Saturday, August 2, 2014

ഒറിജിനല്‍

എന്തോന്ന് പേച്ചും മൂച്ചുമില്ലാതെ പതുങ്ങി നിക്കണത്? വാട്സ് അപ്പ് വേതാള്‍...
ങുംഹും.
എന്തോന്നെടേ. വിഷയം ബോല്‍, വഴിയൊണ്ടാക്കാം..
ഹൊന്നൂല്ല വിക്രം സാര്‍. ഹൊന്നൂല്ല..
നെനക്കെന്തോന്ന് നിരാശയോ?
ഒരുത്തന്‍ ഒരുത്തിയെ എത്ര അഗാധമായി പ്രേമിച്ചാലും അവസാനം ഒരു ജലരേഖയില്‍ കലാശിക്കുന്നു..
‍ഡാ, രാവിലെ വികെഎന്‍ വാചകം തിരുത്തിയെഴുതിയാല്‍ മനസ്സിലാവില്ലെന്നു വിചാരിക്കരുത് വേതാളപ്പിശാശേ..
എഴുത്തല്ല, വിക്രം സാര്‍ എന്റെ കഴുത്ത്.. എന്റെ പാവം ഹൃദയം..ഹെന്നാലും ഇതെങ്ങനെ കണ്ടു പിടിച്ച്?
ഏത്?
ആ വാചകത്തിന്റെ ശ്രീമൂലസ്ഥാനം..
ഡാ വികെഎന്‍ സമ്പൂര്‍ണ്ണകൃതികളു വാങ്ങിയാ, അങ്ങേരാവുവോ?  എം.പി.നാരായണപിള്ളയുടെ കിത്താബ് വായിച്ചാല്‍ സാമ്പത്തികവിശകലനം നടക്കുവോ?
ഇല്ലേ?
ഇല്ല, മാക്സിമം അര്‍ദ്ധവാചകങ്ങളിലും മുറിവാക്കുകളിലും വിവരക്കേടിലും ബോറടിപ്പിക്കാം.
ക്യോം?
ഡാ, എഴുത്തെന്നത് ഒരു മനോനിലയാണ്, അവിടെ വ്യാജം വേവൂല്ല. അനുകരണം കിളിക്കൂല്ല. കാപട്യം കൊണ്ട് ഓട്ടയടയൂല്ല.
അപ്പോ..
ഡാ അപ്പറത്തിരുന്നു കൊട്ടിപാടുന്ന മാഗിയമ്മച്ചിയെ കണ്ടോ?
കണ്ട്..
മൂപ്പത്തി പണ്ട് ടൈപ്പ് റൈറ്ററിന്റെ കാലം മുതല്‍ തുടങ്ങിയാതാണ് ഈ കൊട്ടിപ്പാടി സേവേം പകര്‍ത്തെഴുത്തും. കമ്പ്യൂട്ടറു വന്നപ്പോ വിഷയം കമ്പ്യൂട്ടറിലായി. ടൈപ്പിസ്റ്റെന്നൊള്ള പേരിനു പകരം ഓപ്പറേറ്ററെന്നു പട്ടോം കിട്ടി.
പത്തു മുപ്പതു വര്‍ഷമായിട്ടു പല ശൈലീലക്ഷരം കൈകാര്യം ചെയ്യുന്ന മൂപ്പത്തി ബോവെയും പ്ലാത്തും  പോയിട്ടു മാധവിക്കുട്ടി പോലുമാവൂല്ല. അതിനപ്പുറത്തിരുന്ന് പരസ്യത്തെ പടമാക്കുന്നവന്‍ പിക്കാസോയാവൂല്ല.
ങ്ങേ.. അതുമെന്റെ ഹൃദയോം അമ്മച്ചീടെ മരക്കൊമ്പിലെ സുന്ദരീം തമ്മില്‍..
മതിലേ മുള്ളിയപ്പോ തെറിച്ചു പോലും ഇച്ചിരി ബോധം കിട്ടാത്ത വിവരക്കേടിന്റെ തലേംകുത്തിക്കിടക്കുന്ന രൂപമേ..
ഹെന്തോ..
പകര്‍ത്തിയെഴുതിയാ പ്രേമം കിളിക്കൂല്ല. അവിടേം ഒറിജിനലേ വേവൂ. മോഷണമുതല് പ്രേമലേഖനത്തിക്കൊടുക്കുന്നതിനു പകരം സ്വന്തമായിട്ടു നാലക്ഷരമെഴുതിക്കൊടുത്തു നോക്ക്. നീ വിചാരിക്കുന്നതിനേക്കാ ബോധം ലേഖനം കിട്ടുന്ന ലേഡിക്കുണ്ടെന്ന സത്യോം മനസ്സിലാക്ക്.. പ്രതിപക്ഷബഹുമാനം ഒരു വാക്കു മാത്രമല്ലെടേ..
ങ്ങേ..
ഡാ ബീ ഒറിജിനല്‍, പ്രേമത്തിലാണേലും ജീവിതത്തിലാണേലും..
എന്നാ പിന്നെ എന്റെ ഹൃദയരക്തത്തില്‍ ചാലിച്ച്..
ചാലിക്കാന്‍ വരട്ടെ, രക്തത്തിനു പിന്നേം ആവശ്യം വരും. ... അല്ലേലും ഈ പ്രേമമെന്നത് പനീം കുളിരും പോലൊരു സാധനമാണ്.. ഇടയ്ക്ക് വരും ഇടയ്ക്കു പോവും... ഓരോ തവണേം രക്തം ചിന്താന്‍ നിന്നാ അതിനടുത്ത വര്‍ഷം നിന്റെ കളര്‍ ഫോട്ടോ ഞാന്‍ തന്നെ കൊടുക്കേണ്ടി വരും..
അപ്പോ പ്രേമം..
ഡാ ആദ്യം പറഞ്ഞതില്‍ രണ്ടാമനെ കടമെടുത്താല്‍, ബ്രോയ്‍ലര്‍ കോഴി ആത്മഹത്യ ചെയ്യാന്‍ പഠിച്ചാല്‍ കോഴിക്കടക്കാരന്റെ കടപൂട്ടൂല്ലേ..
അപ്പം..
ഡേര്‍ ആര്‍ ബൈറ്റര്‍ തിങ്ങ്സ് ഇന്‍ ലൈഫ് മാന്‍. ഗ്രോ അപ്പ്!
ഇന്നെന്നെ ഗെറ്റൗട്ടടിക്കണ്ട..
ക്യോം..
ഞാമ്പോവുവാ.. ഒരു തരുണകാമുകനെ കശക്കിയെറിഞ്ഞ കശ്മലാ, നിങ്ങക്ക് മാപ്പില്ല..
‍‍ഡാ.. വരുമോരോ പ്രേമം വന്നപോല്‍ പോവും എന്നും ജപിച്ച് നീയാ മരക്കൊമ്പേ തൂങ്ങ്, ഇത്തിരി ശമനം കിട്ടും, നിനക്കു സംസാരശേഷി തിരിച്ചു കിട്ടുമ്പോ നാളെ വാ. അപ്പം ശരി.

0 comments:

Post a Comment