Tuesday, July 29, 2014

ഒളിച്ചുനോട്ടം

ഗുഡ്മോണിങ്ങ് സര്‍..
നീയെന്തോന്ന് ചിന്താക്ലാന്തന് ഭാവത്തില്‍?
ഒന്നൂല്ല.. ഒരു കാര്യമാലോചിച്ചതാണ്..
കാര്യം പറയെടേ..
അല്ല, പഴേ നടിയുടെ കുറിപ്പു കണ്ടോ?
കണ്ടെടേ. വേറാരുമെഴുതിയതല്ലേല്‍ നല്ല കയ്യക്ഷരം.
വിക്രം സര്‍!! ഹൃദയവേദന കാണാതെ കയ്യക്ഷരം മാത്രം കാണരുത്..
ഹൃദയവേദനയെക്കാള്‍ അതൊരു സ്വകാര്യതാനഷ്ടത്തെക്കുറിച്ചുള്ള വിഷമമാണ്.
ങ്ങേ?
ഡാ, അഭ്യൂഹങ്ങളും കിംവദന്തികളും അപവാദങ്ങളും കൊണ്ടു വിഷമിക്കുമ്പോഴുള്ള വേദന. സെലിബ്രിറ്റികളുടെ ജീവിതം അങ്ങനെ പല പുള്ളികളുള്ള പുലിപ്പുറത്തെ യാത്രയാണ്.
അപ്പോ?
ജനത്തിനു ഒളിഞ്ഞുനോട്ടം ഒരു തനതു കലയാണ്. മറ്റുള്ളവന്റ ജീവിതത്തിലേക്ക് കിള്ളിനോക്കാനും കുത്തിനോവിക്കാനുമുള്ള ത്വരയും.
ഹൗ കംസ്?
പിന്നെന്തിനാടേ കുരുട്ടു പിശാശെ ജനം സിനിമ കാണുന്നത്? സീരിയലു കണ്ടു കണ്ണീരൊലിപ്പിക്കുന്നത്? ജനപ്രിയമോ അല്ലാത്തതോ ആയ സാഹിത്യപ്പടപ്പ് വായിച്ചു വഷളാകുന്നത്?
ങ്ങേ..
ഡാ, ഇതൊക്കെ അന്യന്‍റെ ജീവിതത്തിലേക്ക്, ഒരുപാടന്യരു ചേര്‍ന്ന ലോകത്തിലേക്കുള്ള ഒളിച്ചുനോട്ടമാണ്.. ചിലതു പോസിറ്റീവ്, ചിലത് നെഗറ്റീവ്.
വൈ സോ?
കുളിക്കടവിലൊളിഞ്ഞു നോക്കാത്ത മാന്യനും, സിനിമയിലൊരു കുളിസീന്‍ വന്നാല്‍ കാണും. ആദ്യത്തേതില്‍ ഒരു സുജനമര്യാദയുടെ, ഒളിച്ചുനോട്ടം എന്ന തെറ്റിന്റെ പ്രശ്നമുണ്ട്, രണ്ടാമത്തേതില്‍ അതില്ല.
അപ്പം?
മണിപ്രവാളത്തില്‍ അരമൈല്‍ നീളത്തില്‍ വിവരിക്കുന്ന മൃദുലസുന്ദരങ്ങളെയാണ് കൊച്ചുപുസ്തകത്തില്‍ ഒരു വാക്കില്‍ വിവരിക്കുന്നത് രണ്ടും രണ്ടു സെന്‍സിബിലിറ്റി..
ങ്ങേ..
ഡാ, മാധ്യമങ്ങളും പല സെന്‍സിബിലിറ്റിയുള്ളവരും പല സെന്‍സിബിലിറ്റികളുടെ വാക്വത്തില്‍ ജീവിക്കുന്നവരുമാണ്...
ങ്ങേ.
നീയെന്തോന്ന് ങ്ങേ റെക്കോര്‍ഡ് ചെയ്തു വെച്ചേക്കുന്നോ.. മാധ്യമങ്ങളെ കുറ്റം പറയാനൊക്കൂല്ല, വായനക്കാരന്റെ വാക്വത്തിനനുസരിച്ചു രൂപവും ഭാവവും നിറവും ഗന്ധവുമെല്ലാം മാറുന്ന ജലം പോലൊരു ദ്രാവകമാണത്...
അപ്പോ നടീരത്നത്തിന്റെ വിലാപം..
ഡാ, ആദ്യം പറഞ്ഞ ഒളിച്ചുനോട്ടം ശീലമായ സമൂഹം. സുജനമര്യാദയുടെ അഭാവത്തിനനുസരിച്ച് ഓട സെന്‍സിബിലിറ്റി വരും, അതില്‍ നിന്നൊളിഞ്ഞുനോക്കുമ്പോള്‍, പ്രിന്‍റിലും സ്ക്രീനിലും ആ സെന്‍സിബിലിറ്റി നിറയും.
വാട്സ് നെക്സ്റ്റ്?
ആം വിദ് ഹെര്‍. സ്വകാര്യത ഒരവകാശമാണ്. അതിന്റെ ലംഘനം ഗുരുതരവും. പക്ഷെ..
അതെന്താണൊരു പക്ഷെ വിക്രം സാര്‍?
ഒരു കത്തുകൊണ്ടൊന്നും ദുര്‍ഗന്ധം വമിക്കുന്ന ഓടകളില്ലാതാവില്ല..
ങ്ങേ..
ഇനി നീ പറഞ്ഞ ഒരു കാര്യം ഞാന്‍ ചോദിക്കാം?
വാട്സ് ദാറ്റ്?
വാട്സ് ദാറ്റല്ലട മരംകേറി കഴുവേറി വേതാള്‍.. വാട്സ് നെക്സ്റ്റ്..
മനസ്സിലായി. എനിക്കു മരക്കൊമ്പേലേക്കു പോകാന്‍ ടൈമായെന്ന്..നാളെ രാവിലെ വരെ ഇവിടെ കണ്ടു പോകല്ലെന്ന്..
ചെലപ്പം നെന്റെ ഐക്യൂ നിന്നെ തന്നെ അതിശയിപ്പിക്കുന്നു.
വിക്രം സര്‍, ഒരാഗ്രഹം..
ക്യാ.
തെറികേട്ടിട്ടു കുറച്ചു ദിവസമായി. അതു കൂടി കേട്ടാല്‍...
തെറി, അത് നെന്നെയൊന്നും വിളിച്ചു പാഴാക്കാനുള്ളതല്ല.
കേക്കാനുള്ളത് കേട്ടപ്പോ എന്നാ വേതാളമങ്ങട്...
സ്ഥലം കാലിയാക്ക് തലതിരിഞ്ഞ പിശാശേ..

0 comments:

Post a Comment