ്ടമാണ് കച്ചവടക്കാരനു പോകുന്നത്. മദ്യത്തിനു ചുമത്തുന്ന നികുതി നിരക്ക് മില്‍മാപ്പാലിനു ചുമത്തിയാ ഒരു ഫുള്ള് മില്‍മാ പാലു വാങ്ങാന്‍ എത്ര നൂറ് തിരുമ്മിക്കൊടുക്കേണ്ടി വരുമെന്നറിയാവോ?
ഹമ്മോ..
ഹമ്മിക്കണ്ടടേ. കള്ളിലും കച്ചവടം നടത്തുന്നത് ലാഭമുണ്ടാക്കാന്‍ തന്നാണ്. അവിടാണീ മദ്യപ്രസക്തി.
എന്തു പ്രസക്തി?
ഫീഡര്‍ പ്രസക്തി.  അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോ ഒരു പോസ്റ്ററു മുതല്‍ പ്രചരണം വരെയുള്ള കാര്യങ്ങളെ ബാധിക്കുന്ന പ്രസക്തി.  ഫീഡറാണെന്നും കള്ളു നിന്നാല്‍ ഫീഡറു പോവുമെന്നും അറിയാത്തവരൊന്നുമല്ല രാഷ്ട്രീയക്കാര്.
അപ്പോ വാര്‍ത്ത
ഡാ വേതാളക്കുശ്മാണ്ടമേ.. വാര്‍ത്ത ഒരു നിമിഷകലയാണ്. അതു വരും പോകും. രാഷ്ട്രീയവും സാധ്യതകളുടെ കലയാണ്. അതും വരും പോകും. വാര്‍ത്തയൊക്കെ കണ്ടു വെറുതെ ഞെളിപിരീം എരിപൊരീം കൊള്ളാതെ വിശ്രമവേളകളാനന്ദകരമാക്കെടേ..
ലൈക്ക്?
നീ അപ്പറത്തെ മരത്തേലെ വേതാളിണിക്ക് കവിതേടെ ചൊല്‍ക്കാഴ്ച നടത്ത്..
ഏതു കവിത വിക്രം സാര്‍‍..
കെട്ടഴിഞ്ഞോമന പൃഷ്ഠഭാഗത്തേയും പുഷ്ട നിതംബപ്പരിപ്പിനേം..
ഹെന്റെ വേതാളപരമ്പര ദൈവങ്ങളേ..
ഒച്ചയൊണ്ടാക്കാതെ സ്ഥലം കാലിയാക്ക് പിശാശേ..
 

Read more »