Monday, August 18, 2014

ബാര്‍

സാര്‍‍...
എന്തുവാടേ കൂവിവിളിച്ചു പ്രശ്നമൊണ്ടാക്കുന്നേ..
സാററിഞ്ഞില്ലേ, സത്യമായും സാററിഞ്ഞില്ലേ?
ഒരു കീറു വെച്ചുതന്നാലുണ്ടല്ലോ,  കിടന്നു കാറാതെ കാര്യം പറയുവ്വാ..
പാലായിലൊറ്റ ബാറു പോലുമില്ലെന്ന്..
ങ്ങേ. വെയിലിനും തീക്കും തണുപ്പോ? തീക്കട്ടേലുറുമ്പരിച്ചോ? ഇതെന്തോന്ന് വേതാള്‍, പാലാ മീനച്ചില്‍ താലൂക്കിലും കോട്ടയം ജില്ലേലും തന്നല്ലിയോ? ആ പാലാ തന്നാണോ ഈ പാലാ?
ആന്ന് സാര്‍, ആന്ന്, നല്ലപ്പം കേട്ടപ്പോ ഞാനും വിശ്വസിച്ചില്ലാരുന്നു..
അതെന്തോന്ന്, പാലായില്‍ റവ്വര്‍ പാല് ചുരത്താതായോ? വെട്ടാനും പരത്താനും ആളെക്കിട്ടാണ്ടായോ?  
അല്ല,
പിന്നെന്തോന്ന് രാവിലെ മുതലു അന്തിക്കുന്നന്‍ ചേക്കേറുന്ന സമയം വരെയുള്ള സമയം തൊഴിലൊറപ്പുകാരു കൊണ്ടുപോയോ?
നോ സര്‍. നോ..
പിന്നെന്തോന്ന്. കാര്യം പറഞ്ഞു തുലയ്ക്കെടേ, മനുഷനു വേറെ പണിയൊണ്ട്
ഗുണനിലവാരമില്ലാത്തതോണ്ട് ബാറെല്ലാം സര്‍ക്കാരടപ്പിച്ച കൂട്ടത്തിലടപ്പിച്ചതാന്ന് പോലും..
ഗുണനിലവാരമൊക്കെ ആപേക്ഷികമാണ് വേതാള്‍, ആപേക്ഷികം.
എന്നു പറഞ്ഞാലെന്തുവാ?
ഡാ, ഒണ്ടേയില്ലേന്നു മീനച്ചിലുകാരനെ അനുകരിക്കുന്ന നിനക്ക് പാല, മീനച്ചില്‍ ചരിത്രമറിയോടാ പിശാശേ?
നോ. എന്‍ലൈറ്റന്‌‍‍ മീ സര്‍..
ഡാ, റവ്വര്‍ മരങ്ങളില്‍ പണത്തിന്റെ സ്ലോട്ടര്‍ ടാപ്പിങ്ങ് ആദ്യം തുടങ്ങിയ സ്ഥലങ്ങളിലൊന്ന് കോട്ടയത്തൂന്നു കിഴക്കോട്ടു പോന്ന റോഡാണ്. റവ്വറിന്റെ ഗുണമെന്താന്നറിയോ?
നോണ്‍ പെരിഷബിള്‍, അടുപ്പിലൂതാന്‍ വഹയൊണ്ടേ വില കൂടുന്ന വരെ അമുക്കിവെക്കാം. പാലായോ ഒട്ടുപാലായോ ഷീറ്റായോ കൊടുത്തു കായൊണ്ടാക്കാം.
അതല്ലാതേം വേറേമൊണ്ട് വേതാള്‍. രാവിലെ ഒരെട്ടൊമ്പതു മണിയോടെ കര്‍ഷകനും തൊഴിലാലിയും അന്നത്തടമൊണ്ടാക്കി ഫ്രീയാവും. പിന്നവന്റെ മുന്നില്‍ ദിവസം അന്തിക്കൂരാപ്പ് വരെ നീണ്ടു നിവര്‍ന്നു കിടക്കുവല്ലിയോ..
ആന്ന്. അപ്പം അതിനെന്തോ ചെയ്യാനാ..
പോക്കറ്റിക്കാശൊള്ളോര് പലിശയ്ക്കു കൊടുത്തു കാശൊണ്ടാക്കും, ഇല്ലാത്തോന്‍ സൈഡ് വിസിനസ്സ് തൊടങ്ങും. അനാദിക്കടമുതല് ഇരുമ്പുതുരുമ്പു കട വരെ . അതുമല്ലേ ഒരു നൂറു കേരളാ കോണ്‍ഗ്രസ്സിലൊന്നി ചേര്‍ന്നു രാഷ്ട്രീയം കളിക്കും. എന്നാലും പിന്നേം സമയം ബാക്കി..
അപ്പോ?
സമുദായ പ്രവര്‍ത്തനോം പ്രാര്‍ത്ഥനേം കഴിഞ്ഞാലും പിന്നേം സമയം നീണ്ടു നിവര്‍ന്നു കിടക്കുവല്ല്യോ..
അപ്പോന്നു ഊന്നിയൂന്നി ചോദിക്കുന്നു..
കാശൊള്ളോന്‍ ക്ലബ്ബി പോയി അന്തസ്സായിട്ടു സ്മോളും തൊട്ടുകൂട്ടി ചീട്ടു കളിച്ച് കാശു കളയുവോ വാരുവോ ചെയ്യും...
ഇല്ലാത്തോന്‍?
പാവങ്ങക്കു വേണ്ടിയല്ല്യോടേ നമ്മടെ നാട്ടിലു ബാറു തുറന്നേക്കുന്നേ. ഇല്ലാത്തോന്‍ ബാറിലിരുന്നു രണ്ടു വെടിവട്ടോം പറഞ്ഞു ഉച്ചയ്ക്കൂണു കാലമാവുമ്പോ അപ്പറ്റൈസറും നിറച്ച് മീനും കൂട്ടിയുണ്ണാനങ്ങു വീട്ടിലോട്ട് ചെല്ലും.
അപ്പോ ഇപ്പോ?
ഡാ, ഫൂള്‍..
എന്തോ..
ഡാ കൊച്ചനേ, സാമാന്യബുദ്ധി പാലാക്കാരനെ ആരും പഠിപ്പിക്കണ്ട, അവരു റവ്വറില്‍ വിതയ്ക്കുകേം പാലില്‍ കൊയ്യുവേം ചെയ്ത ചൊള കൊടുത്ത് ബിവറേജസ്സീന്നും നാട്ടിലെ പട്ടാളക്കാരനീന്നും വാങ്ങി കളപ്പുരകളില്‍ സ്റ്റോക്ക് ചെയ്യും..
അപ്പോ അദ്ധ്വാനിക്കുന്ന ജനസമൂഹം..
‍മണ്ടന്‍കുണാപ്പീ, അവരു കരികലക്കിക്കിട്ടുന്ന കീടമടിക്കുന്നതിനു പകരം നാട്ടുനടപ്പ് നല്ല വാറ്റു വാങ്ങിയടിക്കും.  ഉച്ചയ്ക്കൂണും കഴിഞ്ഞൊന്നു മയങ്ങിയെണീറ്റു രാത്രി അത്താഴത്തിനു മുന്‍പ് ചാര്‍ജ്ജ് ചെയ്യാനൊള്ളത് മിച്ചമൊണ്ടേലിച്ചിരി മോന്തി..
അപ്പോ പാലേല്‍ ബാറില്ലാത്തത്..
ഒരു വഴിക്കു നന്നായെടേ.. ചൊളയെണ്ണിക്കൊടുത്ത് രണ്ടു സ്മോളടിക്കുന്നവനും ആംബിയന്‍സും ചുറ്റുപാടുമൊക്കെയാവാം.
ങ്ങേ..
തംപ്സ് അപ്പെന്നും പറഞ്ഞ് ഒരു വലിക്കൂറ്റുന്ന ശീലം വിട്ടേച്ച്, ജനം മെല്ലെ സാവകാശം ആംബിയന്‍സുമാസ്വദിച്ചു മൊത്തട്ടടേ.. കൊടുക്കുന്ന കാശു മൊതലാവട്ടെന്റെ വേതാളമേ..
അപ്പം?
ബാറു തുറക്കാന്‍ ഇച്ചിരി താമസിച്ചാലും കൊഴപ്പമില്ലെടേ. ചത്താലും ചമഞ്ഞു കിടക്കണന്നാ കാര്‍ന്നോന്മാരു പറഞ്ഞേക്കുന്നേ.. അല്ലേലും ഇനിയൊള്ള കാലത്തു പിള്ളേരു വല്ലോം ഇവിടെങ്ങാനും കിടക്കുവോ. ആദ്യം മറ്റിംഗ്ലീഷും ടൈപ്പും പഠിച്ചു കുറെയെണ്ണം പോയി. ഇപ്പോ കംമ്പ്യൂട്ടറും സോഫ്റ്‍റ്‍വെയറും പഠിച്ചു പിന്നേം പോയി. ലീവിനു വരുന്നോര്‍ക്കവരുടെ സ്റ്റാന്‍ഡേര്‍ഡിനെന്തേലുമൊക്കെ വേണ്ടേ. തന്നേം പിന്നേം എന്നും കോട്ടയത്തു പോയി സ്മോളടിക്കാനൊക്കുവോ..
സര്‍. എന്നാലും പാല!
ഡാ, ഇതൊക്കെ കാലഗതിയാണ്. ബാറുമുകളേറിയ മന്നന്റെ തോളില്‍ ബിവറേജസ് കയറ്റുന്നതും ഭവാന്‍! നീ പോയി ആ മരത്തേ തൂങ്ങി അനന്തമജ്ഞാതമവര്‍ണ്ണനീയം ചൊല്ല്. ചല്‍...1 comments:

Post a Comment