Thursday, July 31, 2014

ആത്മകഥ

ഹഹഹഹ..
എന്തുവാടേ നീ രാവിലെ ചിരിച്ചോണ്ടും വരുന്നത്..
എങ്ങനെ ചിരിക്കാതിരിക്കും വിക്രം സാര്‍..
ക്യാ ഹുവാ?
ആത്മകഥകളുടെ സീസണാണ് സര്‍.. ആത്മകഥകളുടെ സീസണ്‍..
ങ്ങേ എപ്പോ?
സ്മോളുമടിച്ച് ബേബ്സിനോടും സൊള്ളിയിരുന്നാ പോര. പത്രം വായിക്കണം. പത്രം.
എവിടെടാ നെന്റെ വെണ്ട, ഇടിച്ചു നെന്റെ വെണ്ട ഞാന്‍ കലക്കും, മാക്രി കേറി മയിസ്ട്രേറ്റാവുന്നോ? കൊച്ചുവായി വലിയ വര്‍ത്തമാനം പറയുന്നോ?
മാഫ് കീജിയേ സര്‍, ആവേശം കയറിപ്പോയതാണ്..
ആവേശം ശരീരം കേടാക്കും, ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഗുണം ചെയ്യുമെന്ന് കേട്ടിട്ടില്ലേ പിശാശേ നീ?
അപ്പോ ആത്മകഥ..
ഡാ ശീര്‍ഷാസനം ചെയ്താ കഷണ്ടി വരുവേലും വെളിവു വരൂല്ല. ആത്മകഥകളെഴുതപ്പെടുന്ന ഒരു രീതി നെനക്കറിയോ?
പേനേം പേപ്പറും വെച്ച്..
നീയൊരഞ്ചു മിനിട്ട് മുട്ടുകുത്തി നില്ല്. വിവരക്കേട് മാത്രം വിളമ്പുന്നതിന് ഒരു ശമനം കിട്ടും.
ങ്ങേ..
അതല്ലടേ ത്രിഗുണവിഡ്ഡിക്കുശ്മാണ്ടമേ..  ആത്മകഥയെഴുതുന്ന ആളു രാവിലെ നടക്കാന്‍ പോവുമ്പോ പകര്‍ത്തെഴുത്തു തൊഴിലാളി കൂടെ പോവും. പിന്നതു എഡിറ്റു ചെയ്യും. അതാണതിന്റെ കരകൗശലം. ദാ നീ ഈ കയ്യ് കണ്ടോ?
കണ്ടാല്‍?
ഡാ ഇംഗ്ലീഷിലൊരു പദമുണ്ട്. ഗോസ്റ്റ് റൈറ്റിങ്ങ്..ഈ കൈയ്യും കൊണ്ടു മൂന്നാത്മകഥയെഴുതീട്ടൊണ്ട്. അഞ്ചും കടന്നാറക്ഷരം കായൊണ്ടോ? നിനക്ക് വേണേലുമെഴുതിത്തരാം, കീഴ്മറിഞ്ഞ് ലോകം കണ്ട ഞാന്‍ എന്ന് നീ ലേബലുമിട്ടോ. വേണേ ഞാന്‍ എന്നത് നാപ്പത്തിയെട്ടു പോയിന്റ് മള്‍ട്ടിക്കളര്‍  കലക്കികടുകും വറത്തോ..
അപ്പോ ഇതും സര്‍ഗ്ഗാ..എന്തോന്നത് സര്‍..
സര്‍ഗ്ഗാത്മക സാഹിത്യം. അതല്ലെടേ. മിക്കവാറും ആത്മകഥകളില്‍ സര്‍ഗ്ഗാത്മകത്തിനു വേണ്ട സാധനം കാണില്ല. ഭാവന. പകരം ഇച്ചിരി പൊടിപ്പും തൊങ്ങലും കാണും. ക്ഷന്തവ്യം.
ങ്ങേ..
അത്രേം ആത്മകഥാസാഹിത്യ ശാഖ വികസിച്ചിട്ടില്ല. മിക്കവാറും ജനം സത്യമേ പറയൂ. ഭാവനയുടെ അംശം കുറവുമാരിക്കും. പക്ഷെ അതവരുടെ സത്യമാരിക്കും. എല്ലാ സത്യോം പറയത്തോമില്ല..
അപ്പോ..
അപ്പോ ഇന്നത്തെ നിന്റെ ടൈം കഴിഞ്ഞു. ഇനീമിവിടെ കിടന്നു കറങ്ങിയാ നെന്റെ ആത്മകഥയ്ക്കു പകരം നെന്റെ അനുസ്മരണമെഴുതേണ്ടി വരും.
ഞാമ്പോയി..അതേ..
ഹും.
അമ്മച്ചീടെ മരക്കൊമ്പിലെ കൊച്ചിനു വായിക്കാന്‍ കൊടുക്കാനാ. കൊള്ളാവുന്ന ഒരാത്മകഥ കിട്ടാന്‍ വഴിയൊണ്ടോ..
ഹഹഹ. നേരത്തെ പറഞ്ഞ അക്കങ്ങളെ മൂന്നും കൊണ്ട് ഗുണീര്.

Read more »

Wednesday, July 30, 2014

തലമുറ

ശ്ശൊ ഹെന്നാലും
എന്തോന്നെടേ രാവിലെ നാട്ടിമ്പുറത്തമ്മച്ചിമാരെ പോലെ കഷ്ടം വെക്കുന്നത്?
അല്ല ഈ പിള്ളേരുടെ ഒരു കാര്യം..
കാര്‍ന്നോരു കളിക്കാതെ കാര്യം പറയ വേതാളമണ്ഡൂകമേ..
അല്ല, പിള്ളേരു മൊത്തം പാര്‍ട്ടീം ഡാന്‍സും പാട്ടും കൂത്തുമാന്ന്...
അതിനു നെനക്കെന്ത്? പിള്ളേരു പിള്ളേരുടെ ജീവിതം..
അല്ല ഈ പാട്ടും കൂത്തും
കള്ള ഹിമാറെ അസൂയപ്പെരുമാളെ, കുശുമ്പു വേതാളമേ.. ഓരോ കാലത്തും ഓരോ കൗമാരം ഓരോ യൗവ്വനം. കാലമേതാണാലേും പോക്കറ്റില്‍ കായോണ്ടേലും ഇല്ലേലും കൗമാരം കൗമാരമാണ്.
എന്നാലും ഇതൊക്കെ ശരിയാണോ?
ഹെന്തോന്ന് ശരിയാണോന്ന്.. ഡാ, തിരുട്ടുമുണ്ഡ്രം വേതാള്‍.. ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലെ മരക്കൊമ്പേ ചേക്കേറിയപ്പോ കൊമ്പൊടിഞ്ഞു താഴത്തു വീണതാര്?
ഹും. ഈ പാവം ഞാന്‍
ഇബ്ടെ നോക്കെടേ.. ദാ ഇവിടെ. അതിനും ഒരു തലമുറ മുമ്പ് റബ്ബര്‍മരച്ഛായയില്‍ അയല്‍പക്കത്തെപുല്‍മേട്ടിലാടു മേച്ചോണ്ടിരുന്നതാര്?
ജീവിച്ചിരിക്കുന്ന കാര്‍ന്നോന്മാരെ പറയല്ല്, വിക്രമാന്നും സാറാന്നും നോക്കുല്ല, ഇടിച്ചു പിരുത്ത് പേസ്റ്റാക്കിക്കളയും..
അടങ്ങ് വേതാള്‍ അടങ്ങ്. ഒരൊറ്റ ചോദ്യം കൂടി..
ങ്ങേ, അതെന്തത്?
ഡാ, പലകപോലുള്ള കൂളിംഗ് ഗ്ലാസ്സുമിട്ട്, നെന്റെ മരക്കൊമ്പേ തൂങ്ങുന്ന ഫോട്ടോയാരുടേത്? കോന്‍?
വേതാള്‍ ഫാദര്‍ അന്‍ഡ് വേതാള്‍ മദര്‍..
വെന്യൂ?
കടുത്ത പ്രേമം തുടരനും ഒളിച്ചോട്ടത്തിനും അനന്തരം ഊട്ടിയിലെ മരക്കൊമ്പിലെ മധുവിധു... ഇനീമൊണ്ടോ ചോദ്യം?
ഇനീം ചോദിക്കണോ, വേണേ നിന്റെ മരക്കൊമ്പിനപ്പുറത്താലേല്‍ സമാധിയായ വല്യകാര്‍ന്നോന്മാരുടെ ലീലാവിലാസം ഓരോ പ്ലേറ്റെടുക്കാം.
വേണ്ടേ... ഇതാ ഞാനൊന്നും പറയാത്തത് ചത്തു പോയോരെ കൂടെ തെറി വിളിക്കും..
എന്നാ നെന്നെ പറയാം പിശാശേ... ഇവിടുന്നു രാവിലെ തിരിച്ചു പോവുമ്പോ അപ്പറത്തെ അമ്മച്ചീടെ വീട്ടിലെ മരക്കൊമ്പേ കിടക്കുന്ന സുന്ദരി വേതാളത്തോട് നീ ആംഗ്യഭാഷേ ചോദിക്കുന്നത്, ഒരു ഹൃദയം ഫ്രീയാണ് എടുക്കട്ടേന്നല്ലേ? അല്ലാതെ സദാചാരശതകമൊന്നുമല്ലല്ല്.. 
ഞാനിവിടില്ല. ഞാനിനി വരുവേമില്ല..
നീ ഉണ്ടേലുമില്ലേലും നിന്റെയൊക്കെ അസുഖമെന്താന്നറിയോ..
ഇല്ല..
ഒന്ന് വാര്‍ദ്ധക്യസഹജ അവശതേം അസൂയേം. രണ്ടു ഉണ്ടേച്ചു വറ്റെല്ലിനെടേ കുത്തിക്കഴയ്ക്കുന്നു.
ങ്ങേ..
പോയി നെന്റെ മരത്തേ തൂങ്ങെടേ വേതാള്‍.. അവന്‍ പിള്ളേരെ ഉദ്ധരിക്കാന്‍ നടക്കുന്ന്..
ഞ.. ഞ..
നിന്നു വിക്കാതെ, ഇന്നൊരു ചേഞ്ചിനു നീ വല്ല മുള്ളു മുരുക്കേലും തൂങ്ങ്, അത്രേം ശമനം കിട്ടും.

Read more »

Tuesday, July 29, 2014

ഒളിച്ചുനോട്ടം

ഗുഡ്മോണിങ്ങ് സര്‍..
നീയെന്തോന്ന് ചിന്താക്ലാന്തന് ഭാവത്തില്‍?
ഒന്നൂല്ല.. ഒരു കാര്യമാലോചിച്ചതാണ്..
കാര്യം പറയെടേ..
അല്ല, പഴേ നടിയുടെ കുറിപ്പു കണ്ടോ?
കണ്ടെടേ. വേറാരുമെഴുതിയതല്ലേല്‍ നല്ല കയ്യക്ഷരം.
വിക്രം സര്‍!! ഹൃദയവേദന കാണാതെ കയ്യക്ഷരം മാത്രം കാണരുത്..
ഹൃദയവേദനയെക്കാള്‍ അതൊരു സ്വകാര്യതാനഷ്ടത്തെക്കുറിച്ചുള്ള വിഷമമാണ്.
ങ്ങേ?
ഡാ, അഭ്യൂഹങ്ങളും കിംവദന്തികളും അപവാദങ്ങളും കൊണ്ടു വിഷമിക്കുമ്പോഴുള്ള വേദന. സെലിബ്രിറ്റികളുടെ ജീവിതം അങ്ങനെ പല പുള്ളികളുള്ള പുലിപ്പുറത്തെ യാത്രയാണ്.
അപ്പോ?
ജനത്തിനു ഒളിഞ്ഞുനോട്ടം ഒരു തനതു കലയാണ്. മറ്റുള്ളവന്റ ജീവിതത്തിലേക്ക് കിള്ളിനോക്കാനും കുത്തിനോവിക്കാനുമുള്ള ത്വരയും.
ഹൗ കംസ്?
പിന്നെന്തിനാടേ കുരുട്ടു പിശാശെ ജനം സിനിമ കാണുന്നത്? സീരിയലു കണ്ടു കണ്ണീരൊലിപ്പിക്കുന്നത്? ജനപ്രിയമോ അല്ലാത്തതോ ആയ സാഹിത്യപ്പടപ്പ് വായിച്ചു വഷളാകുന്നത്?
ങ്ങേ..
ഡാ, ഇതൊക്കെ അന്യന്‍റെ ജീവിതത്തിലേക്ക്, ഒരുപാടന്യരു ചേര്‍ന്ന ലോകത്തിലേക്കുള്ള ഒളിച്ചുനോട്ടമാണ്.. ചിലതു പോസിറ്റീവ്, ചിലത് നെഗറ്റീവ്.
വൈ സോ?
കുളിക്കടവിലൊളിഞ്ഞു നോക്കാത്ത മാന്യനും, സിനിമയിലൊരു കുളിസീന്‍ വന്നാല്‍ കാണും. ആദ്യത്തേതില്‍ ഒരു സുജനമര്യാദയുടെ, ഒളിച്ചുനോട്ടം എന്ന തെറ്റിന്റെ പ്രശ്നമുണ്ട്, രണ്ടാമത്തേതില്‍ അതില്ല.
അപ്പം?
മണിപ്രവാളത്തില്‍ അരമൈല്‍ നീളത്തില്‍ വിവരിക്കുന്ന മൃദുലസുന്ദരങ്ങളെയാണ് കൊച്ചുപുസ്തകത്തില്‍ ഒരു വാക്കില്‍ വിവരിക്കുന്നത് രണ്ടും രണ്ടു സെന്‍സിബിലിറ്റി..
ങ്ങേ..
ഡാ, മാധ്യമങ്ങളും പല സെന്‍സിബിലിറ്റിയുള്ളവരും പല സെന്‍സിബിലിറ്റികളുടെ വാക്വത്തില്‍ ജീവിക്കുന്നവരുമാണ്...
ങ്ങേ.
നീയെന്തോന്ന് ങ്ങേ റെക്കോര്‍ഡ് ചെയ്തു വെച്ചേക്കുന്നോ.. മാധ്യമങ്ങളെ കുറ്റം പറയാനൊക്കൂല്ല, വായനക്കാരന്റെ വാക്വത്തിനനുസരിച്ചു രൂപവും ഭാവവും നിറവും ഗന്ധവുമെല്ലാം മാറുന്ന ജലം പോലൊരു ദ്രാവകമാണത്...
അപ്പോ നടീരത്നത്തിന്റെ വിലാപം..
ഡാ, ആദ്യം പറഞ്ഞ ഒളിച്ചുനോട്ടം ശീലമായ സമൂഹം. സുജനമര്യാദയുടെ അഭാവത്തിനനുസരിച്ച് ഓട സെന്‍സിബിലിറ്റി വരും, അതില്‍ നിന്നൊളിഞ്ഞുനോക്കുമ്പോള്‍, പ്രിന്‍റിലും സ്ക്രീനിലും ആ സെന്‍സിബിലിറ്റി നിറയും.
വാട്സ് നെക്സ്റ്റ്?
ആം വിദ് ഹെര്‍. സ്വകാര്യത ഒരവകാശമാണ്. അതിന്റെ ലംഘനം ഗുരുതരവും. പക്ഷെ..
അതെന്താണൊരു പക്ഷെ വിക്രം സാര്‍?
ഒരു കത്തുകൊണ്ടൊന്നും ദുര്‍ഗന്ധം വമിക്കുന്ന ഓടകളില്ലാതാവില്ല..
ങ്ങേ..
ഇനി നീ പറഞ്ഞ ഒരു കാര്യം ഞാന്‍ ചോദിക്കാം?
വാട്സ് ദാറ്റ്?
വാട്സ് ദാറ്റല്ലട മരംകേറി കഴുവേറി വേതാള്‍.. വാട്സ് നെക്സ്റ്റ്..
മനസ്സിലായി. എനിക്കു മരക്കൊമ്പേലേക്കു പോകാന്‍ ടൈമായെന്ന്..നാളെ രാവിലെ വരെ ഇവിടെ കണ്ടു പോകല്ലെന്ന്..
ചെലപ്പം നെന്റെ ഐക്യൂ നിന്നെ തന്നെ അതിശയിപ്പിക്കുന്നു.
വിക്രം സര്‍, ഒരാഗ്രഹം..
ക്യാ.
തെറികേട്ടിട്ടു കുറച്ചു ദിവസമായി. അതു കൂടി കേട്ടാല്‍...
തെറി, അത് നെന്നെയൊന്നും വിളിച്ചു പാഴാക്കാനുള്ളതല്ല.
കേക്കാനുള്ളത് കേട്ടപ്പോ എന്നാ വേതാളമങ്ങട്...
സ്ഥലം കാലിയാക്ക് തലതിരിഞ്ഞ പിശാശേ..

Read more »

Friday, July 25, 2014

ഹമ്പമ്പോ

ഹമ്പമ്പോ ഹമ്പോ ഹമ്പോ..
എന്തുവാടേ വേതാള്‍ ഏമ്പക്കം വിട്ടുകളിക്കുന്നത്...
ഏമ്പക്കമല്ല വിക്രം സര്‍...
പിന്നെ..
അവിടെ നിലവിളി, ഇവിടെ അടിപിടി, അപ്പുറത്ത് അനുസ്മരണം. ഇച്ചിരി മാറി പരിഹാസം, പിന്നെ..
മതി നിര്‍ത്ത്. നീയിന്നു പത്രം വായിച്ചല്ലേ..
പറ്റിപ്പോയി സര്‍. പറ്റിപ്പോയി....
ഡാ നീ പബ്ലിക്ക് പബ്ലിക്കെന്നു കേട്ടിട്ടൊണ്ടോ?
ഉണ്ടേല്‍?
അതെന്തുവാന്ന് നെനക്കറിയോ?
അതിപ്പം...
ഇപ്പം ഇവിടെ നീയും ഞാനും.. മതിലിനപ്പുറത്ത് സുന്ദരിയമ്മച്ചീം പിള്ളേരും പിറുങ്ങിണീം...അതിനുമപ്പുറം.
അതിനുമപ്പുറം
ങ്ങേ. ശോശാമ്മച്ചീടെ മരക്കൊമ്പേ നീ വല്ല വേതാളാപ്പെണ്ണിനേം കേറി ചുറ്റിയോ?
എനിക്കു പറയാന്‍ നാണമാകുന്നു..
നാണം വിട്, കാര്യത്തിലേക്ക് വാ.  പാഴാക്കുന്ന സമയം നെന്റെ വാപ്പ വേതാളം കൊണ്ടുത്തരൂല്ല. അങ്ങനെ ഒരു റോഡ്, വാര്‍ഡ്,പഞ്ചായത്ത്,
ജില്ലാ, സംസ്ഥാനം, രാജ്യം, ഭുഖണ്ഡം, ഗ്രഹം..
മതി, നിര്‍ത്ത്. രാജ്യത്തി നിര്‍ത്ത്, ബാക്കിയൊള്ളിടെത്ത് ഇലക്ഷനില്ല..  അങ്ങനെ ഓരോ ഗ്രൂപ്പായും സെഗ്മന്റായും സമൂഹം. പിരമിഡു പോലെ..
ങ്ങേ?
ഓരോ വാര്‍ത്തയും ഓരോ സെഗ്മന്റിലേക്ക്. വാദിയായോ പ്രതിയായോ ഇരയായോ വേട്ടക്കാരനായോ...
ഹൗ കംസ്..
നീ മോബ് മോബ് എന്ന് കേട്ടിട്ടുണ്ടോ?
യെസ് വിക്രം സര്‍ യെസ്.. ബസ്സിനു കല്ലെറിയുന്ന പിള്ളേരല്ലേ?
അതു മാത്രമല്ലേലും ഏതാണ്ട്.. ആദ്യത്തെ കല്ലെറിയുന്നതൊരുത്തനാരിക്കും. പിന്നെ മോബൈകാരിക ആവേശത്തില്‍ പലപ്പോഴും സ്വയമറിയാതെ. കുറെയേറുകൊള്ളുമ്പോ പോലീസുകാരും മോബാവും. അവരു കയറി നിരത്തും.
അപ്പോ വാര്‍ത്തകള്‍..
വാര്‍ത്തകളല്ലെടേ.. സംഭവങ്ങള്‍.. സംഭവങ്ങളെ വളച്ചൊടിച്ചോ വലിച്ചു നിവര്‍ത്തിയോ വാര്‍ത്തയാക്കുന്നു. നേരത്തെ പറഞ്ഞ കോളേജ് പിള്ളേര് പോലീസിന്റെ ഇടയ്ക്കോട്ടെറിയുന്ന കല്ല്..
ങ്ങേ?
സമൂഹം എന്ന വലിയ വൈകാരിക ശരീരത്തില്‍ പലതരം താല്പര്യങ്ങളുള്ള പല മോബിന്റെ നിര്‍മ്മിതികള്‍ക്കു വേണ്ടിയുള്ള വൈകാരികവിത്തെറിയലുകള്‍, വെളളമൊഴിക്കലുകള്‍, കള പറിക്കലുകള്‍..വിളവെടുക്കലുകള്‍..
അപ്പോ...
വരുമോരോ ദശ വന്നപോല്‍ പോവും..ഇന്നൊരു വാര്‍ത്ത നാളെ വേറൊരു വാര്‍ത്ത. പണ്ടു പാണന്മാരു പാടി നടന്ന കാലം മുതലുള്ള പൊതു ശീലമാണ്. അത് വിധത്തിലും തരത്തിലും ചാനലു വന്നാലോ പത്രം വന്നാലോ സോഷ്യല്‍ മീഡിയ വന്നാലോ ഒന്നും മാറില്ല..
അമ്പമ്പോ..പിന്നേം ..
അല്ല വിക്രം സര്‍, ഇതു ശരിക്കുള്ളവന്‍.  ഏമ്പക്കം ദി ഒറി‍ജിനല്‍.
ഇച്ചിരി ഇഞ്ചീം വെളുത്തുള്ളീം രണ്ടു ഉപ്പുകല്ലും വിഴുങ്ങിയേച്ച് നെന്റെ മരക്കൊമ്പേ പോയി തലേം കുത്തിക്കിടന്നുറങ്ങ്. നാളെ പത്രം വായിക്കുന്ന വരെയേലും ശമനം കിട്ടും.
Read more »

Thursday, July 24, 2014

ശ്രേഷ്ഠം

സുപ്രഭാതം സര്‍ ..
രാവിലെന്തോന്നൊരു മാതൃഭാഷാ സ്നേഹം. നീയും ശ്രേഷ്ഠനായോ?
അതെന്ത് ഉങ്കളുക്ക് ഭാഷാ സ്നേഹമില്ലയാ സര്‍?
കഴുതവേതാളമേ.. മറ്റെന്തും പോലെ ഭാഷേം ഒരുപകരണമാണ്. ഓടനാവട്ടത്ത് മരക്കൊമ്പേ ജനിച്ച നീ കണ്ണു തുറക്കുന്നതിനു മുന്‍പ് കടലു കടന്ന് ടെക്സാസ്സിലെത്തിയാല്‍, അവിടെ തദ്ദേശിവീട്ടില്‍ വളര്‍ന്നാല്‍ നിന്റെ മാതൃഭാഷ ഇംഗ്ലീഷാണ്.
അപ്പം ഭാഷ ജൈവികം ഭാഷ ജനിതകം?
ആദ്യം വാകീറിക്കരയുന്നതിനു ഭാഷയില്ലെടേ, ലോകത്തെല്ലാ പിള്ളേരും ആദ്യം കരയുന്നത് ഒരേ ഭാഷേലാണ്. കോക്ക് എ ഡൂഡിലു പാടുന്ന സായിപ്പിന്റെ കോഴിയും കൊക്കരക്കോ കൂവുന്ന നാടന്‍ കോഴീം തമ്മിലുള്ള വ്യത്യാസം പെറ്റുവീണ കുഞ്ഞുങ്ങള്‍ക്കില്ല.
അപ്പം..
ആ കരച്ചിലീന്നു മോളിലോട്ടു വളരുമ്പോ കേക്കുന്നതും അറിയുന്നതും പറയുന്നതും ഏതുഭാഷയോ അതു മാതൃഭാഷ. 
അപ്പോ ശ്രേഷ്ഠം..
ഡാ, ജനനോം മരണോം മതോം വിശ്വാസോം എല്ലാം പോലെ ഭാഷയും ഒരാകസ്മികതയാണ്. ഹാപ്പന്ഡ് ടു ബീ എന്നു വേണേ വായുവാക്കാം.
അപ്പോ ചരിത്രപരം?
ഭാഷേം സ്വയമുരുത്തിരിയുന്ന ഒന്നാണെടേ... സംഘകാലഭാഷയല്ല, ചെത്തും അടിപൊളീം കഴിഞ്ഞ് ന്യൂജെനറേഷനില്‍ ചെതറുന്ന ഭാഷ.
ങ്ങേ
തന്നെടേ..
അപ്പോ ഭാഷ?
മോര്‍ ഓര്‍ ലെസ്സ് ഉപകരണം.. കമ്യൂണിക്കേഷനും, ഖസാക്കും കമ്യൂണിക്കേഷനാണ്, തെരുവുഗുണ്ടേടെ തെറിയഭിഷേകവും കമ്യൂണിക്കേഷനാണ്. രണ്ടെടത്തും പൊതുവായുള്ള സംഭവം ഭാഷേം. വസ്തുനിഷ്ഠം, വ്യക്തിനിഷ്ഠം.
അപ്പോ ശ്രേഷ്ഠം?
അറിയൂല്ലെടേ..  പടിഞ്ഞാറന്‍ ജീവിതനിലവാരം പുലര്‍ത്തുന്ന സംസ്ഥാനത്ത് അടുത്ത കാലം വരെ ഏറ്റവും കുറച്ചു പ്രതിഫലം കിട്ടുന്ന ഒന്ന് എഴുത്താണ്.. ഒരു കവിതയ്ക്കൊരഞ്ഞൂറു കിട്ടിയാ ഭാഗ്യമെന്ന് യശഃപ്രാര്‍ത്ഥികള്‍.
അതിന്..
അതൊരു സൂചകമല്ലെടേ.. ഇംഗ്ലീഷിലൊരു കവിതയെഴുതുന്നവന് കിട്ടുന്ന പ്രതിഫലമെത്രാന്നറിയോ..
ഇല്ല സര്‍, ഇല്ലൈ...
ഇങ്ങു വാ ചെവീ പറയാം..
ങ്ങേ..
ഇനി ആ വാ അടയ്ക്ക്. ഈച്ച കേറും. ഡാ നിന്റെ ശ്രേഷ്ഠ ഭാഷേം നിരന്തരം ഉരുത്തിരിയുന്ന ഒന്നാന്ന് പറഞ്ഞാരുന്നോ?
ഇച്ചിരി മുന്‍മ്പ് പറഞ്ഞാരുന്നു.
എന്നാ ആ ഉരുത്തിരിയലില്‍ നിന്നെ വിളിക്കാന്‍ പുതിയ തെറികണ്ടു പിടിക്കുന്നതിനു മുന്‍പ്..
ആം ബാക്ക് ടു മൈ മരക്കൊമ്പ്..
ങ്ങേ ഇംഗ്ലീഷിലോ, ‍ഡാ.. അപ്പം നിന്റെ ശ്രേഷ്ഠം!!
ഉറങ്ങുന്ന വേതാളങ്ങളെ ശല്യപ്പെടുത്തിയാ ബാലസാപം കിട്ടും ബാലസാപം!

 

Read more »

Wednesday, July 23, 2014

ഗുഡ് ജെസ്റ്റര്‌

ഹഹഹ.
എന്തോന്നെടേ വേതാള്‍ നിന്റെ പിടി വിട്ടോ, കിളി പറന്നോ?
ആനന്ദക്കണ്ണീരു പോലെ, ഇതാനന്ദച്ചിരിയാണ് വിക്രം സാര്‍, ആനന്ദച്ചിരി..
ഹേതു?
ജോര്‍ജ്ജണ്ണന്റെ വചനം കണ്ടാരുന്നോ?
ക്യാ വചന്?
ഓടനാവട്ടം ലോകത്തെ ഏറ്റവും നിക്ഷേപസുന്ദര പണനിഴല്‍ പ്രദേശമാണെന്ന്..
ഹഹ. ഇതിനാരുന്നോ നീയീ കൊലച്ചിരി ചിരിച്ചത്. ഡാ ബുദ്ധൂസ്, വെജിറ്റബിള്‍ ഫൂള്‍സ്. തലേലാള്‍ താമസമുള്ളവരു ചിന്തിക്കുന്ന പോലെ ചിന്തീര്..
കൈസേ വിക്രം സര്‍ കൈസേ?
ശരാശരി സായിപ്പ് നമ്മളെ പോലല്ല, കച്ചവടത്തില്‍ കഴുത്തറക്കുകേം ലാഭമുണ്ടാക്കുകേം ചെയ്യുമേലും ഉപചാര മര്യാദകളില്‍ വിശ്വസിക്കുന്നവരും സുജനമര്യാദകള്‍ പാലിക്കാതിരിക്കുന്നത് നാട്ടുകാരു തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്നതിനു തുല്യമാണെന്നു വിശ്വസിക്കുന്നവരുമാണ്.

ങ്ങേ?
എന്നു വെച്ചാല്‍ വീട്ടിലിരിക്കുന്ന അപ്പന്‍ ഹിസ്നോഫീലിയുണ്ടെന്നു തെറ്റിദ്ധരിച്ച് ആശുപത്രീ പോവണ്ട ഗതികേട് സായിപ്പുണ്ടാക്കൂല്ലെന്ന്..
അതുമിതും തമ്മിലെന്തു ബന്ധം?
അത്തരമൊരു അപ്ബ്രിങ്ങിങ്ങിന്റെ ഭാഗമാണ്, ചെന്നെത്താന്‍ പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള സ്തുതിയും. പുട്ടിനു പീരയിടുന്ന പോലെ നീയൊക്കെ എന്തു മണ്ടത്തരം ചെയ്താലും ബ്രില്യന്റ്, എക്സലന്റ്,കൂള്‍, ഗ്രേറ്റ്, മാര്‍വലസ് എന്നൊക്കെയേ അവരു മൊഴിയൂ..
അപ്പം. ഈ വചനം?
ഒന്ന് അണ്ണനു ഓടനാവട്ടത്ത് സ്വന്തം സ്ഥാപനം തുടങ്ങാനുള്ള, മുതല്‍ മുടക്കാനുള്ള വ്യാപാര താല്പര്യമുണ്ട്, അല്ലെങ്കില്‍ അത്തരമൊരു താല്പര്യം, നിലവില്‍ പല ഒപ്ഷനുകളിലൊന്നാണ്. 
രണ്ട്..
രണ്ട്, ഔട്ട് സോഴ്സിങ്ങിനുള്ള പല ഹബ്ബുകളിലൊന്നായ ഓടനാവട്ടത്ത് അത്തരമൊരു ബന്ധം സ്ഥാപിച്ചു കഴിഞ്ഞു, അല്ലെങ്കില്‍ ചര്‍ച്ച തുടങ്ങുന്നു..
മൂന്ന്..
മൂപ്പരുടെ നാട്ടിലെ ദേശീക്രൊഡിനെ ഉന്നം വെച്ചുള്ള എന്തൊക്കെയോ പ്ലാനുകളും പദ്ധതികളും പൈപ്പ് ലൈനിലോടിക്കൊണ്ടിരിക്കുന്നു...
ങ്ങേ..
ഡാ, ദേര്‍സ് സംതിങ്ങ് കോള്‍ഡ് ഗുഡ് ജെസ്റ്റര്‍..
വാട്സ് ദാറ്റ്?
സുജനമര്യാദേ പെടും. ബൈ ദ വേ മിസ്റ്റര്‍ വേതാള്‍. യൂ ആര്‍ എ ജെം, യുവര്‍ സര്‍വീസ് ഇസ് മച്ച് അപ്രിസിയേറ്റഡ്... അന്‍ഡ്..
അയ്യോ വേണ്ടേ. എന്റെ പണി ബോധിച്ചു, നാളെ മുതലു വേറെ വേതാളത്തെ നോക്കിക്കോളാം എന്നു പറയുന്നതിനു നേരത്തെ പറഞ്ഞ ഗുഡ് ജെസ്റ്ററല്ലേ..അതിനു വെച്ച വെള്ളമങ്ങു വാങ്ങി വെച്ചേര്..  ചത്താലും ഞാന്‍ പോവൂല്ല. 
ഹഹഹ. ഇങ്ങനാണ് ഓരോ കാര്യങ്ങളു പഠിക്കുന്നത്.. അപ്പോ..
ഞാനസ്തമിച്ചു. ഇനി നാളെ നേരം വെളുക്കുന്നവരെ എന്നെ കൊണ്ടൊരു ശല്യം ങ്ങേ ഹേ. എനിക്കെന്റെ മരക്കൊമ്പേ ഗതി.

Read more »

Tuesday, July 22, 2014

ദുരദൂരം

സര്‍ര്‍....
എന്തോന്ന് വേതാള്‍ ശബ്ദത്തിനൊരു പരവേശം? വേര്‍സ് യുവര് ചിര്‍പി ലുക് അന്‍ഡ് ഫീല്‍?
ഒന്നൂല്ല..നതിങ്ങ്. ഓരോ മനോഗതം..
എന്ന നെനച്ചിട്ടാണ് നീ ചിന്താനഗ്നനായി മുഴുവനെ നില്‍ക്കുന്നത്?
ഈ യുകേലൊക്കെ ലോട്ടറിയടിച്ചാല്‍ ഇവിടെ ടാക്സ് കൊടുക്കണോ?
ടാക്സവിടെ നിക്കട്ടെ, ഓണംകേറാമൂലേ മരത്തേ തലേംകുത്തിക്കെടക്കുന്ന നെനക്കെന്തോന്ന് ലണ്ടന്‍ കണക്ഷന്‍?
ഒന്നൂല്ല..
ഇബ്ടെ നോക്ക് ശവീ.. എന്തോണ്ട്.. കാര്യം പറ..
ഒന്നൂല്ല.
സത്യം പറ പിശാശേ. നെനക്ക് ലണ്ടനി ലോട്ടറിയടിച്ചേച്ച് ആ കാശു നാട്ടിക്കൊണ്ടു വരാന്‍ നൈജീരിയക്കു വേറെ കാശയച്ചുകൊടുത്തേച്ചിരിക്കുവല്ലേ?
വിക്രം സര്‍!!!
ഇപ്പോ ലോട്ടറി കിട്ടീലേലും അയച്ച കാശേലും തിരിച്ചു കിട്ടിയാ മതിയെന്നാണല്ലേ...
നീങ്ക മഹാജ്ഞാനി..പരഹൃദയജ്ഞാനം പരേംഗിതജ്ഞാനം...ഇതെങ്കേന്നു..എപ്പടി, നിനവിലിരുപ്പതപ്പടിയേ ശൊല്ല വെക്കത്?
ഡാ കുട്ടിപ്പിശാശേ. മാതംഗലീലേം അശ്വഹൃദയോം മാത്രമല്ല, വേതാളലീലേം വേതാളഹൃദയോം മനപ്പാഠമായാലേ വേതാളങ്ങളെ മരക്കൊമ്പില്‍ തൂക്കാന്‍ പറ്റൂ...
ആനാലും എപ്പടി പുരിഞ്ചാച്ച്..
മില്യണെന്നു കേട്ടപ്പം കയ്യിലൊണ്ടാരുന്ന കാശും കൂടെ കളഞ്ഞ മില്യണ്‍ ഡോളര്‍ ഫൂള്‍.! കേള്. ഇന്നലത്തെ പത്രത്തിലുണ്ടാരുന്നു. നൈജീരയക്കാര്‍ക്ക് കാശയച്ചു കൊടുത്തേച്ച് മദ്ധ്യാംഗുലത്തിന്റെ രുചി നിരന്തരം നുണയുന്നവരില്‍ മുന്‍പരിന്ത്യാക്കാരാന്ന്..
ങ്ങേ..
ഇന്ത്യാക്കാരിലു മുന്‍പന്‍ മലയാളിയാരിക്കും വേതാള്‍..
ക്യോം? വൈ സോ?
‍ഡാ. ഒരെണ്‍പതുകളു മുതലുള്ള തട്ടിപ്പിന്റെ പാറ്റേണിങ്ങനൊക്കെയാണ്.. ആദ്യം വാരികയിലു മണിയോര്‍ഡറു കൊടുത്താ ഗയേന്നു വരുന്ന ടീവീം റേഡിയോയും. പിന്നെ തൂലികാ സൗഹൃദം, അതിനിടയ്ക് ബ്ലേഡു കമ്പനി, പിന്നെ ആടു തേക്ക് മാഞ്ചിയം, അതിനിടയ്ക്ക് ടൈം ഷെയറു വന്ന്. വെറും ഷെയറു വന്ന്.  പിന്നെ മണി ചെയിന്‍ വന്ന്. . ഇപ്പം നാട്ടിലെല്ലാരും റിയലെസ്റ്റേറ്റിലാസക്തരാണ്.. നേരത്തെ പറഞ്ഞ മദ്ധ്യാംഗുലം നമ്മക്കൊരു ശീലമായി വരുന്നു.
അപ്പോ ലോട്ടറി...
ഡാ തലേലൊരിച്ചിരി ആള്‍താമസമുള്ള ആരേലും ഓടനാവട്ടത്തെ മരത്തേ കിടക്കുന്ന നിനക്ക് യുകെ ലോട്ടറിയടിച്ചെന്നു കേട്ടാ വിശ്വസിക്കുവോ? വിശ്വസിച്ചാലും കാശു കളയുവോ.. നീയൊക്കെ ഒരു മലയാളിയാന്നോടേ?
ങ്ങേ..
ഡാ, തലേം കുത്തിക്കിടന്നിട്ടും തലയ്ക്കു വെളിവു വരാത്തവനേ. വേതാളപിശാശേ.. ഈസി മണീന്നു കേക്കുമ്പോ പനിക്കുുന്നവനെല്ലാം പണി വാങ്ങീട്ടൊണ്ട്. ആക്രാന്തം മൂത്തു കഴിയുമ്പോ യുക്തി പമ്പ കടക്കും. പണി വാങ്ങിക്കഴിയുമ്പോ അടുത്ത പ്രശ്നം വരും. അതുവരെയില്ലാത്ത ഒന്ന്..
വാട്സ് ദാറ്റ്?
സമയത്തിലും വിധിയിലും ജ്യോതിഷത്തിലും വിശ്വാസം. ശത്രുദോഷം കൂടോത്രം കുന്തം കുടച്ചക്രം. കാശു പോയവന്‍ ബ്ലേഡീന്നു കാശെടുത്തിട്ടാണേലും പരിഹാരം കാണാന്‍ നടക്കും. അതോടെ അവന്റെ വിധിയുടെ കാര്യത്തിലൊരു തീരുമാനമാവും...
ഹൗ സോ?
നിരാശ ബാധിച്ചു, പ്രശ്നങ്ങള്‍ക്കു മറ്റുള്ളവരെ പഴിച്ച്, വിഷാദത്തിന്റെ പടുകുഴിയില്‍...
അപ്പോ. ചരടു ജപിച്ചു കെട്ടണ്ടേ?
ഹഹ. പോയ കായി പോയെന്നു വിചാരിച്ചാ മാനസിക രോഗമേലും ഒഴി‍ഞ്ഞു കിട്ടും..
ങ്ങേ..
കാശുപോയി മരക്കൊമ്പേലും അല്ലാതേം വടിയായിരിക്കുമ്പം നിനക്കു മനസ്സിനു സുഖമുണ്ടാവുന്ന വാര്‍ത്ത വേറൊന്ന് കേട്ടിട്ടു സ്ഥലം കാലിയാക്ക്.. പോന്നതിനു മുന്‍പൊരു ചായക്ക് കൂടെ വെള്ളോം വെച്ചോ..
അതെന്തു വാര്‍ത്ത..
ഡാ നിന്നെ പോലെ കാശു മണ്ടന്‍മാര്‍ ലണ്ടനിലുമുണ്ട്.. അവരെ പറ്റിച്ച വേന്ദ്രന്‍ റോയല്‍ ലൈഫ് താണ്ടി ഇപ്പോ സര്‍ക്കാരു വക ഫുഡ് അന്‍ഡ് അക്കോമഡേഷനില്‍ കഴിയുന്നു.
അപ്പോ
ദുര ഒരു സാര്‍വലൗകിക പ്രതിഭാസമാണ്. ദൈവം തമ്പുരാന്റെ കാര്യം പറഞ്ഞ പോലാ വേണേ വേണം, വേണ്ടേ വേണ്ട.. ഇനഫ് ഫോര്‍ ദി ഡേ. ഇനി നീ..
ഞാനിവിടില്ല. എപ്പഴേ പോയി.  


Read more »

Monday, July 21, 2014

പരീക്ഷ

കോന്‍ ഹേ..
ങും..
ആരെടാ അത് മറഞ്ഞ് നിക്കുന്നത്..
ങ്ങും..
തമിഴില്‍ തെറിവിളിക്കണോ പുറത്തു വരുന്നോ?
ഹഹഹ. ഇതാര് ഇന്നലെ രാജി വെച്ച് പോയ വേതാള്‍.. കിദര്‍ ഹേ തേരാ നാനോ? നെക്ക് ടൈ കെട്ടിയ അസ്സിസ്റ്റന്റ്?
നോ  സ്റ്റിക്ക് ഡെഡ്ബോഡി..
ങ്ങേ. ഇതെന്തു ഭാഷ.
അത് വന്ത് വിക്രം സര്‍, ശവത്തേ കുത്തരുത് എന്നതിന്റെ ഇംഗ്ലീഷ്.
എപ്പം മുതലിംഗ്ലീഷ് ഇങ്ങനെ?
അല്ല സര്‍ നമ്മളു വെറുതെയെന്തിനാ ഗ്രാമറൊക്കെ തല്ലിപ്പിടിച്ചു ഭാഷയെ വികലമാക്കുന്നത്? അല്ലേ കഷ്ടപ്പെട്ടു പഠിക്കുന്നത്?
നിനക്ക് കാര്യമായിട്ടെന്തോ പേടി തട്ടീട്ടൊണ്ട്..കാര്യം ബോല്‍ വേതാള്‍.. ഭാഷ നിയമതമല്ലേലും നിരന്തരം ഇവോള്‍വിങ്ങാണ്. ഏതു കളി പോലേം ലംഘിക്കാനാണെങ്കില്‍ പോലും ഭാഷയ്ക്കും നിയമം വേണം. ഇനി നിന്റിംഗ്ലീഷി യൂ ടെല്ല്.
അല്ല സര്‍ ഇതൊക്കെ കഷ്ടപ്പെട്ടു പഠിച്ചാലും  അവസാനം പരീക്ഷയ്ക്കു ചെല്ലുമ്പോ ചോദിക്കുന്നത് നടിയുടെ ഉയരമാണ്..
ങ്ങേ അതെവിടെ എപ്പം?
സര്‍ക്കാരുദ്യോഗത്തിനുള്ള പരീക്ഷേല്..
ഹഹഹഹഹഹ...
ദണ്ണപ്പെട്ടു സങ്കടം പറയുമ്പോ ചിരിക്കുന്നോ വിക്രം സര്‍? ഇതക്രമമാണ്..
ഡാ..നീ ചരിത്രം വായിച്ചിട്ടൊണ്ടോ? വേണ്ട, പഴേ മണിപ്രവാളം മതിലേ മുള്ളിയ വകേലേലും തെറിച്ചിട്ടൊണ്ടോ?
ഉണ്ടെങ്കില്‍..
കൃതികളില്‍ നടികളുടെ തത്തുല്യത്തിന്റെ  പ്രസക്തഭാഗങ്ങളെ വര്‍ണ്ണിക്കുന്നത് അഞ്ചും ആറും ഏഴും വരികളുള്ള ലക്ഷണയുക്ത ശ്ലോകങ്ങളിലാണ്.
അതിന്...
അല്ലെടാ... ഈ പരീക്ഷ അന്തക്കാലത്താരുന്നേല്‍ ഉദ്യോഗാര്‍ത്ഥീടെ ഗതികേടോര്‍ത്തതാണ്..
യൂൂൂൂ.....
ഡാ, നെന്റെ ഭാഷേ. യൂ ബാക്ക് വേതാളം.  ബട്ട് നോ കോത സോങ്ങ്. ഇടിച്ചു നെന്റെ നട്ടും ബോള്‍ട്ടുമിളക്കും. ഇനി സ്ഥലം കാലിയാക്ക്. ഒണ്‍ ഫോര്‍ ദ റോഡിനു ഒരു പീസ് മണിപ്രവാളം ആ അലമാരേല്‍ രണ്ടാം നിരയില്‍ ഇടത്തു നിന്നു നാലാമതിരിക്കുന്ന പുസ്തകത്തിന്റെ പുറകിലത്തെ പുസ്തകത്തില്‍ അറുപത്തിനാലാമത്തെ പേജില്‍ രണ്ടാമത്തെ പാരഗ്രാഫ്...
 

Read more »

Sunday, July 20, 2014

സസ്പെന്‍ഷം..

മത്തങ്ങാത്തലയാ.. മാങ്ങാണ്ടിമോറാ.. ദുര്‍വ്വാസാവേ.. മുന്‍കോപപിശാശേ.. തെറിയോത്തുംഗചോളാ..
വാട്സപ്പ് വേതാള്‍, വാട്സ് റോങ്ങ് വിദ് യൂ..
ഇതാ എന്റെ രാജിക്കത്ത്..
പ്രകോപനം?

വേതാളങ്ങളോട് എങ്ങനാ പെരുമാറണ്ടെതെന്ന് എന്റെ സ്വന്തം നാനോക്കാറില്‍ വന്നിറങ്ങീട്ട് കാണിച്ചു തരാം..
കാര്യം പറഞ്ഞിട്ടെങ്ങോട്ടാച്ചാ കഴുവേറ്റ് തലതിരിഞ്ഞ പിശാശേ...
കണ്ണാടീം വെച്ച് മസിലും പെരുപ്പിച്ചു കള്ളും കുടിച്ച് പുസ്തകോം വായിച്ചിരുന്നാ പോര, വല്ലപ്പോഴും പത്രം വായിക്കണം..
ങ്ങേ. നാടകത്തിനു അനുപേക്ഷണീയമായ ഗുണം സസ്പെന്‍സ് നിര്‍ത്തീട്ട് പരിണാമ ഗുപ്തനാവ്. കാര്യം പറ.
ആരാച്ചാരന്മാര്‍ക്ക് രണ്ടു ലക്ഷം രൂപ ശമ്പളം.
ഹും..
ഒരു ലക്ഷം രൂപയ്ക്ക് ഞാനൊരു നാനോ കാറു വാങ്ങും..
എല്ലാ മാസോം വാങ്ങുവോ?
തമാശ വിട് വിക്രം സാര്‍. അല്ലേലും പാവങ്ങളു നന്നാവുന്നത് നിങ്ങക്ക് കണ്ണിപ്പിടിക്കൂലല്ലോ.. ബാക്കി ഒരുലക്ഷത്തില്‍ പാതി കൊടുത്തേച്ച് നെക് ടൈയിട്ട ഒരു വേതാളത്തെ ജോലിക്കു വെക്കും. എന്നിട്ടാ വേതാളത്തോട് പെരുമാറുന്നതെങ്ങനാന്ന് ചിലരെയൊക്കെ കാണിച്ചു തരും..
ബാക്കി കാശെന്തോ ചെയ്യുവെടേ?
ഓള്‍ഡ് മോങ്ക് കിട്ടാതെ വലയുന്ന പാവങ്ങള്‍ക്ക് കഞ്ഞിവീത്തും.
നന്നായി. അപ്പോ തീരുമാനിച്ചല്ലേ?
ആ തീരുമാനിച്ച്..
ഇനി മാറ്റമൊന്നുമില്ല..
ഇല്ല...
ആ പത്രം നെന്റെ കൈയ്യിലൊണ്ടോ?
ഒണ്ട്..
നോക്കട്ടും. നീയിത് ശരിക്കു വായിച്ചാരുന്നോ?
ഇനിയെന്തോന്ന് വായിക്കാന്‍, കപടവ്യാഖ്യാനങ്ങളില്‍ എന്നെ മയക്കാന്നു കരുതണ്ട... മരത്തേക്കിടന്ന പഴേ വേതാളമല്ലിത്...
ഡാ. ഈ മഹാരാജ്യത്തൊരു വര്‍ഷം എത്ര തൂക്കിക്കൊല നടത്തുന്നുണ്ടെന്ന് നിനക്കറിയുമോ?
ഇല്ല.
വേണമെങ്കില്‍ വിരലിലെണ്ണാം...
ങേ..
ദയാഹര്‍ജ്ജിയും വാര്‍ദ്ധക്യാവശതയും എല്ലാം കഴിഞ്ഞാരേലും തൂക്കുമരത്തേലെത്തിയാ തൂക്കുന്നവന് രണ്ടു ലക്ഷം രൂപ കിട്ടും.
ങ്ങേ...
കായി രണ്ടു ലക്ഷമായതോടെ ഇനി ആപ്ലിക്കന്റ്സ് കൂടും.. ലോക്കല്‍ കമ്മീറ്റീന്നും ജില്ലാക്കമ്മിറ്റീന്നുമൊക്കെ ശുപാര്‍ശേം വരും. അതുമല്ലേല്‍ മാനേജ്മെന്റ് സെറ്റപ്പു പോലെ തലവരിപ്പണം വരും..
ങ്ങേ.. ഒരു ശുപാര്‍ശക്കത്ത് തന്നു സഹായിച്ചൂടെ സര്‍ വിക്രം?.
നീ നേരത്തെയെന്താ വിളിച്ചത്?  എല്ലാം കടന്ന് എങ്ങാനും ചാന്‍സു കിട്ടാല്‍, പ്യാടിപ്പിക്കാന്‍ നൂറു കൂട്ടം പഴംപുരാണങ്ങളു വേറെ വരും.അപ്പോ പ്യാടി തട്ടി ഓടി വിറച്ച്. ..
ങേ..
ഇതു പിടി...
ഇതെന്താണ് വിക്രം സര്‍...
നെന്റെ ഡിസ്മിസ്സല്‍ ഓര്‍ഡര്‍. മരക്കൊമ്പേ തൂങ്ങുന്ന അറുപഴഞ്ചന്‍ വേതാളത്തിനു പകരം, ഞാന്‍ മൊബൈല്‍ ടവറേ തൂങ്ങുന്ന ന്യൂജനറേഷന്‍ വേതാളത്തെ അപ്പോയിന്റു ചെയ്തു...
ഞാനിവിടില്ല, ഇന്നിവിടെ വന്നിട്ടില്ല, എന്നതിന്റെ ഇംഗ്ലീഷ്..

Read more »

വിവാദം

ഗുഡ്മോണിങ്ങ് സര്‍..
എന്താണ് നിന്റെ മുഖത്തൊരു സന്തോഷം?
അരുണ്ഡതി റോയി എന്താണ്ടു പറഞ്ഞെന്നോ പറഞ്ഞില്ലെന്നോ പറഞ്ഞ് ജനമായ ജനമെല്ലാം തെറിവിളി?
എവിടെ?
ഫേസ്ബുക്കില്..
എന്തരു വിഷയം വേതാള്‍?
ഗാന്ധിജിയെ ഇകഴ്ത്തുത്തിയെന്നോ അയ്യങ്കാളിയെ പുകഴ്ത്തിയെന്നോ...
ഡാ..  പെട്രോളിനു വില കൂടിയാല്‍ മരക്കൊമ്പേ തലേം കുത്തിക്കിടക്കുന്ന നിന്നെ ബാധിക്കും, പക്ഷെ നിനക്കു ഫീലു ചെയ്യുമോ?
ഇല്ല..
നിന്റെ മരക്കൊമ്പ് ഹൈവേ വികസനത്തിനെടുത്തു പോയാലോ?
ഹങ്ങനെ എടുക്കുന്നതെനിക്കൊന്നു കാണണം. സമരം ചെയ്യും, സമരം ചെയ്യും മരണം വരെയും സമരം ചെയ്യം...
അതായത് നിന്നെ ബാധിക്കുന്ന കാര്യത്തില്‍ നിന്റെ കണ്‍മുന്നില്‍ കാണുന്ന കാര്യത്തില്‍ നീ പ്രതികരിക്കും,  റൈറ്റ്?
ചരിത്രത്തില്‍ നെന്റെ ചാരിത്ര്യത്തിന്റെ അവസ്ഥയെന്താണ്?
കഷ്ടമാണ് സര്‍.. കന്യകനായി തുടരുന്നു..
വിക്കിയടക്കം ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി ഇഷ്ടം പോലെ സാധനമുണ്ട്. നിന്റെ വിവരക്കേട് നിന്റെ മാത്രം പ്രശ്നം. എനിവേ കേള്‍..ഗാന്ധിജിയുടെ നിത്യജീവിത പരിസരങ്ങളും അയ്യങ്കാളിയുടെ നിത്യജീവിത പരിസരങ്ങളും വ്യത്യസ്തമായിരുന്നു. സ്വാഭാവികമായും പ്രതികരണങ്ങളും.
ങ്ങേ..
ഒരു രാഷ്ട്രദേശീയതയെ കൂട്ടിയിണക്കിയ ഘടകമായിരുന്നു ഗാന്ധിജി. അയ്യങ്കാളി ഒരു പ്രദേശത്ത് പരിമിതനും. ആദ്യത്തേത് ദേശീയ സ്വാതന്ത്ര്യസമരവും, രണ്ടാമത്തേത് ഒരു പ്രത്യേക പ്രദേശത്തെ സമത്വത്തിനും തുല്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരവും. സ്കോപ്പും ഇമ്പാക്ടും രീതികളും വ്യത്യസ്തം.
അപ്പോ..
ഡാ ആശയങ്ങള്‍ക്കതിരു വരമ്പുകളില്ലേലും, പ്രാദേശികമെന്നോ ദേശീയമെന്നോ വ്യത്യാസമില്ലേലും ചരിത്രത്തിന്റെ ഒരു പ്രത്യേകസന്ധിയിലതു സ്വയം ഉരുത്തിരിയും. അങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കും.
അപ്പോ അരുണ്ഡതി റോയി..
സുന്ദര മനോഹരമായ കാപട്യമില്ലാത്ത ഭാഷയിലെ ഗദ്യം. നൂഡില്‍സു പോലെ സുന്ദരന്‍ റെബല്‍മുടി. നല്ല തിളങ്ങുന്ന കണ്ണുകള്‍. എഴുത്തുകൊണ്ടു പത്തു കാശൊണ്ടാക്കിയപ്പഴും കളയാത്ത സാമൂഹികപ്രതിബദ്ധത. നാലു വാക്കെഴുതുന്നവനെല്ലാം പിച്ചക്കാരനും തെണ്ടീമായി നടക്കണമെന്ന പിടിവാശികള്‍ക്കപ്പുറത്തെ മീഡിയ ബേസ്. ഐ ലവ് ഹെര്‍...
അപ്പോ.
കിണുങ്ങിക്കൊണ്ടു നില്‍ക്കാതെ, നീ പോയിട്ടാ ക്യാമറേം ബാഗുമെടുത്തേച്ചും വാ.. ഞായറാഴ്ചയായിട്ടു വായിനോക്കാം, ബിയര്‍ ഫെസ്റ്റിനു പോവാം.. ബിയറിന്റെ ആഴങ്ങളിലേക്കും ചരിത്രത്തിന്റെ ആഴങ്ങളിലേക്കുമൂളിയിടാം. കമോണ്‍, ഗെറ്റ് റെഡി.

Read more »

Friday, July 18, 2014

ലാഭലോഭം

സാര്‍....സാര്‍‍.....
എന്തോന്നെടേ നീയെന്നെ ലേലം വിളിക്കാനിറങ്ങിയേക്കുവാന്നോ?
മ.മമ..മമ.
നിനക്കെന്തോന്ന് വിക്കും പിടിച്ചോ.. കാര്യം പറയെടേ..
മൈക്രോസോഫ്റ്റ് പിരിച്ചുവിടുന്നു...
അതിനാരുന്നോ നീ ഓടിപ്പാഞ്ഞു വന്നത്.. ഇന്നിതാ ബിബിസി വക വേറെ..
അതെന്തര്?
ഡിജിറ്റലൈസേഷന്റെ ഭാഗമായിട്ട്..
എന്നുവെച്ചാ..
ഡാ നീ ടെലിഫോണ്‍ ബുത്തു കണ്ടിട്ടെത്ര കാലമായി?
മൊബൈലുള്ളപ്പോ ആരു ടെലിഫോണ്‍ വിളിക്കാന്‍...
ഫാക്സ് മെഷീന്‍ കണ്ടിട്ടോ?
ഇമെയിലും ഡിജിറ്റല്‍ സിഗ്നേച്ചരുമുള്ളപ്പോള്‍ എന്ത് ഫാക്സ് ചെയ്യാന്‍..
നോപ്. ചിലയിടത്തൊക്കെ ഇതൊണ്ട്, അവര്‍ക്കും ഇമെയിലും സ്കാനറും ഒക്കെയുണ്ടെങ്കിലും. പതിയെ ആക്രിയായിത്തുടങ്ങുന്ന ഒന്ന്..നീ പഴേ സര്‍ക്കാര്‍ വിലാസം കത്തിക്കുത്തുകള്‍ കണ്ടിട്ടുണ്ടോ?
ങ്ങേ..
മേലാവില്‍ സമക്ഷത്തു നിന്നും വരുന്ന മൊഴിമുത്തുകള്‍ പേപ്പറില്‍ കുറിച്ച് ടൈപ്പ്റൈറ്ററില്‍ കൊട്ടിപ്പാടി രണ്ടു പകര്‍പ്പെടുത്ത് ഒപ്പിട്ടു തരുന്ന പരിപാടി..
നരച്ച പേപ്പറില്‍ നീല ടൈപ്പ്..
ആം അതന്നെ. ജനം ലാപ്ടോപ്പില്‍ കൊട്ടിപ്പാടി സേവ സ്വയമായതോടെ ടൈപ്പിസ്റ്റിന്റെ പണിയുടെ സ്കോപ്പ് കുറഞ്ഞു. സാങ്കേതികവിദ്യേടെ പ്രശ്നം. ആവിയെഞ്ചിന്‍ മാറി ഡീസലെഞ്ചിന്‍ വന്നപ്പോള്‍ കരിവാരിയിടുന്നവന്റെ ജോലിയസ്തമിച്ച്..
അപ്പോ ജോലി?
മൈക്രോസോഫ്റ്റും ബിബിസിയും രണ്ടും രണ്ടാണ്. രണ്ടു മനോനിലകള്‍. പക്ഷെ പൊതുവായൊന്നുണ്ട്..
വാട്സ് ദാറ്റ്?
കോസ്റ്റ് കട്ടിങ്ങ്.. ദുര്‍ചിലവ് കുറയ്ക്കല്‍. പാഴ്ച്ചെലവ് കുറയ്ക്കല്‍. സാമ്പത്തികമാന്ദ്യം ഒളിവിലും മറവിലും നില്‍ക്കുന്ന കാലത്തതൊക്കെ വരും. മത്സരത്തില്‍ ലാഭവലുപ്പം ശുഷ്കമായി വരുമ്പോ പ്രത്യേകിച്ചും..
ങ്ങേ..
അതൊരു സാമ്പത്തികക്രമഅക്രമമാണ് വേതാള്‍. അല്ല, നിന്റെ മരക്കൊമ്പിനും നിന്റെ തീറ്റിക്കും നി പാഴാക്കുന്ന സമയത്തിനും കൂടെ....
മതി.. വിക്രം സാര്‍.. ഞാനൊന്നും ചോദിച്ചുമില്ല. കേട്ടുമില്ല.. മരക്കൊമ്പിലിച്ചിരി കഞ്ഞി തിളയ്ക്കാന്‍ വെച്ചതിപ്പം തിളച്ചുകാണും.. അപ്പം ഞാനങ്ങോട്ട്....Read more »

Thursday, July 17, 2014

പ്രശ്നസാങ്കേതികം

എന്തോന്നടേ മുഖത്തൊരു ക്ഷീണം?
ഉറങ്ങീല്ല വിക്രം സര്‍ ഉറങ്ങീല്ല..
തലേം കുത്തി തൂങ്ങിക്കിടന്നിട്ടും തൂക്കം വരാതാ?
ഇല്ലൈ.
ക്യോം?
കണ്ണടയ്ക്കുുമ്പോ തലയ്ക്കു മുകളില് വീമാനം.. കണ്ണു തുറന്നിരിക്കുമ്പോഴും...
മരക്കൊമ്പിത്തലേം കുത്തിക്കിടന്ന് മുകളിലേക്ക് നോക്കിയാ പിന്നെ ആകാശോം ബീമാനോമല്ലാതെ വേറെ വല്ലോരേം കാണുവോ?
അതല്ല സര്‍.. മലേഷ്യന്‍ വിമാനം..
ഡാ, അതൊരു ഏവിയേഷന്‍ ദുരന്തമാണ്, അതേ സമയം രാഷ്ട്രീയ ദുരന്തവും..
രാഷ്ട്രീയ ദുരന്തം?
ആണെടാ. ഡിസ്ഇന്റഗ്രേഷന്‍ ഓഫ് യു.എസ്സ്.എസ്സ്.ആര്‍..
ക്യോം?
സോവിയറ്റ് യൂണിയന്‍ പൊട്ടിച്ചിതറിയതിന്റെ കാരണത്തേന്നു പിടി വിട്. ലോജിക്കുള്ളവര് ചിന്തിക്കുന്നതു പോലെ ചിന്തിക്ക്.
എങ്ങനെ?
പലതിലും ഒരു ടെക്നോളജിക്കല്‍ മാര്‍വലായിരുന്നു ആ പഴേ ഭീമാകാരയൂണിയന്‍. മിഗു മുതല്‍ മഗ്ഗു വരെ..സേം ഈസ് ദി കേസ് വിദ് വെപണ്‍സ്. ഡിസ്ട്രക്ടീവ് ടെക്നോളജി യൂണിയനില്‍ പലയിടത്തായി വ്യാപിച്ചു കിടന്നു..
എന്നിട്ട്?
ഡിസ്ഇന്റഗ്രേഷനു ശേഷം അഷ്ടിക്കു വകയില്ലാത്ത നിരവധി രാജ്യങ്ങളുണ്ടായി. ആയുധങ്ങള്‍, ആര്‍ക്കും സോഴ്സ് ചെയ്യാവുന്ന ബ്യൂറോക്രാറ്റിക് വാഴ്ചയുള്ള ചെറുരാജ്യങ്ങള്‍...
അവര്...
ഡിസ്ഇന്റഗ്രേഷനു ശേഷം ലോകത്തുള്ള ടെററിസ്റ്റ് സീനുകളില്‍ ഒളിഞ്ഞും തെളിഞ്ഞും പഴയ സാങ്കേതികാതിശയങ്ങള്‍..
ങ്ങേ..
യെസ്. പൂര്‍ണ്ണമായോ ഭാഗികമായോ..
അപ്പോ..
പതിവു വാചകം, അപ്പം ഇപ്പം ഒന്നുമില്ല. പ്രശ്നസങ്കീര്‍ണ്ണതകളി‍ല്‍ പല യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഇന്നത്തെ മിനക്കേട് നിര്‍ത്തി സ്ഥലം കാലിയാക്ക്...
ഒരു സംശയം വിക്രം സര്‍..
വാട്സ് ദാറ്റ്..
ഇപ്പം തൂങ്ങിക്കിടക്കുന്ന മരക്കൊമ്പ് പഴേതായി... ഒരു സോവിയറ്റ് മരക്കൊമ്പു കിട്ടുവോ? പഴേതാണേലും മതി..

Read more »

ഭക്ഷണം

എന്താണ് ഒരു പാല്‍പ്പുഞ്ചിരി..
അത് വിക്രം സര്‍, കോപിക്കക്കൂടാത്..
എതുക്കു കോപം വേതാള്‍, ശൊല്‍...
അന്ത ഫേമസ് ജോയിന്റില്‍ സാപ്പിട്ടാച്ച്...
എന്ത എടം? ദാറ്റ് ചെയിന്‍?
ആം..
ഇപ്പോ നിനക്കൊരു സുഖം കിട്ടുന്നുണ്ടല്ലേ?
എന്തു സുഖം?
ബ്രാന്‍ഡ് വാല്യു എന്നൊരു സാധനമുണ്ട്. പാടി നീട്ടി ക്ഷീരബലയിലാറ്റിക്കുറുക്കിയ ഒന്ന്. ഓരോ പരസ്യത്തിലും പതിയുന്നത്, നിറയുന്നത്, സൂചിപ്പിക്കുന്നത്..
അതെന്ത് വിക്രം സര്‍..
ഡാ അഞ്ചു രൂപയ്ക്ക് അല്ലേ ഇപ്പം ചെലപ്പം ഏഴു രൂപയ്ക്ക് പാളയത്ത് തട്ടുകടേന്നു കുടിക്കുന്നതും പിറകില്‍  മസ്കറ്റ് ഹോട്ടലീന്നു രണ്ടോ മൂന്നോ അക്കം ചിലവാക്കി കുടിക്കുന്നതും ചായ്..ചെല്ലുന്നതും ഒരേ സ്ഥലത്തേക്ക്..
അപ്പം..
നീ ക്യൂബിസം എന്നു കേട്ടിട്ടുണ്ടോ? രണ്ടോ മൂന്നോ മാനങ്ങളു കാണുന്നതിനു പകരം അഞ്ചാറു മാനം കാണ്.. ജനലിക്കൂടെ പുറത്തേക്കല്ല, ഇബ്‍ഡെ.. ഇദര്‍...
എന്‍ലൈറ്റന്‍ മീ വിക്രം സര്‍..
തട്ടുകടക്കാരന്റെ ഇന്‍ഗ്രിഡിയന്റും പഞ്ചനക്ഷത്രത്തിന്റെ ഇന്‍ഗ്രിഡിയന്റും സോഴ്സും തമ്മിലുള്ള വില വ്യത്യാസം പോലുള്ള ക്ലീഷെ അല്ലെടേ.. പഞ്ചനക്ഷത്രത്തിന്റെ കയറിയിരുന്നു കുടിക്കുമ്പോള്‍, ക്ലാസ്സ് വ്യത്യാസം സംഭവിക്കുന്നുവെന്ന കപടബോധം..
അതേലൊരു ബോധമാണ് നിനക്കിപ്പം..
ങ്ങേ..
എന്തോ കഴിച്ചെന്നു ചോദിച്ചാല്‍‌ പഴങ്കഞ്ഞി കഴിച്ചെന്നു പറയൂല്ല. സ്റ്റീംഡ് റൈസ് വിദ് കര്‍ഡ്.. പുട്ട് കഴിച്ചെന്നു പറയൂല്ല. സ്റ്റീംഡ് കേക്ക്..കള്ളച്ചിരി ചിരിക്കരുത് വേതാള്‍...
ങ്ങു ഹും..
പണ്ടു ബോംബെയിലൊരു ഉച്ചിക്കു മറുകുള്ള ഒരു മനുഷ്യനുണ്ടാരുന്നു. അങ്ങരെക്കുറിച്ച് മരണശേഷം ഒരു പത്രപ്രവര്‍ത്തകന്‍ കിത്താബെഴുതി..
ഹൂസ് ദാറ്റ് സര്‍?
സെന്‍സിബിളായി ചൊറിഞ്ഞുകൊണ്ടിരുന്ന ഭൂലോക അലമ്പ്.. അടിമുടി ജെന്റില്‍മാന്‍
സസ്പെന്‍സാക്കാതെ കാര്യം പറ വിക്രം സര്‍..
എം. പി. നാരായണ പിള്ള. അങ്ങേരു പറഞ്ഞതെന്താന്നു നിനക്കറിയോ?
ഇല്ല.
ഡാ മനുഷ്യന്‍ ജീവിക്കുന്നതേ അപ്പിയിടാനാണ്. നാലു നേരം വല്ലോരും വെച്ചുവിളമ്പിക്കൊടുക്കുന്നവനും കഷ്ടപ്പെട്ടു സ്വന്തം ഉണ്ടാക്കുന്നവനും തെണ്ടിത്തിന്നുവനും എല്ലാം ജീവിക്കുന്നതേ അപ്പിയിടാനാണ്.. അതൊന്നു വിലങ്ങിയാല്‍ തീരുന്ന ജീവിതം..
അപ്പം ഞാന്‍..
സ്ഥലം കാലിയാക്ക്. പോകുന്ന പോക്കിലൊരു കിലോ പഴം വാങ്ങിക്കോ.. ആ കപടബോധം അല്പം പുറത്തേക്കു പോകട്ടും...


Read more »

Wednesday, July 16, 2014

വാര്‍ത്ത

എന്തോന്നടേ നെന്റെ കണ്ണു നിറഞ്ഞിരിക്കുന്നത്?
രാവിലെ ഒരു പത്രവാര്‍ത്ത..
നിറയ്ക്കാനും മാത്രം എന്തോന്ന് തലക്കെട്ട്?
ഉയിരു പോയാലും തനിച്ചാക്കില്ല ഞാന്‍ ഉരുകുന്ന നെഞ്ചം ഈ വെയില്‍ വാടില്ല..
മതി നിര്‍ത്ത്. അതിവൈകാരിക വേര്‍പാടാരുടേത്?
അമേരിക്കാവിലെങ്ങാണ്ടൊരു പട്ടി, വെയിലത്തു വീണ യജമാനനെ വിട്ടുമാറാതെ നിന്നുവെന്ന്....
ഐ കുഡ് ഹാവ് ഹസ്ഡ് വേതാള്‍ ഐ കുഡ് ഹാവ് ഗസ്ഡ്..
ഇതെന്തു വിക്രം സാറിങ്ങനെ?
നിനക്കൊരു പഴങ്കഥ പറഞ്ഞുതരാം. കേള് 'അതു കേട്ടു കേശവൻ കാര്യം മനസ്സിലാക്കിക്കൊണ്ടു മുറ്റത്തുനിന്നു പതുക്കെ നടന്നു പറമ്പിൽ ചെന്നു കിടന്നു. മാത്രനേരം കഴിഞ്ഞപ്പോൾ അവന്റെ കഥയും കഴിഞ്ഞു. അതുകൊണ്ടു കേശവനും ഭാഗ്യവാനായിരുന്നു എന്നുതന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. നേരം വെളുത്തപ്പോൾ കേശവൻ ചരിഞ്ഞു എന്നും അഴകപ്പാപിള്ള മരിച്ചു എന്നും ഉള്ള വർത്തമാനം ആ ദിക്കിലൊക്കെ പ്രസിദ്ധമായി.'
ഇത്?
ഐതിഹ്യമാല അവസാനഭാഗം, തിരുവട്ടാറ്റാദികേശവൻ..
അപ്പം..
എന്തോന്നപ്പം വേതാള്‍.. ലഘുക്കളെ പാടി ഗുരുക്കളാക്കുകയും അതിശയോക്തി പുട്ടിനു പീരയിടുന്നതു പോലെ കലര്‍ത്തുകയും ചെയ്യുന്നതാണ് ഭാവനയും എഴുത്തും അതെഴുതുന്നവന്റെ പിഴപ്പും..
അല്ല അപ്പം വാര്‍ത്ത?
വാര്‍ത്ത ഈ വന്ന കാലത്തു ഭാവനയാണ്... ഇപ്പോ നീ ചെല്ല്. തലേലൊള്ളതിനേക്കാള്‍ നിയമം കിത്താബിലുണ്ടോന്നു നോക്കട്ടെ.
എന്നാല്‍ നുമ്മടെ മരക്കൊമ്പിലേക്ക്..
 നാളെ രാവിലെ പതിവു പോലെ തൊല്ലേം തളിച്ചോണ്ടു വരൂല്ലേ നീ..?

Read more »

Tuesday, July 15, 2014

ഔചിത്യം

‌സര്..
പതുങ്ങി നിന്നു കൂവി ആളെ പ്യാടിപ്പിക്കാതെടേ..
അതിനല്ല കൂവിയത്..
പിന്നെ..
ആ ലാപ്ടോപ്പിക്കാണുന്ന പടമില്ലേ...
ആം..
കണ്ടു കണ്ടു കരഞ്ഞു കരഞ്ഞു..
ഡാ..
യെസ്സര്...
മാധ്യമത്തിനെഡിറ്ററുണ്ട്, അവര്‍ക്കൊരു പോളിസിയുണ്ട്, ഗൈഡ് ലൈനുണ്ട്. ബാക്കിയെല്ലാം പോലെ പോസായിപ്പന്റനുകരണം.
അപ്പുറം.
ഡാ അനുകരണത്തിനൊരു കുഴപ്പമുണ്ട്. ഒന്നുകില്‍ വ്യാജന്‍ ഒറിജിനലിനെ വെല്ലും. അല്ലെങ്കില്‍ പോകപ്പോകെ അനുകരണം ദുര്‍ബലമാകും തനിനിറം കാണിക്കും.
അപ്പോ ഇത്..
ഒരു സെവന്റീസു വരെ അല്ലെങ്കില്‍ എയിറ്റീസു വരെ പഴയ ക്ലാസ്സിലുള്ള പത്രപ്രവര്‍ത്തനമാരുന്നു. അപ്പുറം ഉള്ളടക്കം മാര്‍ക്കറ്റിങ്ങ് ടീം തീരുമാനിക്കുന്ന സ്ഥിതി വന്നു. അവിടുന്നു പിന്നെ വെച്ചടി വെച്ചടി കയറ്റമാരുന്നു.. താഴേക്കാന്നു മാത്രം...
അപ്പോ ഫ്രണ്ട് പേജ് ഫുള്‍ പരസ്യം..
വിവരക്കേട് പറയാതെടേ വേതാള്‍.. അത്രേം കാശ് പിന്നെ നിന്റപ്പന്‍ വേതാളം കൊണ്ടുക്കൊടുക്കുവോ? പത്രനടത്തിപ്പും ഒരു സാമ്പത്തിക പ്രക്രിയയാണ്. ലാഭോം നഷ്ടോമൊക്കെയുള്ള പ്രക്രിയ. ബ്ലേഡുകമ്പനിയേയും പത്രത്തേം വ്യത്യസ്തമാക്കുന്ന സാധനം മൂല്യങ്ങളാണ്. പാര്‍ട്ടി പത്രത്തെയും അല്ലാത്ത പത്രത്തേയും..
അപ്പോ ഫോട്ടോ..
ഫോട്ടോ അല്ലടേ ഇരുട്ടിന്റെ ആത്മാവേ.. പടം ആളുകളിലുണ്ടാക്കുന്ന വികാരം. ഡിപ്രഷന്‍ മൂത്ത് സൂയിസൈ‍ഡലായിരിക്കുന്നവരുടെ മുന്നില്‍ ഭീകരമായ മരണവും ആത്മഹത്യയും അറപ്പുളവാക്കുന്ന ചിത്രങ്ങളുമൊക്കെ റിവേഴ്സബിളല്ലാത്ത ഇംപാക്ടുണ്ടാക്കും. അതിനാരു സമാധാനം പറയും? അതുകൊണ്ടാണ് വെളിവുണ്ടാരുന്നവര്‍ തിരഞ്ഞെടുപ്പുകളില്‍ എഡിറ്റിങ്ങ് ഇംപോസ് ചെയ്തത്. ബാക്കിയൊള്ളതൊക്കെ ലാഭനഷ്ടരാഷ്ട്രീയക്കണക്കുകളുടെ ഗണിതവും ഗുണിതവും. സ്വാഭാവികവും ന്യായീകരിക്കാവുന്നതും.
അപ്പോ
അപ്പോ ഒന്നൂല്ലെടേ ശവത്തേന്നും ലാഭമൊണ്ടാക്കണോ? ഐ ഫീല്‍ സാഡ്. ബാഡ് അന്‍ഡ് ഡിപ്രസ്ഡ്.. നീ ചെല്ല് ചെല്ലാ. ചെന്നിട്ടു നാളെ രാവിലെ വാ.. വേണേ പോന്നതിനു മുന്‍പ് ഒരു ഓട്ടോ റെസ്പോണ്‍സ് കേട്ടിട്ടു പോ..
അതെന്ത്?
നീ സംസാരിക്കാന്‍ ശ്രമിക്കുന്ന നമ്പര്‍‌ ബിസ്സിയാണ്. അല്ലെങ്കില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ഇനീം ഇവിടെക്കിടന്നു കറങ്ങി പ്രതികരിക്കാന്‍ ശ്രമിച്ചാല്‍ നെന്റെ മുട്ടുകാലു ഞാന്‍ തല്ലിയൊടിക്കും വേതാളക്കഴുവേറീ.

Read more »

Sunday, July 13, 2014

അനന്തരം

ഹഹഹ. നീയ്യിവിടൊണ്ടാരുന്നോ..
ഹും...
പിന്നെന്താ മിണ്ടാതെ നിന്നത്?
ങ്ങുഹും..
നെന്റെ സംസാരശേഷി നഷ്ടപ്പെട്ടോ?
ങ്ങു ഹും..
വായില്ലാക്കുന്നിലപ്പന്‍ കളിക്കാതെ കാര്യം പറയെടേ. മനുഷ്യനു വേറെ പണിയുണ്ട്..
എന്നാലും കഷ്ടമായിപ്പോയി വിക്രം സാര്‍..
അര്‍ത്ഥോക്തീലും ന്യൂനോക്തിയിലും ചെലയ്ക്കാതെ നിന്റെ സ്ഥിരം ഉക്തി അല്പോക്തീ കാര്യം പറ...
ഇന്നലത്തെ കളി...
അതാരുന്നോ..അതിന്നലെ കഴിഞ്ഞ്...
അല്ല വിക്രം സര്‍ എന്നാലും ഒരു ചമ്മല്..
വേതാളപ്പിശാശേ.. ആ ചമ്മലില്ലാത്ത മാനസികാവസ്ഥയെയാണ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റെന്നു പറയുന്നത്
ങ്ങേ...
അതില്ലാത്തവനൊന്നും പുറംകളിക്കാന്‍ പോകരുത്.അതുള്ളവന് ഫലം പ്രസക്തോമല്ല, കളിയാണ് പ്രസക്തം... ചീപ്പ് ഇന്‍ഹിബിഷനും കോംപ്ലക്സുമുള്ള ചീളു കേസുകളു വലിയവായി സംസാരിക്കരുത്..അതൊള്ളവനൊട്ടു നേരത്തെ പറഞ്ഞ സ്പിരിട്ടും വരൂല്ല.. നെന്റെ മരച്ചില്ലേ പോയി തലേം കുത്തിക്കിടന്നു നോക്ക്. ചെലപ്പോ എന്തേലുമിച്ചിരി..
സര്‍ ഒരുപകാരം ചെയ്യുവോ?
ശൊല്‍‍ 
ഞാനൊന്നന്തരിച്ചോട്ടെ?
അതിനെന്തിനു നാണിക്കുന്ന്.. വിസ്തരിച്ചായിക്കോട്ടെ.  പോവുമ്പോ ലേശം ചകിരിയെടുത്തോണ്ടും പോ.. മുഖത്തു ചുട്ടിക്കുത്തിയതൊക്കെ കുത്തിയിരുന്നൊരയ്ക്ക്...
 

Read more »

Saturday, July 12, 2014

ഉല്പ്രേക്ഷ

സാര്‍...
എന്തോന്ന് നെനക്കൊരവശത?
രാവിലെ മുതല്‍ ലോകകപ്പ് സ്പെഷ്യല്‍ വാര്‍ത്ത കണ്ടൊരു വഴിക്കായി സാര്‍...
അതെന്ത് വേതാള്‍.. ഡോണ്ട് യു ലൈക് ഫുട്ബോള്‍?
ഫുട്ബോള്‍ മ്മടെ ഖല്‍ബാണ്. ഖല്ബിലെ മുത്താണ് വിക്രം സാര്‍. മ്മടെ മരക്കൊമ്പിലും പഴേ ഒരു ട്രോഫീം ഇച്ചിരി മെഡലും  തൂങ്ങുന്നുണ്ട്..
പിന്നെന്തോന്നെടേ?
അത് വന്ത്..
എന്തു വന്ത്..പ്രച്നം ശൊല്ലി തൊലെടാ...
ഈ വാര്‍ത്തയൊക്കെ കണ്ടാല്‍ ഫുട്ബോളു പോലും വെറുത്തു പോവും..
ഹഹഹ. നിന്റെ പ്രശ്നം വാര്‍ത്തയല്ലേ?
ആമാം..
മണിപ്രാവളകാലത്തെ ഉപമേം ഉല്‍പ്രേക്ഷേം വെട്ടുവാതം വന്ന പോലെ വിറയ്ക്കുന്ന ആവേശോം..
നിജം സാര്‍. ഉങ്കളുക്ക് പരഹൃദയജ്ഞാനമിരുക്ക്..
അതു മട്ടുമല്ല..
മൂന്നാം ക്ലാസ്സില്‍ മാവിലെറിഞ്ഞ കല്ല്, ആദ്യം പല്ലുമുളച്ചപ്പോ തേച്ച ബ്രഷ്..
ആമാം. ബട് വൈ സോ?
ടാബ്ലോയിഡെന്നു കേള്‍വി പെട്ടിരുക്കാ?
ഇല്ലൈ..
നീയീ മാ മാ ന്നു ജനം പുച്ഛിക്കുന്ന കണ്ടിട്ടുണ്ടോ?
ആമാം...
അതിന്റെ വാര്‍ത്താപതിപ്പ്. ഒളിച്ചുനോട്ടോം പരദൂഷണോം..
അതെതുക്ക് സര്‍?
അതായതുത്തമാ മ്മടെ നാട്ടില് ചാനലുകാലം വന്നപ്പോ, ഹിറ്റ് കിട്ടാന്‍ സോപ്പെറങ്ങി. സായു ടാബ്ലോയ്ഡെന്നു വിളിക്കുന്ന സാധനം.   ആദ്യം അബദ്ധമായി, പിന്നെ ആചാരമായി... ടാബ്ലോയിഡിന്റെ മലയാളത്തില്‍ വളര്‍ച്ച മുരടിച്ചു നിന്നു.
യൂ മീന്‍ പൈങ്കിളിഫൈഡ്?
യൂ മേ കോള്‍ സോ..
 അപ്പോ..
ലോകകപ്പല്ല ചരമമാണേലും സുനാമിയാണേലും ഉപമേം ഉല്‍പ്രേക്ഷേം ചേര്‍ത്ത് വൈകാരിക അവിയലിറക്കും മതിലിനപ്പുറത്തു നിന്നും കൂവുന്നതു പോലെ നീട്ടിപ്പരത്തി പാടും. പ്രൊഫഷണലിസം കൊടികുത്തി നിക്കുന്ന അന്താരാഷ്ട്ര ചാനലുകളുടെ കെട്ടും മട്ടും നടപ്പും അനുകരിച്ചൊരു വഴിക്കാക്കും. പക്ഷെ
അതെന്തു പക്ഷെ..
നീയാ നീലച്ചായത്തില്‍ വീണ കുറുക്കന്റെ കഥ കേട്ടിട്ടുണ്ടോ?
ആമാം...
അതന്നെ.  ഇന്നേക്കിതു പോതും. വാര്‍ത്ത കേട്ട ക്ഷീണം നീ വൈകിട്ട് കളി കണ്ട് തീര്‍ക്ക്....
 

Read more »

ആറ്റിട്യൂഡ്

ഇതു കണ്ടോ സര്‍?
ക്യാ?
ഒരാളെ പോലും കയറ്റാതെ ഒരു രൂപ പോലും വരുമാനമില്ലാതെ ബസ്സോടിയത് തൊണ്ണൂറു കിലോമീറ്റര്‍..
കെ.എസ്സ്.ആര്‌‍‍.ടി.സി ആയിരിക്കും. നാലഞ്ചു കിലോമീറ്റര്‍ മൈലേജ് കൂട്ടിയാല്‍‌ പത്തിരുപത് ലിറ്റര്‍ അതിനെ അറുപതു കൊണ്ടോ എഴുപതു കൊണ്ടോ ഗുണിച്ചാല്‍...
അമ്പമ്പോ..
കണ്ട്രാവീടേം ഡ്രൈവന്‍റേം ശമ്പളം, ബസ്സിന്റെ മുടക്കു മുതലു, തേയ്മാനം ഇമ്മാതിരി ഇനമൊക്കെ പിന്നെ  നെന്റപ്പന്‍ വേതാളം വന്നു കൂട്ടുവോടേ..
ആമാം സര്‍. പൈശാചികം...
ബട്ട് മി.വേതാള്‍. ചിലപ്പോ ടാക്സി വിളിച്ചു പോകാനോ ഹോട്ടലില്‍ താമസിക്കാനോ പാങ്ങില്ലാത്ത ആരേലും ഒരുത്തനതിനകത്തുണ്ടായിരുന്നെങ്കില്‍..
എങ്കില്‍?
സര്‍ക്കാര്‍ വിലാസം ബസ്സിനു സോഷ്യല്‍ കോസെന്ന് അഹങ്കരിക്കാമായിരുന്നു... ആരുമില്ലാത്തവനു ദൈവമില്ലേലും സര്‍ക്കാരേലും തുണയെന്നു സര്‍ക്കാരിനും.
പക്ഷെ നമ്മടെ ശകടം?
സോഷ്യല്‍ കോസൊക്കെ കണക്കാണ്. പിടിപ്പുകേടുകാരണം സംഭവിക്കുന്നതല്ലാതെ. പിള്ളേര്‍ക്കു പാസ്സുണ്ട്, വികലാംഗര്‍ക്കു പാസ്സുണ്ട്, അന്ധര്‍ക്കു പാസ്സുണ്ട്, സീനിയര്‍ സിറ്റിസനും പാസ്സുണ്ട്.. പക്ഷെ സംഭവിക്കുന്നതോ?
തൊഴിലാളികള്...
ഡാ. അവരെവിടുന്നു. കിദര്‍സേ?
ങ്ങേ?
അവരും നമ്മളിലൊരാളാണ്. നമ്മളു തന്നെയൊക്കെയാണ്. ദിസ് ഈസ് ഹൗ വീ ആര്‍. ഹൗ വീ ആക്ട്, ഹൗ വീ സീ...
ക്യോം?
അറിയൂല്ല. മേ ബീ ലാക്ക് ഓഫ് സിവില്‍ സെന്‍സ്.. നമ്മുടെ പുസ്തകങ്ങള്‍ ചരിത്രം പഠിപ്പിക്കുന്നുണ്ട്, കണക്കു പഠിപ്പിക്കുന്നുണ്ട്.. പക്ഷെ സിവില്‍ സെന്‍സ്. ഫലം ഗുണപരമായ വീക്ഷണകോണാന്‍ നഹീം.
ങ്ങേ..
ആറ്റിട്യൂഡ് പ്രോബ്ലം..
അപ്പം
അപ്പോമിപ്പോമൊന്നുമില്ലെടേ.. ദേര്‍ ലൈസ് മോസ്റ്റ് ഓഫ് ഇറ്റ്... കാശൊണ്ടായാ ധനികരാജ്യമേ ആവൂ. വികസിത രാജ്യമാവണമെങ്കില്‍ ജനത്തിനു  പൗരബോധം കൂടെ വരണം. സഹജാവബോധം മേമ്പൊടിക്കെങ്കിലും വേണം..
ആംങ്ചി...
ഡാ കള്ളക്കഴുവേറീ, വേതാളപിശാശേ.. ഇബ്ടെ.. ഇബ്ഡെ നോക്ക്. തുമ്മാനിവിടെ പനിപിടിച്ചിരിക്കുന്നവരു വേറെയുണ്ട്... സമയമാവുമ്പോ സാറു തുമ്മും..  മിമിക്രി കാണിക്കാതെ സ്ഥലം കാലിയാക്ക്. ഇന്നു നെന്റെ ടൈം ഫിനിഷ്ഡ്.
Read more »

Thursday, July 10, 2014

തൊലൈപേശി

രാവിലെയന്താണ് സര്‍‌ വിക്രം ചിന്താമഗ്നനും നഗ്നനുമായിരിക്കുന്നത്.
നഗ്നത ഒരു യാഥാര്‍ത്ഥ്യമാണ്, സത്യസന്ധതേം,  വസ്ത്രം ഒരേച്ചു കെട്ടലും കാപട്യവും...
ങ്ങേ..
അതു വിട്, നീ വന്ന കാര്യം പറ..
നാട്ടിലേക്ക് വിളിച്ചിട്ടു ഫോണെടുക്കുന്നില്ല..
നിങ്ങളു വേതാളങ്ങള്‍ക്കു നാട്ടില്‍ മൊബീലൊന്നൂല്ലേടെ?
പ്രായമാവര്‍ക്കെന്തു മൊവീലാണ് സര്‍. അവര്‍ക്ക് പാവം ലാന്ഡ് ലൈന്‍..
അപ്പോ നാട്ടിലിത്തവണ നല്ല മഴയാണ്.
ങ്ങേ?
ഡാ സോമ്പേരി വേതാള്‍. ആ ഹരിതസുന്ദര നാട്ടിലൊരു കാറ്റടിച്ചാല്‍ കരണ്ടു പോവും മഴ പെയ്താ ഫോണും
പത്രത്തില്‍ വാര്‍ത്തയൊണ്ട് സര്‍
എന്തു വാര്‍ത്ത?
സര്ക്കാരു കമ്പനി പാവപ്പെട്ടവരെ പുശ്ചിക്കുന്നെന്ന്..
ഡാ സോമ്പേരി നീ ഇതു കണ്ടോ?
യുവര്‍ ബ്രാന്റ് അഡിക്ഷന്‍, ബ്ലാക്ക് ബറി..
അതല്ലടേ.. ഒരു ഡാറ്റാ പ്ലാന്‍ ഇന്ത്യന്‍ രൂപ അഞ്ഞൂറു തത്തുല്യത്തിനു ചാര്‍ജ്ജു ചെയ്തത് കസിന്‍ പിള്ളേരു ഫോട്ടോയിട്ടു കളിച്ച് ആറേഴു ഗുണിതം ചിലവാക്കിയപ്പഴാണ് സത്യം മനസ്സിലായത്.. ഡാറ്റാ പ്ലാന്‍ അരൂപിയും അശരീരിയുമാണ്. കണക്ഷന്‍‌ തുറന്നു വെച്ചാല്‍ നിമിഷ നേരം കൊണ്ടാവിയാവുന്ന പെട്രോളും..
എന്നിട്ട്..
നാട്ടില് സര്‍ക്കാരു കണക്ഷനിലെ ഡാറ്റ പ്ലാനോര്‍ത്ത് നെഞ്ചത്തടിച്ചു പോയി. അവന്മാരു ഭാഗ്യവാന്മാര്‍.. ഡാറ്റാ രാജ്യം അവര്‍ക്കുള്ളതാകുന്നു..
അപ്പം നാട്ടിലെ ഫോണ്‍?
ഓരോ പര്‍ച്ചേസിലും നൂരു മുട്ടുന്യായങ്ങള്‍, കുന്തം കുടച്ചക്രമൊക്കെ കടന്നാലും ദേ ഹാവ് ദി ബെസ്റ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍..പക്ഷെ
എന്തുവാ പക്ഷെ..
സിവില്‍സെര്‍വന്റാവന്‍ പരീക്ഷെഴുതി പാസ്സായി ജോലി കിട്ടിയാല്‍ നാട്ടാരു സെര്‍വന്റും അവന്മാരു ബോസ്സും..
യൂ മീന്‍ ഉദ്യോഗദുഷ്പ്രഭം?
അതുമട്രുമല്ലെടേ തൊലൈപേശിസമാചാരം..
പിന്നെ?
പ്രൈവറ്റ് ബസ്സുകാര് സര്‍ക്കാരു സാറുന്മാരെ ഗൗനിക്കുന്ന പോലാണ്, കാണേണ്ട പോലെ കണ്ടാല്‍ റൂട്ടില്‍ ബദലോടുന്ന ശകടാസുരന്‍ കട്ടപ്പുറത്തിരിക്കും.. 
 അപ്പം..
മഴ പെയ്യാതേം ഫോണ്‍ കേടാവും.. ഡാ
യെസ്സര്‍
നീയെന്റെ മര്‍മ്മപ്രദേശത്തു നിന്ന് കണ്ണെട്.നോം ഹോമോ സാപിയന്‍സ് മുഴുവനുമുണ്ട്..
ങ്ങേ..
എന്നിട്ടു സ്ഥലം കാലിയാക്ക്, കുളിക്കാന്‍ നേരത്തവന്റെയൊരു തൊലൈപേശി സമാചാരം.
Read more »

പനി

സര്‍..
സര്‍..
വിക്രം സാര്‍..
എന്തിനാണു പിശാശേ നീ തൊള്ളകീറുന്നത്.. പനി പിടിച്ചിരിക്കുമ്പോ തൊള്ള കീറിയാ സുവറേ. നെന്റെ മരക്കൊമ്പെനിക്കറിയാം. നീ മരക്കമ്പോലേക്ക് കെട്ടിയെടുക്കുന്ന സ്കൂട്ടറും, മദ്യപിച്ച് സ്കൂട്ടറേ വരുന്ന സമയവും.  കേറ്റിക്കളയും കുള്ളേ..
അതൊരു രണ്ടു മിനിട്ടു നിര്‍ത്തിയാരുന്നേ..
ഏത്?
സര്‍ വിക്രം ഇപ്പം പ്രവര്‍ത്തിപ്പിക്കുന്ന ചീത്ത വിളിക്കുന്ന യന്ത്രം..
ഹും നീ കാര്യം പറ..
ഡോക്ടറേക്കാണാന്‍ പോയില്ലേ?
പോയി. ആശുപത്രീ വെണ്ടയ്ക്കാ അക്ഷരത്തിലെഴുതി വെച്ചേക്കുന്നു. ഈ സമയത്ത് പനിം ചുമയുമൊക്കെ സാധാരണമാണ്. ഒരാഴ്ചയില്‍ കൂടുതല്‍‍ നീണ്ടു നിന്നാല്‍ തിരിച്ചു വാന്ന്..
ഹയ്യോ.. എന്നിട്ട്...
നമ്മടെ നാട്ടു മരുന്ന്, ബ്രാണ്ടിക്കകത്തു കുരുമുളകിട്ടു രണ്ടു തനിപ്പിടി. കിടക്കാന്‍ നേരം ഓവര്‍ ദി കൗണ്ടര്‍ കിട്ടുന്ന ഗുളിക ഒന്നും.
ഹല്ല.
എന്തോന്ന് ഹല്ല..
നാട്ടിലാരുന്നേലെന്നാലോചിക്കുവാരുന്നു..
ഡോക്ടറെക്കാണാന്‍ പോവും. മൂന്നു ദിവസം പുതച്ചു കിടന്നാ മാറുന്ന അസുഖത്തിനു മൂന്നക്കം ഫീ കൊടുക്കും. മൂന്നക്കം ലാബിക്കൊടുക്കും. മൂന്നു നാലക്കത്തിനു മരുന്നും വാങ്ങിക്കും. മരുന്നു കഴിച്ചാലും മരുന്നു കഴിച്ചില്ലേലും മൂന്നാം ദിവസം പഴേ പടിയാവും.
അപ്പോ
സ്ത്രീധനത്തെ ഷെയറെന്നു വിളിക്കുന്ന ചേലുക്ക്  മരുന്നെഴുതുന്ന ഡോക്ടറു കോണ്‍ഫറന്‍സിനു പോവും...
അപ്പോ പനി അവിടേം ഇവിടേം?
ഡാ പനിയല്ല, മൂല്യബോധമാണ് പ്രശ്നം... ദേ വേ ഒണ്‍ സീ അദര്‍.. മനുഷ്യന്റെ അവകാശങ്ങളും...അതിനോടുള്ള ബഹുമാനവും..മറ്റുള്ളവനെ കാണുന്നതു മാത്രമല്ല, സ്വയം കാണുന്നതും, നാട്ടില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പോവുന്നത് നാണക്കേട്..വിശ്വാസങ്ങളുടെ ഭയത്തിന്റെയെല്ലാം പ്രശ്നം... അതോണ്ട് കാശും മുടക്കി വേണ്ടാത്ത മരുന്നും കഴിച്ച്, ഇല്ലാത്ത കോംപ്ലിക്കേഷനുമുണ്ടാക്കി അധമബോധത്തിന്റെ ഗതികേടനുഭവിക്കുന്നു.
അപ്പോ ദ്രവ്യമോഹം?
വൈദ്യനായി പണിയെടുക്കുന്നവനെല്ലാം മാന്യമായി ചുള വാങ്ങിപ്പോക്കറ്റിലിട്ടോണമെന്ന് കുലഗുരും. ഇവിടെ സര്‍ക്കാരു കൊടുക്കും. നാട്ടിലു നാട്ടുകാരെ പിഴിയണം..
അപ്പോ നാട്ടുകാരുടെ ആരോഗ്യം?
ഡാ പനി പോലാ ചില ചോദ്യങ്ങളും.. ചൊറിഞ്ഞു വെറുപ്പിച്ചു കളയും. ഇന്നേക്കിതു പോതും സ്ഥലം കാലിയാക്ക്.
സര്‍..
പറയ്..
ഒരു ബ്ലാങ്കറ്റു തരുവോ? മരക്കൊമ്പേ തണുപ്പു തുടങ്ങി..  പിന്നെ ഒരു സംശയം കൂടെ.. വിക്രം സാറിനു മുന്‍കോപം കലശലാണോ?
നെന്റെ തന്തവേതാളത്തിനാടാ മുന്‍കോപം...ഓട്രാ ഇനി ഈ എരിയേക്കണ്ടു പോവല്ല്


(ആത്മന്‍ -  പനിപിടിച്ചിരിക്കുമ്പോ ഒരു വേതാളത്തെയാണേലും തന്തയ്ക്കു വിളിച്ചപ്പം ഒരു സുഖം
ഉപബോധന്‍ - ജെന്റില്‍മാന്‍ഷിപ്പിനു ചേരാത്ത ആ വചനം ഞാന്‍ കേട്ടു. തറലി ഡിസ്ഗസ്റ്റിങ്ങ്)


Read more »

Wednesday, July 9, 2014

സമരം

ഇല്ലയില്ല മരിക്കുന്നില്ല. രക്തസാക്ഷി മരിക്കുന്നില്ല...
എന്തോന്ന് നെനക്ക് വിപ്ലവബാധ കൂടിയോ?
അല്ല സര്‍ വിക്രം.. കുട്ടിസഖാക്കന്‍മാരു പഠിപ്പു മുടക്കി സമരം നിര്‍ത്താന്‍ പോണു പോലും.
കബ്, കൈസേ? അഗ്നിക്കു തണുുപ്പോ ആറ്റംബോംബിലുറുമ്പരിക്കുമോ?
ഇന്നലത്തെ വാര്‍ത്തയാണ് വിക്രം സാര്‍
ഡാ നെനക്ക് സമരമെന്താന്നറിയോ?
ഇല്ല
സമരം പ്രതികരണവും പ്രതിഷേധവും തിരുത്തലുമാണ്. കര്‍ത്താവ് ദൈവം തമ്പുരാന്റെ കാര്യം പറഞ്ഞതുപോലെയാണ് സമരത്തിന്റെ കാര്യോം. ദേശത്തിനും കാലത്തിനും സമരം ചെയ്യുന്നവര്‍ക്കും അനുസരിച്ചു രൂപം മാറുന്ന ഒന്ന്.
അപ്പോ സഖാക്കള്?
ഡാ, സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസം മിക്കവാറും സര്‍ക്കാര്‍ മേഖലയിലാരുന്നു. നാമമാത്രമായ സ്വകാര്യമേഖലയും ലാഭോന്മുഖമല്ലായിരുന്നു. തെറ്റായ തീരുമാനങ്ങളും നയങ്ങളുമൊക്കെ വന്നപ്പോള്‍ പിള്ളേരുടക്കി. തിളച്ചു മറിഞ്ഞു. ഏറ്റവും ക്ഷുഭിതമായ കാമ്പസുകളുണ്ടായി. തിളയ്ക്കുന്ന കൗമാരങ്ങളും.
അപ്പം ഇപ്പം..
ആ പ്പ വെച്ച റൈമിങ്ങു സുഖിച്ചു. കാലം മാറിയപ്പോള്‍ സ്വാശ്രയം വന്നു. പരമ്പരാഗതത്തില്‍ സ്വപ്നം പോലും കാണാതിരുന്ന കോഴ്സുകളു വന്നു. പഠനരീതിയും സൗകര്യങ്ങളും മാറി. സര്‍ക്കാരു കോളേജില്‍ മഴക്കാലത്ത് ഓടു മാറ്റിയിടാനും പെമ്പിള്ളേര്‍ക്കു മൂത്രമൊഴിക്കാന്‍ യൂറിനലിനും പഠിപ്പിക്കാന്‍ വാധ്യാര്‍മാര്‍ക്കും വരെ സമരം നടത്തേണ്ട ഗതികേടു മാറി പഞ്ചനക്ഷത്ര കോളേജുകളു വന്നു. സര്‍ക്കാരു കോളേജില്‍ നക്കാപിച്ച ഫീസു കൊടുത്തു പഠിക്കുന്നതിനു പകരം ചൊളയെറിഞ്ഞ് കോര്‍പ്പറേറ്റ് കോളേജില്‍ പഠിക്കാന്‍ തുടങ്ങി. കോര്‍പ്പറേറ്റ് കോളേജിലെന്തിനു സമരം, സമരം ചെയ്താല്‍ കൊടുത്ത കാശു നഷ്ടം.   നീ സമരം കണ്ടിട്ടൊണ്ടോടേ വേതാള്‍?
ഒണ്ട്. കുറെ പിള്ളേരു മുദ്രാവാക്യം വിളിച്ച്..
ഡാ പണ്ട് പ്രതിഷേധിക്കണേ മുദ്രാവാക്യം വിളിക്കണം, പ്രകടനം നടത്തണം, ധര്‍ണ്ണ നടത്തണം. കല്ലെറിയണം. ഇപ്പോ ഫോണുണ്ട്, എസ്എംഎസ്സുണ്ട്. ഫേസ്ബുക്കുണ്ട്,  സോഷ്യല്‍ മീഡിയയുണ്ട്.. കാലം മാറി. ചുമരെഴുത്തുകളു പോലും മാറി. പകരം ഫ്ലക്സും പ്രിന്റും വന്നു. അപ്പോ സമരവും മാറും, മാറണം.
മാറുമോ?
സമരം മാറൂല്ലെടേ.. രീതികളു മാറും.  പ്രതിഷേധവും നിരാസവും പ്രതികരണവുമെല്ലാം ഒരു കൗമാര യൗവ്വന പ്രതിഭാസമാണ്. ആ വംശം കുറ്റിയറ്റു പോവൂല്ല്. ആ കൊലേലൊന്നേലും എപ്പഴും കാണും. ഒരു കുരിപ്പ്..‌ഒരു പൊടിപ്പ്.
.Read more »

Monday, July 7, 2014

ദാരിദ്ര്യരേഖ

സര്‍, സര്‌‍ എണീക്ക് സര്‍..
എതുക്കെടാ സോമ്പേരി ഇന്ത അളവുക്ക് കത്തത്?
രേഖ താന്ന് സര്‌
ഏതുരേഖയാണുറക്കം കളയാന്‍ വന്ന പിശാശേ..
ദാരിദ്ര്യരേഖ സര്‍, ദാരിദ്ര്യരേഖ.
ക്യോം? കൈസേ? കബ്?
ടൗണിലു നാല്പത്തി ഏഴു രൂപയും നാട്ടിന്‍പുറത്ത് മുപ്പത്തി രണ്ടു രൂപയും ചിലവിടാന്‍ കഴിവുള്ളവര് ദാരിദ്ര്യരേഖയ്ക്കു മുകളിലാണു പോലും.
മരത്തേ തലേം കുത്തി കിടക്കുന്ന നീ എന്താണേലും മുകളില്.. എന്താ ഇപ്പം നെന്റെ പ്രശ്നം?
ഇത്രമമല്ലേ വിക്രം സര്‍?
ഡാ പേപ്പറെട്. പേനയെട്.. ഇനിയെഴുത്. ആദ്യം മെട്രോക്കണക്ക്.  രാവിലെ  ഇഡ്ഡലി രണ്ട് പത്ത് രൂപ.   തൈര്‍ശാദമൊന്ന്  പതിനഞ്ചുരൂപ, രാത്രി ദോശയൊന്ന് പത്തു രൂപ. സംഭവം ടെക്നിക്കലി ശരിയാണെടേ.. ഒരുത്തനു പട്ടിണി കിടക്കാതെ തടി കയിച്ചിലാക്കാം. രാവിലെ തൈരു മുട്ട ചോറ്, ഉച്ചയ്ക്ക് മുട്ട തൈര് ചോറ്, രാത്രി ചോറ് തൈര് മുട്ട പോലെ വിഭവസമൃദ്ധമാണ് മെനുവെങ്കില്‍
സര്‍ അതിനിപ്പം എവിടാ ഈ വിലക്കു ഫുഡ് കിട്ടുന്നത്..
കൊച്ചുകഴുവേര്‍ഡെ മോനെ, വേതാളമേ.. അഷ്ടിക്കു വകയില്ലാത്തവനല്ലേ ക്ലാസ്സിഫൈഡ് റസ്റ്ററന്റില്‍ കയറി ബലം പിടിച്ചിരുന്നു ഫു‍ഡ് കഴിക്കുന്നത്. കയ്യൂന്തിഭവന്‍ കയ്യൂന്തിഭവന്‍ന്നു കേള്‍വി പെട്ടിരുക്കാ? ഗതികേടുകാരന് അന്നം കിട്ടുന്ന സെറ്റപ്പുകളെല്ലാടത്തുമുണ്ടെടേ. വാ കീറിയ തമ്പുരാന്‍ കാണിക്കുന്ന കൃപ.
എന്നാലും സര്‍..
ഡായ്, ഉന്നുടെ പ്രച്നം വന്ത് മെന്റല്‍ ബ്ലോക്ക്.. സീ ദാരിദ്ര്യവും പട്ടിണിയും തമ്മില്‍ വ്യത്യാസമുണ്ട്. രണ്ടും കൂട്ടിക്കുഴയ്ക്കരുത്.
ങ്ങേ..
ദാരിദ്ര്യം എന്നു കേള്‍ക്കുമ്പോള്‍ ഉടനെ പട്ടിണിയില്‍ കൊണ്ടു കെട്ടരുത്. അന്നമല്ലാതെ വേറെയും കാര്യങ്ങളുണ്ട്. പാര്‍പ്പിടം, വസ്ത്രം, ചികിത്സ. നാല്പ്പതു രൂപക്കാരനൊരു നഗരത്തിലെവിടെ താമസിക്കും, അവനെന്തുടുക്കും? എവിടെ കുളിക്കും....
അപ്പോ..
ബോത്ത് ആര്‍ ടെക്നിക്കലി അന്‍ഡ് പ്രാക്ടിക്കലി ഡിഫറന്റ്..
അപ്പുറം എതുക്കിത്?
തെരിയാതെടേ. തെരിയാത്. മേ ബീ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ്. ദാരിദ്ര്യരേഖയുടെ ഉത്തരം പൊളിച്ചു പുറത്തു പോകുന്നവരുടെ എണ്ണം കൂട്ടാനുള്ള പരിപാടി
അപ്പടിയാ..
ഡാ നിയമം മൂലം പട്ടിണി മരണം നിരോധിച്ച രാജ്യമാണ് നമ്മളുടേത്. യൂ നോ ദാറ്റ്? ഇന്നത്തെ സേവ പോതും, മരത്തേതൂങ്ങിക്കിടന്ന കൈ സോപ്പിട്ടു വൃത്തിയായി കഴുകിയിട്ട് നീ ലോ ലാ  കെറ്റീലേന്നിച്ചിരി വെള്ളമെടുത്ത് ഇച്ചിരി ഇഞ്ചീം ചതച്ച് ലോ ആ ഭരണീന്നൊരു ടീബാഗുമിട്ട് തന്നേച്ച് സ്ഥലം കാലിയാക്ക്..

Read more »

Sunday, July 6, 2014

പത്രവൃത്താന്തം

ഗു‍ഡ്മോണിങ്ങ് സര്‍..
ഞായറവസാനിച്ച് തുടങ്ങുന്ന തിങ്കളു ഗുഡാന്നു നിന്നോടാരു പറഞ്ഞു?
അതിപ്പം ഏതു ദിവസോം രാവിലെ ഗുഡ് മോണിങ്ങല്ലേ?
ഡാ അതു സായിപ്പിന്റെ ഒരു കൊതി. എല്ലാ ദിവസോം നല്ല ദിവസമാവണമെന്ന്. ഇച്ചിരി ഔപചാരികത കൂടെ ചാലിച്ചപ്പോ അതാചാരമായി. ഇന്നെന്തോന്ന് നെന്റെ പ്രശ്നം..
അതിപ്പോ പത്രം വായിച്ചന്തോം കുന്തോം വിട്ടു നില്ക്കുന്നു..
ഒരേ സമയം?
ആമാം.
ഹേതു?
തലക്കെട്ടുകളു വായിച്ചാ രോമാഞ്ചം വരും. ഉള്ളടക്കം വായിച്ചാല്‍ കണ്ണു നിറയും
പത്രത്തിലോ?
ആമാം സര്‍ വിക്രം. നിജം. ഉണ്മ..
വാര്‍ത്ത യാഥാര്‍ത്ഥ്യോം സാഹിത്യം ഭാവനേമാണ്. പരമാവധി വേണേല്‍ യാഥാര്‍ത്ഥ്യത്തെ വ്യാഖ്യാനിച്ചു വളയ്ക്കാം.
അതെപ്പടി സര്‍?
നെന്റെ കൈയ്യിലെന്ത്?
ആപ്പിള്..
ഡോക്ടറെ അകറ്റി നിര്‍ത്താനുള്ള കുറുക്കു വഴി അല്ലെടേ.  ആപ്പിള്‍ തിന്നെന്ന് വാക്യത്തില്‍ പ്രയോഗിക്ക്..
സര്‍ വിക്രം ആപ്പിള്‍ തിന്നു..
പത്രഭാഷേ പറയെടേ..
തെരിയാത് സര്‍ തെരിയാത്
വിശന്നു വലഞ്ഞ ആയിരങ്ങള്‍ വെയിലത്തു വലയുമ്പോള്‍ വിക്രം സ്വന്തം മുറിയുടെ തണുപ്പില്‍ ആപ്പിള്‍ തിന്നു. പുറത്തെ പൊരിവെയിലിലും വേതാളത്തിന്റെ മുറിയില്‍ ആപ്പിള്‍ കൂടകള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. .ഇതൊരുദാഹരണം
ങ്ങേ, എപ്പം?
കാരുണ്യക്കൂട്ടായ്മയിലെ  രോഗികളോടൊപ്പം സമയം ചിലവിട്ട വിക്രം അവര്‍ സമ്മാനിച്ച  ആപ്പിള്‍ തിന്ന് സ്വന്തം വീട്ടില്‍ ഓര്‍മ്മകള്‍ അയവിറക്കി..വേതാളത്തിന്റെ മുറിയെ അലങ്കരിക്കുന്നത് സ്നേഹസ്പര്‍ശമുള്ള ആപ്പിളുകളുടെ കൂടകളാണ്.

ങ്ങേ..
വായടയ്ക്കെടേ, ഇനീം വേണോ?
വേണ്ട സര്‍ പോതും.. എതുക്കിപ്പടി?
വാര്‍ത്ത വേണേ വ്യാഖ്യാനിക്കാം. വളച്ചൊടിക്കാം. അതൊക്കെ ചെയ്യാനാണ് ദൈവംതമ്പുരാനേകപുരുഷനെ ഉണ്ടാക്കിയ കാലം മുതല് സംഭവങ്ങളുണ്ടാവുന്നത്.
ങ്ങേ?
ജനത്തെ ബാധിക്കുന്ന അല്ലെങ്കില്‍ ജനത്തിനു താല്പര്യമുള്ള കാര്യങ്ങള്‍ വാര്‍ത്തയാവും..
അപ്പോ ഡിക്ടന്‍, പൈങ്കിളി?
ഡാ അതും ജനത്തിനു താല്പര്യമുള്ള കാര്യം. മിനിമം  ഭാവനയുള്ളവനേ ഇക്കിളിയും വരൂ..ഇക്കിളി വാര്‍ത്തയാവില്ല, വാര്‍ത്തയിക്കിളീം.
ങ്ങേ..
വെള്ളം പോലാടേ അക്ഷരം തെളിയുന്ന കടലാസും. തെളിയുന്ന അക്ഷരത്തിനനുസരിച്ച് കാറ്റഗറി മാറും. മറിയും. പൈങ്കിളി, ഇക്കിളിയാവും, ഇന്റലക്ച്വലും
ഹും..
ആപ്പിളു തൊണ്ടേക്കുരുങ്ങിയ വേതാളം അത്യാസന്നനിലയിലെന്ന് എന്നെ കൊണ്ടെഴുതിക്കാതെ മെല്ലെ തിന്ന്. പോയിച്ചിരി വെള്ളോം കുടി.
നീങ്ക പെരിവര്‍ സര്‍..
പിന്നേ...
ശൊല്ല് സര്‍..
വെള്ളോം കുടിച്ചേച്ച് നേരെ അതു വഴി നട നട...

 

Read more »

റൊമാന്റിക്

ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും.
എന്തോന്നെടേ വേതാള്‌‍ രാവിലെ നീയും റൊമാന്റിക്ക്?
ആമാം സര്‍
ഏതു റൊമാന്റിക്ക്? നസീര്‍ മോഡല്‍ വിന്റേജ്? ആധുനികം? ഉത്തരാധുനികം? ന്യൂ ജനറേഷന്‍?
സര്‍.. ഇതുണ്‌‍മയാ നിജമാ റൊമാന്റിക്.
ഡാ തലേം കുത്തിക്കിടന്നാലും നെനക്ക് ബുദ്ധി വളരൂല്ലെടേ?
ക്യോം സര്‍ വിക്രം?
റൊമാന്റിക്ക് ഒരു ഞരമ്പുരോഗമാണ് വേതാള്‍. പരസ്പരം കാണുമ്പോഴോ കാണാത്തപ്പോഴോ വര്‍ക്ക് ചെയ്യുന്ന ഒരു സ്ട്രേഞ്ച് കെമിസ്ട്രി. മാനസിക രോഗം റൊമാന്റിക്കാണോടേ
സര്‍ ഡോണ്ട് ബീ ടൂ മെക്കാനിക്കല്‍..
അല്ലെടാ.. അതൊരു വൈകാരികഭൂതാവേശമാണ്. സസ്റ്റെയിന്‍ ചെയ്യുമോ ഇല്ലയോന്നുള്ലത് കയ്യിലിരുപ്പ് പോലിരിക്കും..
അപ്പോ നിരാശാകാമുകര്..
സ്വയം ഓവര്‍ഗ്ലോറിഫൈ ചൈയ്യുന്ന വൈകാരിക തരുണരും തരുണികളും. ആദ്യത്തെ പ്രേമമെന്ന മെന്റല്‍ ബ്ലോക്കില്‍ തടഞ്ഞു നില്ക്കാതെ മൂന്നോ നാലോ പ്രേമിച്ചാല്‍ തീരാനുള്ള അസുഖമേയുള്ള പ്രേമനൈരാശ്യം.
ങ്ങേ..
ഡാ, യൂ നീഡ് കംപാരിസണ്സ് ടു ഡിറൈവ് ഇന്‍ ഫാക്ട്സ്..
അപ്പോ ലൗ മാര്യേജ്..
ആദ്യം വൈകാരിക ഭൂതാവേശം, പിന്നെ വ്യക്തിപ്പൊരുത്തം, അതും കഴിഞ്ഞ് വിശ്വാസം, അടുപ്പും, ഇഷ്ടം, സ്നേഹം, കരുതല്..ആടുമുതലാടലോടകം വരെ ഇന്‍വോള്‍വ്മെന്റ്...നൂറ്റൊന്നാവര്‍ത്തിക്കുന്ന ഇമോഷണല്‍ ക്ഷീരബലകള്‍
അപ്പം റൊമാന്റിക്..
ന്യൂസ് പ്രിന്റ് വേസ്റ്റാക്കാനുള്ള ഓരോ വഴികള്..
ങ്ങേ..
വാ അടയ്ക്കടാ. ഡാ വായടയ്ക്കാന്‍.. ഇപ്പോ എന്താ നിന്റെ പ്രശ്നം? പ്രേമിക്കണം, റൈറ്റ്?
ആം പോയി പ്രേമീര്...
ങ്ങേ..
ഡാ കൊച്ചുകഴുവേറി. ഉള്ളി തൊലിക്കുമ്പോ അവസാനം ശൂന്യതയാന്നു വിചാരിച്ചാരും ഉള്ളി തൊലിക്കാതിരിക്കുവോ? ബീഫ് ഫ്രൈക്കകത്തും ഓംലെറ്റിനകത്തും ഇടാതെയും..
അക്രമമായി പോയി സര്‍.. ഞാനന്തരിച്ചു..
ഒരു ബ്ലാക്ക് ആ‍ന്ഡ് വൈറ്റ് ഫോട്ടോയിവിടെ വെച്ചേച്ച് സ്ഥലം കാലിയാക്ക്. ചരമക്കുറിപ്പ് ഞാന്‍ കൊടുത്തോളാം..

 

Read more »

Saturday, July 5, 2014

ഫുട്ബോള്‍

ഗുഡ് മോണിങ്ങ് സര്‍..
ടീ സാപ്പിടുതാ വേതാള്‍?
പഞ്ചാരയിടാതെ ഇഞ്ചിചേര്‍ത്ത കഷായമല്ലേ? എനിക്കു വേണ്ട..
എന്തോന്നെടേ നെന്റെ മുഖത്തൊരു ക്ഷീണം.
അതു വന്ത് സര്‍..
എന്നാച്ച് ശൊല്‍...
ലോകകപ്പ് കണ്ടേച്ചു മരത്തേക്കേറിത്തൂങ്ങുമ്പോ നേരം വെളുക്കും സര്‍ വിക്രം. പോരാത്തതിനു കാക്കക്കഴുവേറികളപ്പഴത്തേക്കും പാട്ടുകച്ചേരീം തുടങ്ങും.. അവരുടെ സുപ്രഭാതം.
ഉനക്കും വേള്‍ഡ് കപ്പാ?
ആമാം സര്‍..സര്‍ ഒരു സന്ദേഹം.
ശൊല്ല്...
ലോകകപ്പിലു ഇന്ത്യയില്ലാഞ്ഞിട്ടും ജനം എന്തോന്നിനിങ്ങനെ ഉറക്കമിളയ്ക്കുന്നു?
എല്ലാരും നെല്ലൊണങ്ങുമ്പോ കുരങ്ങന്‍ വാലൊണങ്ങുന്നു ലൈനാന്നോടേ വേതാള്‍?
ആമാം..
കളികളു പൊതുവേ ഒരു ലോകവികാരമാണ്. പ്ലാറ്റോണിക്. അതിനു ജാതീം മതോം ദേശോം ഒന്നുമില്ല. ജസ്റ്റ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്. ആ സ്പിരിറ്റൊള്ളവര്‍ക്ക് നല്ല കളി കളിക്കുന്നവര് സ്വന്തം ടീം. കടുത്ത ടീം ഭക്തനും എതിര്‍ഭാഗത്ത് നല്ല കളി കാണുമ്പോ ഒന്നു ചാഞ്ചാടും. തൊണ്ണൂറു മിനിട്ടവന്‍ ക്ഷുദ്രതേം അല്പത്തോമൊക്കെ താഴ്ത്തിവെക്കും.
അപ്പോ ഈ ഫാന്‍സ്?
തിരുട്ട് വേതാള്‍. രണ്ടു ടീമു മുട്ടുന്നതല്ലടേ കളി. ആ മുട്ടിന്റെ പുറംമുട്ട്...
അപ്പോ...
അതിന്റോളം. അല്ലാണ്ടെ പിന്നെ സ്കൂളസംബ്ലിയില്‍ നില്ക്കുന്നതു പോലെ ഫുട്ബോളു കളി കാണാനൊക്കുവേടേ....
അപ്പം..
ഇന്നാ വാക്കിന്റെ ക്വോട്ട കഴിഞ്ഞു. നിന്റേം. നാലു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന സുന്ദരമനോഹര മാമാങ്കം കണ്ടര്‍മ്മാദിക്ക്.ആഘോഷിക്ക്... ഇപ്പം നീ ചല്‍, നിന്റെ മരത്തേ വെയിലാരിക്കും. സോ ഇന്നലത്തെ ഉറക്കം ബാക്കിയൊള്ളത് ലോ ആ ഫാനേ തൂങ്ങിത്തീര്‍ക്ക്..
അപ്പോ വിക്രം സാര്‍..
ഡാ കാട്ടുകഴുവേറീ.. തലതിരിഞ്ഞവനേ..
ജ്ഞാനികള്‍ക്കുറക്കമില്ല. അവങ്ക തൂങ്കമാട്ടേ. അറ്റ് ലീസ്റ്റ് പകല്‍

 

Read more »

Friday, July 4, 2014

കിംവദന്തം

ഗുഡ് മോണിങ്ങ് സര്‍..
എന്തോന്നെടേ പൊതിച്ചോറുമായിട്ട്?
നോമ്പായതോണ്ട് ഹോട്ടലൊന്നും തുറക്കൂല്ലാന്നു കിംവദന്തി..
എന്തോ ദന്തി?
കിം...
സ്ഥലമേതെടേ..കേരളത്തില്‍ തന്നെ?
ആമാം..
ആണേലവിടെ ആകെ മൊത്തം ഹോട്ടലുകളെത്ര? അടച്ചിട്ട ഹോട്ടലുകളെത്രെ? തുറന്നിട്ട ഹോട്ടലുകളെത്രെ?
തെരിയാത്..
അതെന്നെടേ അന്ത ഊരില് ഒരു പാര്‍ട്ടിക്കും ലോക്കല്‍‌ കമ്മിറ്റിയില്ലേ? ബൂത്ത് കമ്മിറ്റിയില്ലേ?  നാട്ടുകാരില്ലേ? ദേശാഭിമാനീം വീക്ഷണോം ദീപികേം സ്വലേകളില്ലേ? അവര്‍ പക്കം ഡാറ്റയില്ലേ? 
വിശക്കുമ്പോ കണക്കെന്തരിനു സര്‍?
ഒരു സ്ഥലത്തെ മൊത്തം അടച്ചാക്ഷേപിക്കുമ്പോഴവിടേം നാട്ടുകാരുണ്ട്, വിവിധ രാഷ്ട്രീയക്കാരുണ്ട്, മതക്കാരും വിശ്വാസികളുമുണ്ട്.. അവരു വര്‍ഷങ്ങളായി ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്നുണ്ട്. ഇനിയും ജീവിക്കാനുളളതാണ്.  ആക്ഷേപിക്കുമ്പം ആരോപിക്കുമ്പോള്‍ ഡാറ്റ വേണം. തെളിവു വേണം. ഒരു വ്യക്തിയെ ആക്ഷേപിക്കുമ്പോള്‍ പോലും. ഒരു നാടിനെ ആക്ഷേപിക്കുമ്പോള്‍, ജനതയെ ആക്ഷേപിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം വേണം.
അപ്പോ എന്റെ വിശപ്പ്?
നിന്റെ വിശപ്പ് നിന്റെ വിവരക്കേട്. ചെറിയ അഭ്യൂഹങ്ങളും കിംവദന്തികളുമാണ് പലപ്പോഴും വലിയ കലാപങ്ങളാവുന്നതെന്ന് ചരിത്രം. ഇതിനു മുന്‍പും ഇനിയും.
അപ്പോ കഥ? വാര്‍ത്ത..
അടിച്ചു കിണ്ടിയായി നിരത്തിക്കിടന്ന പട്ടിയെ തൊഴിച്ച സ്വലേ അടുത്ത ദിവസം ആദ്യമെഴുതുന്ന വാര്‍ത്തയെന്താരിക്കുമെന്നറിയാവോ?
അപ്പോ..
പൊതിച്ചോറു താഴത്തു വെച്ചിട്ടവിടെങ്ങനാനും അങ്ങാടിക്കടയുണ്ടോന്ന് നോക്ക്..
അതെന്തിനു വിക്ര്?
വകതിരിവങ്ങാടിക്കടേക്കിട്ടൂല്ല. എന്നാലും ട്രൈ യുവര്‍ ലക്ക്.
ങ്ങേ..
നോ ങ്ങേ ങ്ങീ . നാളെ ഇച്ചിരി വകതിരിവു സംഘടിച്ചിട്ടീവഴി വന്നാ മതി.

Read more »

Thursday, July 3, 2014

ചീഞ്ഞളിഞ്ഞ ചിലത്

സര്‍..സര്‍...
ങ്ങും..
ഒന്നെണീക്ക് വിക്രം സര്‍
മിനക്കെടുത്താതെ പിശാശെ
ഫേസ്ബുക്കി തീപിടിക്കുമ്പോ ഹൗ കാന്‍ യൂ സ്ലീപ്?
ഫേസ്ബുക്കിലു തീയ്യോ? പഴേ പാട്ടിലെ പോലത്തെ തീയാരിക്കും. ഘര്‍ഷണം തീരുമ്പോ കെട്ടോളും. നീ പോയി നാളെ വാ..
അല്ല സര്‍..ഉങ്ക ഊരു പശങ്ക വെളയാടത്.
എന്ന വിളയാടല്‍?
പൊലയാട്ട് വെളയാടല്‍..
സങ്കല്പവും അനുമാനവുമൊന്നുമില്ലാതെ കഥ ചുരുക്കി പറ..
ടെന്നീസ് സുന്ദരിക്ക് ക്രിക്കറ്റ് ദൈവത്തെ അറിയില്ല..
സോ വാട്ട്? നമ്മളു ജ്ഞാനികള്‍ക്കു  വിളയന്നൂരിനെ പോലുമറിയില്ല.  മോരിനും മുതിരയ്ക്കുമെന്തര് സംബന്ധം..
അതു നമ്മ ഊരു പശങ്കളുക്ക് പുടിക്കാത്. ദെ അബ്യൂസ്ഡ് ഹെര്‍ പേജ്.
യൂ മീന്‍ വെര്‍ബല്‍ അബ്യൂസ്?
ആം..സാംസ്കാരികാക്രമം.
ക്രൂരമായ വിവരക്കേട്, വീണ്ടു വിചാരമില്ലായ്മ.
ക്യോം? 
ഡാ, മൂന്നാം ലോകത്തൊഴിച്ച് മിക്കവാറും നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണ്. അബ്യൂസിനു, വിര്‍ച്വലായതോ അല്ലാത്തതോ ആയ അബ്യൂസിനു വിധേയനായ വ്യക്തി കേസ് പ്രസ്സ് ചെയ്താല്‍, സ്ഥിതിയെന്താവുന്നറിയാനുള്ള ബോധമില്ലാത്ത പശങ്കള്‍. അബ്യൂസ് മാത്രമല്ല പ്രശ്നം.  മാനസികാഘാതമുണ്ടായെന്നു പറഞ്ഞാല്‍, ഏതെങ്കിലും രീതിയില്‍ ഇറിവേഴ്സബിളായ വൈകാരികമോ അല്ലാത്തതോ ആയ മുറിവുകളോ ശേഷിക്കുറവുകളോ ഉണ്ടായെന്നു തെളിയിച്ചാല്‍...
ങ്ങേ?
വചനം ഫിറ്റ് ചെയ്ത ജനം നല്ലൊരു ശതമാനം ഗള്‍ഫിലായിരിക്കില്ലേ?
ആം..
അല്ലെങ്കില്‍ പിന്നെ ഓണ്‍ലൈനുലകത്തില്‍ കാണുന്നതു പോലെ അമേരിക്കാവില്‍?
ആം..
പ്രസ്സ് ചെയ്താല്‍, അവര്‍ക്കൊരിച്ചിരി മാധ്യമശ്രദ്ധയില്‍ താല്പര്യമുണ്ടെങ്കില്‍, കേട്ട അബ്യൂസൊന്നിനു നാഴിക്കണക്കിനു പൗണ്ടോ ഡോളറോ റിയാലോ എണ്ണി വാങ്ങാം. പ്രവാസത്തിലിരുന്നു ചോര തിളച്ചവരോട് പ്രത്യേകിച്ചും. കൂടുതലെളുപ്പത്തില്‍. കൊള്ളാവുന്ന ജോലിയുണ്ടേല്‍ പിന്നേം എളുപ്പം.  മിഡിലീസ്റ്റാണെങ്കില്‍, യൂറോപ്പാണെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ ഫുഡ് അന്‍ഡ് അക്കോമഡേഷനും കിട്ടും.
അപ്പം വിമര്‍ശനം?
അവരുടെ ഹോംപേജില്‍ വിളിച്ചെന്നു നീ പറയുന്ന ഭാഷയാണോ വിമര്‍ശനം?
അപ്പം നമ്മടെ സംസ്കാരം?
ഡായ് സോമ്പേരി വേതാള്‍.. ഓണ്‍ലൈനിലും ഓഫ്‍ലൈനിലും പത്രത്തിലും വാര്‍ത്തയിലും പരദൂരഷണത്തിലുമെല്ലാം നമ്മള് മലയാളികളു ഭൂഷണമായി കൊണ്ടു നടക്കുന്ന ഒന്നാണീ മനോഭാവം. അതിനു ആണും പെണ്ണും ഭേദമില്ല. ലിംഗവും സ്ഥലവും കാലവുമൊന്നുമില്ല. ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം മാത്രമേയൊള്ള്. ഇല്ലാത്ത ഒന്നിനെക്കുറിച്ച്, സുജനമര്യാദയെക്കുറിച്ച് ചോദിച്ചു മിനക്കെടുത്താതെ നീ പോയി മരത്തേ തൂങ്ങ് വേതാള്‍.. ഇന്നേക്ക് ടൈം ലേറ്റാച്ച്.

Read more »

Wednesday, July 2, 2014

സ്റ്റാന്‍ഡേര്‍ഡ് മദ്യപാനം

ഡാ.. ഇബ്ടെ, ദാ ഇബ്ടെ..
സര്‌‍‍ വിക്രം...
ഇതെന്തോന്ന് കോലം, ടൈയ്യും കോട്ടും കളസോം?
സിംപിളായി വസ്ത്രം ധരിക്കുന്നവരെ താങ്കള്‍ക്കിഷ്ടമല്ലെ? ഡോണ്ട് യൂ ലൈക്?
പ്രകോപനമെന്തടേ തലതിരിഞ്ഞവനേ?
മോന്തിയായി സാര്‍, ഒരു തിരിവെക്കാനടുത്ത ബാറു പിടിക്കുവാണ്..
അതിനാന്നോ ഈ പ്രച്ഛന്ന വേഷം..
ഇപ്പം സ്റ്റാന്‍ഡേര്‍ഡ് ബാറു മാത്രമുളളതോണ്ടൊപ്പിച്ചുപിടിച്ചതാണ് സര്‍..
ഡാ വേതാളമേ, ഇരുട്ടിന്റെ ആത്മാവേ, മരംകേറിക്കഴുവേറീ..
സര്‍..
അവിടെ പോയിട്ട് കാരമെലു കലക്കിയ സ്വദേശ നിര്‍മ്മിത വിദേശ പട്ടയല്ലേ പൂശുന്നത്?
ആമാം...
കയ്യം കണക്കുമില്ലാതെ നാഴിക്കൊരു കിണ്ടിയുടെ ഗുണിതങ്ങളല്ലേ...
ആമാം..
തൊട്ടുനക്കാന്‍ ആസിഡു കലക്കിയ അച്ചാറും ബീഡീമല്ലേ?
ആമാം..

ജനത്തെ കാണാനും വിവരങ്ങളറിയാനും കഥ കേള്‍ക്കാനമാണോ യാത്ര?
അല്ല
വെജിറ്റബിള്‍ ഇഡിയറ്റ്, കുക്കുംബര്‍ ഫൂള്‍, ഇതു ചെലുത്താന്‍ നെനക്കെന്തോന്നിനു സ്റ്റാന്‍ഡേര്‍ഡ്?
ങ്ങേ..
ബീവറേജസ്സി കേറി ഒരു ഹാഫും വാങ്ങി, തലേം കുത്തിക്കിടക്കാന്‍ മരത്തേലേക്കു പോണ വഴി രണ്ടു വാത്തുമുട്ടേം ഇരുപത് രൂപയ്ക്കു മത്തീം വാങ്ങി, സംഭവം പാചകിക്കുമ്പോ തൊട്ടു തൊട്ടു രണ്ടെണ്ണമടി. ദിവസം രണ്ടു പെഗ്ഗിലല്പം കുറവ് നാലു തവണയായി ഒഴിച്ച്...
ധന്യനനായി വിഭോ.. എവിടെ ആ പാദം..
പാദമവിടെ നിക്കട്ടും.  നീ ആദ്യം ആ കോട്ടും സൂട്ടുമൊക്കെ അഴിച്ച്, മസിലൊക്കെ അയച്ച് റിലാക്സ് ചെയ്യ്. ബാറീന്നു കേറിച്ചുറ്റുന്ന പാമ്പിനേം ആ വകയിലെ കത്തീമൊഴിഞ്ഞതാലോചിച്ച് തന്തോഴീര്.
സര്‍ വിക്രം, ഒരു കാര്യം പറഞ്ഞാല്‍ പുകഴ്ത്തുവാന്ന് വിചാരിക്കരുത്..
ങ്ങേ?
സാര്‍ ത്രികാലജ്ഞാനിയാണ്. ത്രികാലജ്ഞാനി, എവിടെ ആ പാദാരവിന്ദങ്ങള്‍‍....
ത്രികാലജ്ഞാനിയല്ലെടേ, ത്രിഗുണജ്ഞാനി. വെള്ളമടിക്കുന്നതിനു മുമ്പേ നീ ഫിറ്റായോ വേതാള്‍.. ഇന്നേക്കിതു പോതും. വൈകിട്ടു രണ്ടു വചനം ഫിറ്റു ചെയ്തെന്നു വിചാരിച്ച് തൊന്തരവും കൊണ്ട് നാളെ പ്രത്യക്ഷപ്പെടരുത്. അന്‍ഡ് നൗ
വേണ്ട, ഞാനസ്തമിച്ചു..


(മദ്യപാനം എപ്പോഴുമെന്ന പോലെ ആരോഗ്യത്തിനു ഹാനികരമായി തുടരുന്നു.)

Read more »

Tuesday, July 1, 2014

ലാഭമോഹിതം

ഗുഡ് മോണിങ്ങ് സര്‍..
സുപ്രഭാതം വേതാള്‍, ക്യാ ക്യാ സമാചാര്‍..
ദുഖാര്‍ത്തനാണ് വിക്രം സര്‍...
ഡാ നീ ആധുനിക മലയാളവിമര്‍ശനം വല്ലോം വായിച്ചോ?
ങ്ങേ, ക്യോം?
നിന്റെ ദുഃഖത്തിലാര്‍ത്തീം ദുരേമൊക്കെ കേറിയേക്കുന്നു. അതു വിട് എന്തര് നെന്റെ ആര്‍ത്തിക്കു ഹേതു?
ഓര്‍ക്കുട്ട് പൂട്ടുന്ന്..
അതുക്ക്?
സാര്‍ ഉങ്കളുക്ക് സെന്റിമെന്റ്സ് കിടയാത്, ഫീലിങ്സ് കിടയാത്, ഹൃദയമേ കിടയാത്..
തലേം കുത്തിക്കിടക്കുന്ന ഇച്ചിരിക്കഴുവേര്‍ടെ മോനേ, ഇരുട്ടില്‍ വെഞ്ചരിക്കുന്നവനേ.. നിമ്മതിയിരുക്കെടാ, നിമ്മതി..ഇല്ലാതെ നീയൊക്കെ നടക്കുന്ന പോലെ ലോഭമോഹക്രോധത്തിലു ചീഞ്ഞളിഞ്ഞ്. അത് വിട് കാര്യം പറ..
ഉങ്കളുക്ക് നിജമാ ഫീലിങ്ങ് ഇല്ലയാ?
എതുക്ക്..
ഓര്‍ക്കുട്ട് പൂട്ടുന്നതിന്?
സിംപിള്‍ മി.വേതാള്‍. ബസ്സു പോലാണ് ജീവിതം ഓരോ സ്റ്റോപ്പിലും കുറെ പേരു കയറും കുറേ പേരിറങ്ങും. ചില ബസ്സു മറിയും ചില ബസ്സു തീപിടിക്കും ചിലത് കൂട്ടിയിടിക്കും. ചിലത് സ്കൂട്ടറേലോ ബൈക്കേലോ ഇടിക്കും...
അപ്പോ ബസ്സും ഓര്‍ക്കുട്ടും..
തലേം കുത്തിക്കിടന്നിട്ടും തലച്ചോറിനകത്ത് ചോരയോട്ടമില്ലാത്തവനെ. കേള്‍... ബസ്സിലാളുകളു കയറുന്നതും പല കാര്യത്തിനു. കണ്ടക്ടരു കയറുന്ന കാര്യത്തിനല്ല ഡ്രൈവറു കയറുന്നത്, കൊറിയറും കൊണ്ടു പോകുന്നവന്‍ കേറുന്നതിനല്ല അങ്ങാടീപോന്നവന്‍ കയറുന്നത്.. കല്യാണത്തിനു പോകുന്നവന്‍ കേറുന്നതും പേറു കാണാന്‍ കേറുന്നവനും ജാക്കി വെക്കാന്‍ കയറുന്നവനും പോക്കറ്റടിക്കാന്‍ കയറുന്നവനുമൊക്കെ...
സര്‍...
ആദ്യം നെന്റെ ദുഖാര്‍ത്ത ഭാഷേ പറഞ്ഞാ പിളര്‍ന്നു വച്ചേക്കുന്ന ആ വക്ത്രം, ഈച്ച സ്വയം നിക്ഷേപിക്കുന്നതിനു മുന്‍പതടയ്ക്ക്. ഇറ്റ്സ് പെര്‍സ്പക്ടീവ് അന്‍ഡ് പര്‍പ്പസ്.. ഈ വന്ന കാലത്ത് നെനക്കെന്തടേ ഓര്‍ക്കുട്ട് പര്‍പ്പസ്? ബേബ്സ്? ഫെയിം?
നോപ്പ്, ഇന്റര്‍നാഷണല്‍ പിച്ചില്‍ പൂണ്ടുവിളയാടുമ്പോ എന്തരിനു?
അതാണ്. ഒരോര്‍ക്കുട്ടു പോയാല്‍, ലാഭമോഹിതവും ലോഭചാലകവുമായ ഈ ലോകത്ത് ഒരു നൂറോര്‍ക്കുട്ട് വരും. പ്രിന്‍സിപ്പിള്‍ ഓഫ് ജോര്‍ജ്ജുകുട്ടി പ്രകാരം. മനുഷ്യന്‍ കാശൊണ്ടാക്കാനുള്ള പുതുവഴികള്‍ നിരന്തരം കണ്ടുപിടിച്ചുകൊണ്ടിരിക്കും.  നീ ഇന്നത്തെ സംപ്രേക്ഷണം നിര്‍ത്തി ലോ ലവള് കാത്തി, അന്നമനടക്കാരീടെ ആനനടേല്‍ ചാടിചാടിപ്പോവുന്നത് കണ്ടാനന്ദിക്ക്.
ങ്ങേ..
ഇന്ന് നിന്റെ തൊന്തരവിനുള്ള സമയം കഴിഞ്ഞ്
എന്നാ..
സ്ഥലം കാലിയാക്ക്. ഈ ഏരിയേ കണ്ടുപോവരുത്, നാളെ ഈ സമയം വരെ..


Read more »