Thursday, June 26, 2014

ഭാഷാന്തരാനന്തരം

എന്തുവാടേ ടീവീല് ഒച്ചേം വിളീം..
അത് സര്‍ വിക്രം..
എന്തോന്നത്, കാര്യം പറ..
ഒരു ചര്‍ച്ചയില്‍ ഒരാള്‍ ഹിന്ദീലേ സംസാരിക്കൂ.  ഇംഗ്ലീഷില്‍ സംസാരിച്ച തമിഴന്‍ തമിഴിലേക്ക് സംസാരം മാറ്റുന്നു. തെലുങ്കന്‍ തെലുങ്കില്‍ സംസാരിച്ചു തുടങ്ങുന്നു.  അതിന്റടിപിടിയും ബഹളവും.
ഡാ വേതാള്‍.. ചാനല്‍ ഇംഗ്ലീഷോ ഹിന്ദിയോ?
ഇംഗ്ലീഷ്. ഇംഗ്ലീഷ് ചാനലില്‍ ഹിന്ദി സംസാരിക്കുന്നതെന്തിനെന്നു തമിഴന്‍, അതു തന്നെ തെലുങ്കനും. ഒരാള്‍ മാത്രം ഹിന്ദിയിലേ സംസാരിക്കൂ. എന്നാ ഞങ്ങളുമെന്നു ബാക്കിയുള്ളവരും.
ഡാ പണ്ടൊരു ഗോപുരമുണ്ടാക്കിയ കഥയറിയോ?
അതെന്തു കഥ സര്‍ വിക്രം?
ദൈവം തമ്പുരാന്‍ ഡിവൈഡ് അന്‍ഡ് റൂള്‍ പ്രയോഗിച്ച കഥയറിയാതാന്നോടേ ബുദ്ധിജീവിക്കു പഠിക്കാന്‍ നടക്കുന്നത്. പോയി ഗുഗിള് ചെയ്യ.
ഹെന്നാലും ഒരു ക്ലൂ..
ഗോപുരം പണിതോണ്ടിരുന്ന ബാബേലുകാരെ ദൈവം തമ്പുരാന്‍ പല മൊഴി പേശുന്നവരാക്കി. അങ്ങോട്ടുമിങ്ങോട്ടും മനസ്സിലാകാതെ വന്നപ്പോള്‍ ജനം അടിച്ചു പിരിഞ്ച്
അതുക്കും ഇതുക്കുമെന്ന സംബന്ധം സര്‍?
ഭാഷ മറ്റൊരു ദേശീയതയാണ് വേതാള്‍. മതം പോലെയും ദൈവം പോലെയും അപ്പനമ്മമാരു പോലെയും ഹൈലി സെന്‍സിറ്റീവ് ഇഷ്യു..
ങ്ങേ..
നാട് വിട്ട് നാടു ചെല്ലുമ്പോ മലയാളം സംസാരിക്കുന്ന ആരേലും കാണുമ്പോള്‍ മാത്രം മനസ്സിലാവുന്ന ഒന്നാണത്. എന്തിനു മലയാളം. തമിഴോ ഹിന്ദിയോ ഒരക്ഷരം മനസ്സിലാവാത്ത തെലുങ്കോ കേള്‍ക്കുമ്പോള്‍ പോലും യൂ ഫീല്‍ ഹോം.
യൂ ആര്‍ സെന്റിമെന്റല്‍‌ ടുഡേ സര്‍.വിക്രം
എഡിറ്റിറ്റ് ടു ലിംഗിറ്റ്വിക്കലി സെന്‍സിറ്റീവ്, യൂ ഇഡിയറ്റ്..
തീവണ്ടി പോലായിപ്പോയി ആ ചെയ്ത്..
ഏത് ചെയ്ത്..
ആദ്യോമവസാനോം അന്ത്യാക്ഷര പ്രാസം..
സംപ്രീതോഹം. ഇനി പാദപൂജ നാളെ പോതും. ബാക്ക് ടു സബ്ജക്ട്.
അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്ന്, യൂ ബീയിങ്ങ് ടോക്കേറ്റീവ്. ആം ഓള്‍ ഇയേഴ്സ്.

ദേവനാഗരി ഒരു ലിപിയാണ്. മറാത്തിയും പഞ്ചാബിയും ഗുജറാത്തിയും നേപ്പാളിയും ബംഗാളിയും ഒറിയയും രാജസ്ഥാനിയും ഗുജറാത്തിയുമടക്കമുള്ള നിരവധി ഇന്തോ ആര്യന്‍ ഭാഷകളുടെ ലിപി. ഇനിയിപ്പോ ഹിന്ദിയാണെങ്കിലും അവാന്തരവിഭാഗങ്ങളേറെ.ഹിന്ദിയും ഒരു വേര്‍തിരിവ് മാത്രമാണ്. ടെക്സ്റ്റ്ബുക്ക് ഹിന്ദി സംസാരിക്കുന്ന സ്ഥലങ്ങളുള്ളതായി അറിയില്ല. എല്ലായിടത്തും പല ഫ്ലേവറുകള്‍. വേണമെങ്കില്‍ ബോളിവുഡ് സിനിമയെ ടെക്സ്റ്റ്ബുക്ക് ഹിന്ദിയായെടുക്കാം.
ബോളിവുഡ്?
യെസ്. ഹിന്ദി പ്രചാര്‍ സഭക്കാരെക്കാള്‍ ഹിന്ദി പ്രചരിപ്പിച്ചിട്ടുണ്ട്, രാജ്  മുതലിങ്ങേയറ്റം രണ്‍ബീര്‍ വരെ കപൂര്‍മാര്‍. ഭാഷ വിപണിയാണ്. വിപണി സാധ്യതയും. ചൈനക്കാരെ ഇംഗ്ലീഷു പഠിപ്പിക്കാന്‍ ഡെല്‍ഹിയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ടീച്ചര്‍മാരെ റിക്രൂട്ട് ചെയ്തിട്ടധികം കാലമായിട്ടില്ല. വൈ?
വൈ?
ചൈനക്കാര്‍ക്ക് വിവരമുണ്ട്, കച്ചവടം നടക്കണമേല്‍ സായിപ്പിനോട്, അവര്‍ക്കു മനസ്സിലാവുന്ന ഭാഷേ സംസാരിക്കണമെന്ന് മനസ്സിലാക്കാനുള്ള  മിനിമം ബുദ്ധി ചൈനക്കാരനുണ്ട്.
സര്, അപ്പോ?
ഭാഷ ലാഭം എളുപ്പത്തിലാക്കും. വരുമാനവും. ഇംഗ്ലീഷില്ലാതെ തമിഴോ ഹിന്ദിയോ മലയാളമോ മാത്രം ബോര്‍ഡുകളുള്ള ഒരു നാട്ടില്‍ മൂന്നാലൊരു നിവൃത്തിയുണ്ടേ ടൂറിസ്റ്റു വരുമോ?
ഇല്ല..
ഇംഗ്ലീഷില്‍ സംസാരിച്ചാ തിരിച്ചു മലയാളത്തില്‍ സംസാരിക്കുന്ന നാട്ടിലും വരൂല്ല. കച്ചവടം നടക്കൂല്ല. അവസരങ്ങള് കിട്ടില്ല. സൈഡ് ലൈന്ഡ് ആവും. പിന്നോക്കം തള്ളും.

അപ്പോ ടിവി സംസാരം?
അടിസ്ഥാനപരമായി സുജന മര്യാദയുടെ പ്രശ്നം. ഭാഷയറിയാത്ത ഒരാളിന്റെ മുന്നില്‍ വെച്ച് പരസ്പരം പോലും സ്വന്തം ഭാഷ സംസാരിക്കാതിരിക്കുന്നത് സുജന മര്യാദ.  ഒരു ഫെഡറല്‍ രാജ്യത്ത് ദേശം മതം പോലെ മറ്റൊരു ദേശീയതയും വൈകാരികതയുമാണ് ഭാഷയും എന്നു തിരിച്ചറിയാത്തതിന്റെ പ്രശ്നം. ഹൈലി സെന്‍സിറ്റീവ്

ഇന്നേക്കിതു പോതും. നൗ ഡിസ്പ്ലേ യുവര്‍ ടാലന്റ് ഇന്‍ ടീ മേക്കിങ്ങ്. അല്ലേ വേണ്ട, മാറി നിക്ക്.  മരത്തേ തലേം കുത്തി എവനും കെടക്കാം. ചായയുണ്ടാക്കണേ കൈപ്പുണ്യം വേണം. കൈപ്പുണ്യം. ചായ കുടിക്കാന്‍ നേരത്ത് വേസ്റ്റ് ഗ്ലാസ്സും കൊണ്ട് വരുന്ന വരെ നിന്നെ ഈ ഏരിയേ കണ്ടു പോവല്ല്.


0 comments:

Post a Comment