Thursday, August 7, 2014

ഗുസ്തിം

ഹെന്തോന്നെടേ രാവിലെ തലേല്‍ ഹെല്‍മെറ്റ്?
ഒന്നൂല്ല വിക്രം സര്‍, ഒന്നൂല്ല
തലേ കാറ്റും വെളിച്ചോം കയറണ്ടാന്നു തീരുമാനിച്ചോ?
ആത്മരക്ഷയാണ് സര്‍ രക്ഷ.. സൂക്ഷിച്ചാല്‌‍ ദുഖിക്കണ്ട..
കിം? ക്യോം?
ഗുസ്തിക്കാരു പിള്ളേരടിച്ചും ഇടിച്ചും പഞ്ചറാക്കുമ്പോ തലയേലും..
എന്തു കഥ? ഏതു ദേശം?
പത്രവാര്‍ത്ത. ദേശം കോട്ടയം..
പ്രയിസ് ദ ലോര്‍ഡ്. ഡാ, നീ ആദ്യം ഹെല്‍മറ്റൂര്.
ക്യോം?
തുറിച്ചു നോക്കുന്നതും  സമ്മതമില്ലാതെ ശരീരത്തില്‍ കൈ വെക്കുന്നതും ഒരു മാനസികാവസ്ഥയാണ്.
അപ്പോ?
അതു  രണ്ടും നിനക്കില്ല. പിന്നെ നിനക്കെന്തരിനു ഹെല്‍മെറ്റ് ചെല്ലാ, എന്തരിനു ഹെല്‍മറ്റ്?
അല്ല, കാലം വല്ലാത്ത കാലമാണ്..
കാലത്തിന്റെ പ്രശ്നമൊന്നുമല്ല, മാനസികാവസ്ഥേടെ പ്രശ്നമാണ്.
ഇതിനകത്തെവിടെ മാനസികാവസ്ഥ?
‍ഡാ പൊതുസ്ഥലത്തെ പെരുമാറ്റ പ്രശ്നങ്ങള്‍.. അതിനോടുള്ള മനോഭാവം
സ്പെസിമന്‍?
കുറച്ചുകാലം മുന്‍പ് വരെ സന്ധ്യക്ക് ശേഷം പുറത്തിറങ്ങുന്ന സ്ത്രീകളെ , ആളുകളോട് സ്വതന്ത്രമായി സംസാരിക്കുന്ന സ്ത്രീകളെക്കുറിച്ചൊക്കെ പുകച്ചുകൊണ്ടിരുന്ന ഒന്നുണ്ടാരുന്നു..
വാട്സ് ദാറ്റ് വിക്രം സര്‍?
അപവാദം. പൊതുസ്ഥലത്ത് അസമയത്ത് അസ്ഥാനത്ത് കാണപ്പെടുന്നവരെല്ലാം അക്സസ്സബിളാണെന്ന വരവു വെപ്പ്.
ഇപ്പോ?
അണുകുടുംബങ്ങളു വന്നപ്പോ, ആണും പെണ്ണും ജോലിക്കു പോകുന്നത് സര്‍വ്വസാധാരണമായപ്പോള്‍ മനോഭാവമിച്ചിരി മാറിയിട്ടുണ്ടേലും വലിയ മാറ്റമൊന്നുമില്ല..
മാറൂല്ലേ?
നീ ഇത് ലിംഗവിവേചനം വിട്ട് മറ്റൊരു വഴിക്ക് ചിന്തിക്ക്
ഏതു വഴിക്ക്?
ഭരണഘടന ഉണ്ടായ കാലം മുതല്‍ ആണിനും പെണ്ണിനും പൗരസ്വാതന്ത്ര്യം വിഭാവനം ചെയ്യുന്നുണ്ട്. അതില്‍ സഞ്ചരിക്കാനുളള സ്വാതന്ത്ര്യവും പെടുന്നു.
ങ്ങേ?
അതു പോരാത്തതിനു സവിശേഷ സാഹചര്യങ്ങളും പ്രശ്നങ്ങളുമെല്ലാമുള്‍ക്കൊള്ളിച്ച് സമൂഹം മാറിയിട്ടില്ലെങ്കിലും നമ്മുടെ മിക്കവാറും സ്ത്രീ സംബന്ധമായ നിയമങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.
അപ്പം?
പെണ്ണിനൊറ്റയ്ക്കോ ഇരട്ടയ്ക്കോ ഇഷ്ടമുള്ള സമയത്ത്, നിയമപരമായി അനുവദനീയമായ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കാനുളള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. അതുറപ്പു വരുത്താന്‍ നിയമവാഴ്ചയുമുണ്ട്.
അപ്പോ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമം?
അടിസ്ഥാനപരമായി, ടു ദ കോര്‍, നിയമവാഴ്ചയുടെ പ്രശ്നം..
വൈ സോ?
ആര്‍ക്കു നേരെയുള്ള അക്രമവും അതെ.
അപ്പോ?
അവിടാണ് മനോഭാവങ്ങള്‍ പ്രസക്തമാകുന്നത്..
ഹൗ?
ഡാ, വഴിയെ പോകുന്ന പെങ്കൊച്ചിനെ കണ്ണിറുക്കി കാണിക്കുന്നതും അശ്ലീല ആംഗ്യം കാണിക്കുന്നതും നിയമലംഘനമാണെന്നു ചെയ്യുന്നവനും തന്റെ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നതെന്നു ഇരയ്ക്കും ഇതൊരു പ്രശ്നമാണെന്നു വ്യവസ്ഥിതിക്കും തോന്നാത്ത വിധം കണ്ടീഷന്‍ ചെയ്തു വെച്ചിരിക്കുന്ന മനോഭാവം..
അതു മട്രും..
ആ മനോഭാവത്തിലാണ് ലിംഗവിവേചനം പ്രസക്തമാകുന്നത്. ഡാ ബസ്സിനകത്ത് ഒരു ജാക്കിച്ചാന്‍ പെങ്കൊച്ചിന്റെ മൂട്ടില്‍ സ്പാര്‍ക്കുണ്ടോന്നു തപ്പിയാല്‍, പെങ്കൊച്ചൊഴിഞ്ഞു മാറും, നീങ്ങി നില്‍ക്കും, വേറെ പോംവഴി നോക്കും. കണ്ടക്ടറും പ്രശ്നം കോമ്പ്രമൈസാക്കും. അതേ സമയം ഇതു ഒരു പുരുഷന്‍ തന്നെ ഒരു പുരുഷനോട് ചെയ്താല്‍?
മൂന്നരത്തരം, ജനം പഞ്ഞിക്കിടും.
ഒരേ കാര്യത്തില്‍ രണ്ടു പ്രതികരണം വരുന്നത് കാണിക്കുന്നതെന്തരെടേ വേതാള്‍?
ലിംഗവിവേചനം വിക്രം സാര്‍, ലിംഗവിവേചനം..
സമയം മിനക്കെടുത്താന്‍ രാവിലെ ഹെല്‍മെറ്റും വെച്ചു വന്നവനേ. സംഭവം മനോഭാവവിവേചനം. പക്ഷെ അതിനെ എന്‍ഫോഴ്സ് ചെയ്യുന്ന വേറൊന്നുണ്ട്.
വാട്സ് ദാറ്റ്?
അതൊരു കുറ്റകൃത്യമായി, ക്രൈമായി ആരും കാണുന്നില്ല. നിയമം അതിന്റെ വഴിക്കു പോകുന്നില്ല. പരാതിയുണ്ടാവുന്നില്ല, നിയമം നടപ്പിലാക്കപ്പെടുന്നില്ല. പല കാരണങ്ങള്‍ കൊണ്ട്!‌
ഇതൊക്കെയുണ്ടായാല്‍ വല്ലോം മാറുവോ? ഒന്നു ചുമ്മാതിരി സാറെ..
ഡാ മണ്ടന്‍ കുണാപ്പി, ട്രയിനേല്‍ പുകവലീം മദ്യപാനോം നിരോധിച്ചു. ഇരുചക്രത്തിനു ഹെല്‍മെറ്റു വെച്ചു, നാല്‍ക്കാലിക്കു സീറ്റ് ബെല്‍റ്റിട്ടു, ഗ്ലാസ്സിലു ഫിലീമിളക്കികളഞ്ഞു. മദ്യപിച്ചു വണ്ടിയോടിച്ചാല്‍ ലൈസന്‍സ് റദ്ദാവുന്ന സ്ഥിതി വന്നു.
തന്നെ.
ഇവിടെന്താ സംഭവിച്ചത്?
എന്തര്?
പ്രസക്ത നിയമങ്ങളു ബാധകമായി, പ്രാബല്യത്തില്‍ വന്നു. ശേഷനു മുന്‍പുള്ള ഇലക്ഷന്‍ കമ്മീഷനും ശേഷനു ശേഷമുള്ള കമ്മീഷനും പോലെ. ഇപ്പോഴും ലംഘനമുണ്ടാവും കുറ്റങ്ങളുണ്ടാവും.പക്ഷെ കുറ്റങ്ങളുടെ എണ്ണവും വണ്ണവും കുറയും..
അപ്പോ..
അതു തന്നെ. നിയമമുണ്ടായാല്‍ പോര, അതു നിലവിലും പ്രാബല്യത്തിലുമുണ്ടാവുവേം വേണം..
അപ്പോ ഗുസ്തി?
തല്ക്കാലം അതു തന്നെ തുണ, പെമ്പിള്ളേര് ഗുസ്തി മാത്രമല്ല, കരാട്ടേം കളരീം കത്തിക്കുത്തുമെല്ലാം പഠിക്കട്ടും. ഇടിച്ചു നിരത്തട്ടും.. അപ്പോ നീ ആ ബോര്‍ഡ് കണ്ടോ..
കണ്ടു.
എന്നാ വായിക്ക്.
സമയം മിനക്കെടുത്താന്‍ വന്ന തലതിരിഞ്ഞവനേ നിന്റെ ഇന്നത്തെ സമയം കഴിഞ്ഞു. ഇനി നാളെ.

1 comments:

Post a Comment